കൊല്ലത്ത് കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് ആറു മരണം
kERALA NEWS
കൊല്ലത്ത് കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് ആറു മരണം
ന്യൂസ് ഡെസ്‌ക്
Saturday, 12th January 2019, 7:12 pm

കൊല്ലം: ആയൂരില്‍ എം.സി റോഡില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് ആറു മരണം. തിരുവല്ല കവിയൂര്‍ സ്വദേശികളാണ് മരിച്ചവര്‍. മൂന്ന് സ്ത്രീകളും 2 കുട്ടികളും ഡ്രൈവറുമുള്‍പ്പെടെ 6 പേരാണ് കാറിലുണ്ടായിരുന്നത്.

തിരുവനന്തപുരം കരിക്കരം ചാമുണ്ഡി ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് പത്തനംതിട്ട ഭാഗത്തേക്ക മടങ്ങിയവരുടെ കാറും ഇടുക്കിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചായിരുന്നു അപകടം.

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിര്‍വശത്തുനിന്നും വന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ കാര്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന കാറില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് ആളുകളെ പുറത്തെടുത്തത്.

Also Read:  എന്നോട് ആള്‍ക്കാര്‍ മിണ്ടാതിരിക്കാന്‍ പറയാറുണ്ട്. പക്ഷെ എനിക്ക് പേടിയില്ല: പ്രകാശ് രാജ്

ആറംഗസംഘത്തില്‍ 4 പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലുമാണ് മരണപ്പെട്ടത്. പത്തനംതിട്ട കവിയൂര്‍ സ്വദേശികളായ സ്മിത, ഹര്‍ഷ, മിനി, അഞ്ജന, അഭിനജ് എന്നിവരും ആല സ്വദേശിയായ അരുണുമാണ് മരിച്ചത്.

മിനിയുടെ മൃതദേഹം വെഞ്ഞാറമൂട്ടെ സ്വകാര്യ മെഡിക്കല്‍ കോളേജിലും അഭിനജിന്റെ മൃതദേഹം തിരുവന്തപുരം മെഡിക്കല്‍ കോളേജിലുമാണ് ഉള്ളത്. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലുണ്ട്.

കാറിലുണ്ടായിരുന്ന മറ്റൊരു കുട്ടിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണം സംഭവിച്ചു.ദേശീയപാതയില്‍ ആയൂരിനും ചടയമംഗലത്തിനും ഇടയിലുള്ള കൊടുംവളവ് സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു