| Thursday, 23rd May 2013, 10:39 am

കാണിക്ക എണ്ണലില്‍ കള്ളത്തരം നടക്കില്ല: ഇനി എല്ലാം കാമറയ്ക്ക് മുന്നില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഹരിപ്പാട്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ കാണിക്ക എണ്ണല്‍ പ്രക്രിയ ഇനി കാമറയ്ക്ക് മുന്നില്‍ വെച്ച് നടക്കും. ബോര്‍ഡ് ആസ്ഥാനത്ത് തത്സമയം കാണത്തക്ക വിധമുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

കാണിക്ക എണ്ണുന്നതില്‍ വന്‍ തിരിമറി നടക്കുന്നതായ പരാതിയുടെ പശ്ചാത്തലത്തിലാണ് കാമറ സ്ഥാപിക്കാന്‍ ദേവസ്വം ബോര്‍ഡ് ആലോചിച്ചത്.[]

കാണിക്ക എണ്ണുമ്പോള്‍ ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടാ കണമെന്ന നിര്‍ദ്ദേശവും ബോര്‍ഡ് പുറപ്പെടുവിച്ചു. മുമ്പ് ബോര്‍ഡ് ആസ്ഥാനത്ത് മാത്രമായിരുന്നു വിജിലന്‍സ് യൂണിറ്റുണ്ടായിരുന്നത്. അതിനാല്‍, എല്ലാ ക്ഷേത്രങ്ങളിലും കാണിക്ക എണ്ണുമ്പോള്‍ വിജിലന്‍സ് സാന്നിധ്യം ഉറപ്പാക്കാന്‍ കഴിയില്ലായിരുന്നു.

ശബരിമല ക്ഷേത്രത്തിലെ കാണിക്ക എണ്ണല്‍ കാമറയില്‍ പകര്‍ത്തുന്നുണ്ട്. ഇത് തത്സമയം ബോര്‍ഡ് ആസ്ഥാനത്ത് കാണാം. ഇതേ രീതിയിലാണ് മറ്റ് ക്ഷേത്രങ്ങളിലും കാമറ യൂണിറ്റ് സ്ഥാപിക്കുക.

സംസ്ഥാനത്തെ മഹാക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ 100 അമ്പലങ്ങളില്‍ ഉടനെ കാമറ യൂണിറ്റും ഇന്റര്‍നെറ്റ് കണക്ഷനും ഏര്‍പ്പെടുത്തും. ഇതിന്റെ വിലയിരുത്തലുകള്‍ക്ക് ശേഷം മറ്റ് ക്ഷേത്രങ്ങളിലേക്കും സംവിധാനം വ്യാപിപ്പിക്കും.

ഹരിപ്പാട് ക്ഷേത്രത്തിലെ വാച്ചര്‍ കാണിക്ക എണ്ണുന്നതിനിടെ 10,790 രൂപ മോഷ്ടിച്ച വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഇതോടെയാണ് പദ്ധതി ഉടന്‍ നടപ്പാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്.

ഇപ്പോള്‍ വൈക്കത്തും മാവേലിക്കരയിലും വിജിലന്‍സ് വിഭാഗമുണ്ട്. ഇതിനാല്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കാണിക്ക എണ്ണുന്നത് നിര്‍ബന്ധമായും പരിശോധിക്കണമെന്നാണ് ബോര്‍ഡിന്റെ നിര്‍ദ്ദേശം.

We use cookies to give you the best possible experience. Learn more