പൊലീസ് യൂണിഫോമില്‍ നിരീക്ഷണ ക്യാമറ ഘടിപ്പിക്കും; ഡ്രാഗണ്‍ ഫ്രൂട്ട് വിവാദത്തിന് ശേഷം പുതിയ നീക്കവുമായി ഗുജറാത്ത് മുഖ്യമന്ത്രി
national news
പൊലീസ് യൂണിഫോമില്‍ നിരീക്ഷണ ക്യാമറ ഘടിപ്പിക്കും; ഡ്രാഗണ്‍ ഫ്രൂട്ട് വിവാദത്തിന് ശേഷം പുതിയ നീക്കവുമായി ഗുജറാത്ത് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd January 2021, 9:11 pm

അഹമ്മദാബാദ്: സംസ്ഥാനത്തെ പൊലീസുദ്യോഗസ്ഥരുടെ യൂണിഫോമില്‍ ക്യാമറ ഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിനു മുകളിലുള്ള എല്ലാ പൊലീസുകാരുടെ യൂണിഫോമിലും ക്യാമറ വെയ്ക്കുമെന്നാണ് രൂപാനിയുടെ നിര്‍ദ്ദേശം.

പൊതുജനങ്ങളുമായി പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെടുമ്പോഴുള്ള സ്വഭാവമാറ്റം നിരീക്ഷിക്കാനാണ് ക്യാമറ ഘടിപ്പിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. തുടക്കത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ട്രാഫിക് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കുമാണ് ക്യാമറ ഘടിപ്പിക്കുക. അതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ലൈവ് സ്ട്രീമിംഗ് നടത്തി കണ്‍ട്രോള്‍ റൂമില്‍ ശേഖരിക്കുമെന്നും രൂപാനി പറഞ്ഞു.

‘നിരീക്ഷണ ക്യാമറകള്‍ വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നുണ്ട്. പൊലീസുകാര്‍ പൊതുജനങ്ങളുടെ സംരക്ഷകരാണ്. അവര്‍ നിരപരാധികളെ ഒരിക്കലും മുറിപ്പെടുത്തുകയില്ല’, രൂപാനി പറഞ്ഞു.

നേരത്തെ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് കമലം എന്നാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചും രൂപാനി രംഗത്തെത്തിയിരുന്നു. ഈ തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം.

ജനുവരി 20 നാണ് ഡ്രാഗണ്‍ഫ്രൂട്ടിന്റെ പേര് കമലം എന്നാക്കി മാറ്റുകയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞത്.

ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പുറംഭാഗത്തിന് താമരയോട് സാമ്യമുണ്ടെന്നും അതിനാല്‍ ഈ പഴത്തിന്റെ പേര് താമരയുടെ പര്യായപദമായ കമലം എന്നാക്കി മാറ്റുകയാണെന്നുമായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചത്.

ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിയെ പരിഹസിച്ച് നിരവധി ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു.

ഗുജറാത്ത് സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് കാരവന്‍ മാഗസിന്‍ എഡിറ്റര്‍ വിനോദ് കെ ജോസും രംഗത്തെത്തിയിരുന്നു. പഴങ്ങളുടെ പേര് മാറ്റുക മാത്രമാണ് ഇന്ത്യയിലെ ഹിന്ദുത്വ സര്‍ക്കാര്‍ ചെയ്യുന്നതെന്നും ശരിക്കും നിലപാടുകളെടുക്കേണ്ട സമയം വരുമ്പോള്‍ വാലും ചുരുട്ടി മാളത്തില്‍ ഒളിക്കുകയാണ് ഇവരെന്നും വിനോദ് കെ ജോസ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു വിനോദ് കെ ജോസിന്റെ പ്രതികരണം.

രൂപാനിയുടെ ഈ നിര്‍ദ്ദേശത്തിനെതിരെ കോണ്‍ഗ്രസ് എം.പി ശശി തരൂരും രംഗത്തെത്തിയിരുന്നു. പേരു മാറ്റുന്നതില്‍ യു.പി മുഖ്യമന്ത്രിയും ഗുജറാത്ത് മുഖ്യമന്ത്രിയും തമ്മില്‍ മത്സരമാണോ എന്ന് തരൂര്‍ ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Camera In Police Uniforms Says Vijay Rupani