യുവതികളെ തടഞ്ഞതിന് 150 പേര്‍ക്കെതിരെ കേസ്
Sabarimala
യുവതികളെ തടഞ്ഞതിന് 150 പേര്‍ക്കെതിരെ കേസ്
ന്യൂസ് ഡെസ്‌ക്
Monday, 24th December 2018, 2:30 pm

 

പത്തംതിട്ട: ഇന്ന് രാവിലെ ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് 150 പേര്‍ക്കെതിരെ കേസ്. ചന്ദ്രാനന്ദന്‍ റോഡില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയും നടപ്പന്തലില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയുമാണ് കേസ്.

കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയാണ് കേസ്. നടപ്പന്തലില്‍ പ്രതിഷേധിച്ച 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദു, മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗ എന്നിവരാണ് ഇന്നു രാവിലെ ശബരിമല ദര്‍ശനത്തിനായെത്തിയത്. പമ്പയില്‍ ഇവര്‍ക്കെതിരെ യാതൊരു പ്രതിഷേധവുമുണ്ടായിരുന്നില്ല. മരക്കൂട്ടത്തും അപ്പാച്ചിമേട്ടിലും വെച്ചാണ് ഇവര്‍ക്കെതിരെ പ്രതിഷേധം തുടങ്ങിയത്.

Also read:ഉത്തരവാദിത്വപ്പെട്ട പൊലീസുകാര്‍ കാഴ്ച്ചക്കാരായി നില്‍ക്കരുത്; ശബരിമലയിലേക്ക് പോയ സ്ത്രീകളുടെ വീടാക്രമിച്ച ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് വി.എസ്

തുടര്‍ന്ന് പൊലീസ് സുരക്ഷയില്‍ ഇവര്‍ മുന്നോട്ടുനീങ്ങിയെങ്കിലും ചന്ദ്രാനന്ദന്‍ റോഡില്‍ വെച്ച് പ്രതിഷേധവുമായി ചിലര്‍ രംഗത്തുവരികയായിരുന്നു. അതേസമയം തന്നെ നടപ്പന്തലിലും സന്നിധാനത്തും ചിലര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതോടെ യുവതികളെ പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചുകൊണ്ടുവരികയായിരുന്നു.

തുടര്‍ന്ന് യുവതികളെ പൊലീസ് വാഹനത്തില്‍ പമ്പയില്‍ എത്തിച്ച് പിന്നീട് കോട്ടയത്തേക്ക് കൊണ്ടുപോകുകയാണുണ്ടായത്.