ആ വംശഹത്യയുടെ ഉത്തരവാദിത്തം നമുക്കുമുണ്ട്, മാപ്പ്; 1939ല്‍ ജൂത കുടിയേറ്റക്കാരെ തിരിച്ചയച്ചതിന് മാപ്പുപറഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി
World News
ആ വംശഹത്യയുടെ ഉത്തരവാദിത്തം നമുക്കുമുണ്ട്, മാപ്പ്; 1939ല്‍ ജൂത കുടിയേറ്റക്കാരെ തിരിച്ചയച്ചതിന് മാപ്പുപറഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി
ന്യൂസ് ഡെസ്‌ക്
Thursday, 8th November 2018, 3:05 pm

 

ടൊറന്റോ: 1939ല്‍ ജൂത കുടിയേറ്റക്കാരെ രാജ്യം സ്വീകരിക്കാന്‍ തയ്യാറാവാത്തതിന് മാപ്പു പറഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിസന്‍ ട്രൂഡോ. രണ്ടാം ലോകമഹായുദ്ധത്തിന് ഒരുമാസം മുമ്പ് നാസി ജര്‍മ്മനിയില്‍ നിന്നും പലായനം ചെയ്ത 900 ത്തിലേറെ ജൂത കുടിയേറ്റക്കാരെ വഹിച്ചെത്തിയ കപ്പല്‍ തിരിച്ചയച്ച നടപടിയിലാണ് ട്രൂഡോ ഔപചാരികമായി മാപ്പു പറഞ്ഞത്.

1939 മെയ് 15നാണ് 907 ജൂത കുടിയേറ്റക്കാരുമായി എം.എസ് സെന്റ് ലൂയി എന്ന കപ്പല്‍ ക്യൂബയിലെ ഹവാനയിലേക്ക് തിരിച്ചത്. എന്നാല്‍ അവര്‍ക്ക് അവിടെ പ്രവേശനം നിഷേധിക്കുകയാണുണ്ടായത്. യു.എസ്, കാനഡ തുടങ്ങിയ രാജ്യങ്ങളും അവരെ തള്ളി. അതോടെ കപ്പലിലെ കുടിയേറ്റക്കാര്‍ യൂറോപ്പിലേക്കു തന്നെ തിരിച്ചുപോകാന്‍ നിര്‍ബന്ധിതരാവുകയും തിരിച്ചുപോയ അവരില്‍ 250 പേര്‍ വംശഹത്യയ്ക്ക് ഇരയാവുകയും ചെയ്തു.

“കാനഡയുടെ ആ പ്രതികരണത്തിലെ ദയയില്ലായ്മയ്ക്ക് ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു. ഇതിനുമുമ്പു തന്നെ ഖേദം പ്രകടിപ്പിക്കാത്തതിനും മാപ്പു ചോദിക്കുന്നു.” ഹൗസ് ഓഫ് കോമണ്‍സില്‍ ട്രൂഡോ പറഞ്ഞു.

ഈ നിരപരാധികളായ ഇരകളെ ഹിറ്റ്‌ലറുടെ ഭരണകൂടത്തിലേക്ക് തിരിച്ചയക്കുകയാണ് കനേഡിയന്‍ സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അഭയാര്‍ത്ഥികളോട് അത്തരമൊരു വിദ്വേഷം കാണിച്ച തങ്ങള്‍ക്ക് ആ മരണങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read:“മുസ്‌ലീങ്ങളെ തൃപ്തിപ്പെടുത്താനല്ലേ നിങ്ങള്‍ ടിപ്പു ജയന്തി ആഘോഷിക്കുന്നത്; കര്‍ണാടകയിലെ ടിപ്പു ജയന്തി ആഘോഷത്തിനെതിരെ യെദ്യൂരപ്പ

കാനഡയിലെ വിദ്വേഷ കുറ്റകൃത്യങ്ങളില്‍ 17%വും ജൂതന്മാരെ ലക്ഷ്യമിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ജൂതന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് വാക്കുനല്‍കുകയും ചെയ്തു.

” ജൂതന്മാരോടുള്ള വിവേചനവും അതിക്രമവും കാനഡയിലും ലോകത്തിലെ മറ്റു ഭാഗങ്ങളിലും വലിയ തോതില്‍ വര്‍ധിക്കുകയാണ്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഈ ക്രൂരത അവസാനിച്ചില്ലയെന്നതാണ് ദു:ഖകരം.” എന്നും അദ്ദേഹം പറഞ്ഞു.