ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
കോടതി ഹാളിനകത്ത് അഭിഭാഷകനെ മര്‍ദ്ദിച്ച സംഭവം; പൊലീസിന് വിമര്‍ശനം; കേസ് ക്രൈംബ്രാഞ്ചിന് കൈമാറി
ന്യൂസ് ഡെസ്‌ക്
6 days ago
Monday 11th February 2019 3:05pm

തിരുവനന്തപുരം: കോടതി ഹാളിനകത്തുവെച്ച് അഭിഭാഷകനെ ബാര്‍ അസോസിയേഷന്‍ നേതാക്കള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി.

വഞ്ചിയൂര്‍ കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം വേണ്ട രീതിയില്‍ നടന്നില്ലെന്ന പരാതിയിന്‍മേലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈം ഡിറ്റാച്ച്‌മെന്റ് ബ്യൂറോ( ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച്) ഡി.ജി.പിയാണ് കേസ് കൈമാറിയത്.

കേസ് അന്വേഷിച്ച വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ രൂക്ഷവിമര്‍ശനമാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ കത്തില്‍ എ.ഐ.ജി ഉന്നയിച്ചിരിക്കുന്നത്.

2018 ഒക്ടോബര്‍ 24 നായിരുന്നു കേസിനാസ്പദമായ സംഭവം. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഒന്നാം നമ്പര്‍ ഹാളിനകത്തുവെച്ചും കോടതി അങ്കണത്തില്‍വെച്ചും മുരളീധരനെ ഒരു സംഘം മര്‍ദ്ദിക്കുകയായിരുന്നു.


ഷുക്കൂര്‍ വധക്കേസ്: പി. ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി


സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ്(29-10- 2018) വഞ്ചിയൂര്‍ എസ്.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ മഹ്‌സര്‍ തയ്യാറാക്കിയത് ഒന്നര മാസത്തിന് (12-12-2018 ) ശേഷമായിരുന്നു. പരാതിക്കാരനായ മുരളീധരന് ഗുരുതരമായി പരിക്കേറ്റിട്ടും അന്വേഷണ ഉദ്യോഗസ്ഥന്‍ ഡോക്ടര്‍മാരില്‍ നിന്നും മൊഴിയെടുത്തത് 10-1-2019 ന് മാത്രമാണ്.

രജിസ്റ്റാറുടെ മുറിയില്‍ വെച്ചായിരുന്നു അക്രമം നടന്നത്. എന്നാല്‍ രജിസ്റ്റാറുടേയും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഒന്നാം നമ്പര്‍ ഹാളിനകത്തോ ഉണ്ടായിരുന്ന ആരുടേയും മൊഴിയെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. നിരവധി ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നിട്ടും കുറ്റാരോപിതനായ വ്യക്തിയുടേയും മറ്റൊരു അഭിഭാഷകനേയുമാണ് പൊലീസ് ദൃക്‌സാക്ഷിപ്പട്ടികയില്‍പെടുത്തിയിരിക്കുന്നത്.

കേസിന്റെ പുരോഗതി അറിയാനായി അന്വേഷണ ഉദ്യോഗസ്ഥനെ നിരവധി തവണ സമീപിച്ചെങ്കിലും കേസുമായി പ്രതികള്‍ സഹകരിക്കുന്നില്ലെന്നായിരുന്നു വഞ്ചിയൂര്‍ പൊലീസ് നല്‍കിയ മറുപടി.

കേസ് അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ടുപോയതെന്നും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ വേണ്ട നടപടി കൈക്കൊണ്ടില്ലെന്നും ജില്ലാ പൊലീസ് മേധാവിയ്ക്ക് അയച്ച കത്തില്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് ബ്യൂറോ പറയുന്നു.

കേസില്‍ പ്രതികള്‍ക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പതിനഞ്ച് ദിവസത്തിനം തിരുവനന്തപുരം ഡി.സി.പിയ്ക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

ഡി.സി.പി(അഡ്മിന്‍&ക്രൈം) വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ സി ബ്രാഞ്ച് എ.സി.പിക്കാണ് അന്വേഷണ ചുമതല. 45 ദിവസത്തിനകം കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഒന്നാം നമ്പര്‍ ഹാളിനകത്തുവെച്ചും കോടതി അങ്കണത്തില്‍വെച്ചും മുരളീധരനെ ഒരു സംഘം മര്‍ദ്ദിക്കുകയായിരുന്നു.

സര്‍വീസില്‍ നിന്നും വിരമിച്ചതിനുശേഷം അഭിഭാഷകവൃത്തി ചെയ്യുന്നവരോടുള്ള വിവേചനപരമായ സമീപനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ”തിരുവനന്തപുരം ലോയേഴ്സ് ഫോറം” ഭാരവാഹികള്‍ നിയമവകുപ്പുമന്ത്രി എ.കെ ബാലനും മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നല്‍കിയതും അത് പത്രമാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതിലുമുള്ള അമര്‍ഷമാണ് അക്രമത്തില്‍ കലാശിച്ചത്.

തിരുവനന്തപുരം ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് കെ പി ജയചന്ദ്രന്റെയും സെക്രട്ടറി പാച്ചല്ലൂര്‍ ജയകൃഷ്ണന്റെയും നേതൃത്വത്തിലുള്ള 50 പേരടങ്ങുന്ന സംഘമാണ് അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് മുരളീധരന്‍ പരാതിയില്‍ പറയുന്നത്.

Advertisement