'ദല്‍ഹിയില്‍ നിന്ന് ബോസൊന്ന് പറഞ്ഞാല്‍ മതി' കമല്‍നാഥ് സര്‍ക്കാറിനെ അട്ടിമറിക്കുമെന്ന ഭീഷണിയുമായി ബി.ജെ.പി ജനറല്‍ സെക്രട്ടറി
national news
'ദല്‍ഹിയില്‍ നിന്ന് ബോസൊന്ന് പറഞ്ഞാല്‍ മതി' കമല്‍നാഥ് സര്‍ക്കാറിനെ അട്ടിമറിക്കുമെന്ന ഭീഷണിയുമായി ബി.ജെ.പി ജനറല്‍ സെക്രട്ടറി
ന്യൂസ് ഡെസ്‌ക്
Friday, 11th January 2019, 10:13 am

 

ഇന്‍ഡോര്‍: മധ്യപ്രദേശിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബി.ജെ.പിയുടെ കാരുണ്യത്തിലാണ് മുന്നോട്ടുപോകുന്നതെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വാര്‍ഗിയ. ബി.ജെ.പി കേന്ദ്ര നേതൃത്വം ചെറുതായൊന്ന് “തുമ്മിയാല്‍” മധ്യപ്രദേശില്‍ അധികാരം തിരിച്ചുപിടിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

“എന്തു തരം സര്‍ക്കാറാണിത്? ഞങ്ങളുടെ കാരുണ്യത്തിലാണ് ഈ സര്‍ക്കാറിന് മുന്നോട്ടുപോകാന്‍ കഴിയുന്നത്. ബോസ് ഒരു സൂചന നല്‍കിയാല്‍ മതി പിന്നെ…” എന്നായിരുന്നു വിജയ്‌വാര്‍ഗിയയുടെ പരാമര്‍ശം.

കോണ്‍ഗ്രസ് സൃഷ്ടിച്ച മിഥ്യാബോധം കാരണമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചിതറിപ്പോയത്. പക്ഷേ നമ്മള്‍ നിരാശരാവേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

” സംസ്ഥാന ഭരണം നമ്മുടെ കയ്യില്‍ നിന്നും വിട്ടുപോയി. പ്രശ്‌നമില്ല. ഏതു സമയത്തും അത് നമ്മുടെ കയ്യില്‍ വന്നുചേരാം. ദല്‍ഹിയില്‍ നിന്നും ഒരു സൂചന നല്‍കിയാല്‍ മതി, നമ്മുടെ പാര്‍ട്ടി മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കും.” അദ്ദേഹം അഭിപ്രായപ്പെട്ടു.

Also read:എസ്.പിയും ബി.എസ്.പിയും ഉറച്ചുതന്നെ; നാളെ സംയുക്ത വാര്‍ത്തസമ്മേളനം നടത്തുമെന്ന് നേതാക്കള്‍

ബി.ജെ.പി ജനവിധിയെ അവഹേളിക്കുകയാണെന്ന് പ്രസ്താവനയോടു പ്രതികരിച്ചുകൊണ്ട് കോണ്‍ഗ്രസ് പറഞ്ഞു. കമല്‍നാഥ് സര്‍ക്കാറിനെ പുറത്താക്കാന്‍ ബി.ജെ.പി എം.എല്‍.എമാരെ വിലയ്‌ക്കെടുക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി.ജെ.പി കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് 100 കോടി വാഗ്ദാനം ചെയ്‌തെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് രണ്ടുദിവസം മുമ്പ് ആരോപിച്ചിരുന്നു. ആരോപണം തെളിയിക്കാന്‍ ബി.ജെ.പി അദ്ദേഹത്തെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.