അജയ് ദേവ്ഗണ്‍ ആ പരസ്യങ്ങളില്‍ നിന്ന് പിന്‍മാറണം; അര്‍ബുദ രോഗിയായ ഒരു ആരാധകന്റെ അഭ്യര്‍ഥന
Bollywood
അജയ് ദേവ്ഗണ്‍ ആ പരസ്യങ്ങളില്‍ നിന്ന് പിന്‍മാറണം; അര്‍ബുദ രോഗിയായ ഒരു ആരാധകന്റെ അഭ്യര്‍ഥന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th May 2019, 3:07 pm

ബോളിവുഡ് താരം അജയ് ദേവ്ഗണിന് ഒരു ആരാധകന്‍ എഴുതിയ കുറിപ്പ് വൈറലാവുന്നു. അര്‍ബുദ രോഗിയായ ഒരു ആരാധകന്‍ എഴുതിയ അഭ്യര്‍ഥനകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളില്‍ നിന്ന് അജയ് ദേവ്ഗണ്‍ പിന്‍മാറണമെന്നാണ് ആരാധകന്റെ ആവശ്യം.

രാജസ്ഥാനില്‍ നിന്നുള്ള നനക്രം എന്ന ആരാധകനാണ് അജയ് ദേവ്ഗണിനോട് പുകയില പരസ്യങ്ങളില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെടുന്നത്.

അജയ് ദേവ്ഗണിന്റെ കടുത്ത ആരാധകനാണ് തന്റെ അച്ചനെന്ന് നനക്രത്തിന്റെ മകന്‍ ദിനേശ് പറയുന്നു. അജയ് ദേവ്ഗണ്‍ പരസ്യങ്ങളില്‍ പറയുന്ന അതേ ബ്രാന്‍ഡ് പുകയില ഉല്‍പ്പന്നമാണ് അച്ഛന്‍ കുറച്ചുവര്‍ഷം മുമ്പ് ഉപയോഗിച്ചത്.

‘അജയ് ദേവ്ഗണ്‍ അച്ഛനില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. പക്ഷേ, അര്‍ബുദം സ്ഥിരീകരിച്ചപ്പോഴാണ് അച്ഛന് കാര്യം മനസ്സിലായത്. അജയ് ദേവ്ഗണിനെപ്പോലുള്ള വലിയ താരങ്ങള്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ പരസ്യം ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന്’- ദിനേശ് പറയുന്നു.

ആയിരത്തോളം ലഘുലേഖകളാണ് നനക്രയുടെ കുടുംബം ഇതുസംബന്ധിച്ച് വിതരണം ചെയ്തിരിക്കുന്നത്. മദ്യം, സിഗരറ്റ്, മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ആരോഗ്യത്തിന് മോശമാണെന്നും അജയ് ദേവ്ഗണ്‍ അവയുടെ പരസ്യത്തില്‍ അഭിനയിക്കരുതെന്നുമാണ് ലഘുലേഖയില്‍ പറയുന്നത്.