എഡിറ്റര്‍
എഡിറ്റര്‍
രാഹുല്‍ ഗാന്ധിയെ വിളിക്കൂ, ‘കോണ്‍ഗ്രസ് വിരുദ്ധരെ രക്ഷിക്കൂ’
എഡിറ്റര്‍
Friday 1st March 2013 1:06pm

തോല്‍വിയില്‍ നിന്നും പുതിയ പാഠങ്ങള്‍ പഠിച്ചെന്നും പറഞ്ഞായിരുന്നു പിന്നീട് ‘കുട്ടി’ ഗാന്ധി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഓടിയെത്തിയത്. പരാജയത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തും ഒരു ജനനേതാവെന്ന നിലയില്‍ ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുമുണ്ടെന്ന തിരിച്ചറിവുമുള്ള പുതിയ ഒരാളെയായിരുന്നു അന്ന് നമ്മള്‍ കണ്ടത്.


നസീബ ഹംസ

രാഹുല്‍ ഗാന്ധി രക്ഷകനാണ്, കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുടെ! കേള്‍ക്കുമ്പോള്‍ ചെറിയ കല്ലുകടിയും മുറുമുറുപ്പുമൊക്കെയുണ്ടാവുമെങ്കിലും സംഗതി സത്യമാവാനാണ് സാധ്യത.

അതല്ലെങ്കില്‍ രാഹുല്‍ ഗാന്ധി പ്രചരണത്തിനിറങ്ങുന്നയിടങ്ങളിലെല്ലാം കോണ്‍ഗ്രസ് എട്ട് നിലയില്‍ പൊട്ടുന്നതെന്തേ…

Ads By Google

‘ത്രിപുരയില്‍ നിന്നും മാത്രമല്ല ഈ രാജ്യത്തു നിന്നു തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തുരത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനമായ അജണ്ട’. ത്രിപുര തിരഞ്ഞെടുപ്പ് പ്രചരണവേളയില്‍ രാഹുല്‍ ഗാന്ധിയുടെ ഈ പരാമര്‍ശം മാധ്യമങ്ങളും കോണ്‍ഗ്രസുകാരും കൊട്ടിഘോഷിച്ച് വാര്‍ത്തയാക്കിയതാണ്.

പഞ്ചിമ ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഇടതുപക്ഷത്തെ പുറത്താക്കിയത് പോലെ ത്രിപുരയില്‍ നിന്നും ഇടതുപക്ഷത്തെ തൂത്തെറിയാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നും അന്ന് രാഹുല്‍ ഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഈ പരാമര്‍ശങ്ങള്‍ ചുരുങ്ങിയത് കോണ്‍ഗ്രസുകാരെങ്കിലും മറന്ന് കാണാന്‍ ഇടയില്ല. ഇതാദ്യമായല്ല രാഹുല്‍ ഗാന്ധി ഇങ്ങനെയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതും നാണം കെടുന്നതും.

യു.പിയിലെ നാടടച്ചുള്ള പ്രചരണത്തിന് ശേഷവും കോണ്‍ഗ്രസ് തോറ്റപ്പോള്‍ ശരിക്കും തൊപ്പിയിട്ടത് രാഹുല്‍ ഗാന്ധിയും അദ്ദേഹത്തെ പിന്തുണക്കുന്ന കോണ്‍ഗ്രസ് കരാണവന്മാരുമാണ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചാല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ ഉത്തര്‍പ്രദേശിനെ ഇന്ത്യയിലെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കുമെന്നായിരുന്നു യു.പി തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി പറഞ്ഞത്. എന്നിട്ടും കോണ്‍ഗ്രസ് യു.പിയില്‍ എട്ട് നിലയില്‍ പൊട്ടി.

ഇങ്ങനെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ എവിടെ പ്രചരണത്തിനെത്തുന്നോ അവിടെയൊക്കെ പാര്‍ട്ടി ഗംഭീരമായി പരാജയപ്പെടുന്നതാണ് കുറച്ച് കാലമായി കണ്ടുവരുന്നത്. ഇതൊക്കെ കാണുമ്പോള്‍ ഒരു സംശയം യഥാര്‍ത്ഥില്‍ രാഹുല്‍ ഗാന്ധി ആരുടെ ഐശ്വര്യമാണ്?

കോണ്‍ഗ്രസിന്റേതാവാന്‍ ഒരുതരവുമില്ല. കാരണം കോണ്‍ഗ്രസിന് ഇതുവരെ രാഹുലിനെ കൊണ്ട്  ഒരു ഉപയോഗവുമുണ്ടായിട്ടില്ല. ഉണ്ടായിട്ടുണ്ട്, ഉണ്ടാവും എന്നൊക്കെ ചില നേതാക്കള്‍ പറയുന്നുണ്ടെങ്കിലും അതെന്ത് ഉപയോഗമാണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. ജനങ്ങള്‍ക്കെന്തായാലും രാഹുല്‍ ഗാന്ധിയെ കൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ല എന്നത് പച്ച പരമാര്‍ത്ഥമാണ്.
യു.പിയിലെ നാടടച്ചുള്ള പ്രചരണത്തിന് ശേഷവും കോണ്‍ഗ്രസ് തോറ്റപ്പോള്‍ ശരിക്കും തൊപ്പിയിട്ടത് രാഹുല്‍ ഗാന്ധിയും അദ്ദേഹത്തെ പിന്തുണക്കുന്ന കോണ്‍ഗ്രസ് കരാണവന്മാരുമാണ്. തോല്‍വിക്ക് ശേഷം പിന്നീട് കുറച്ച് ദിവസത്തേക്ക് കക്ഷിയെ പുറത്തൊന്നും കണ്ടുമില്ല.

തോല്‍വിയില്‍ നിന്നും പുതിയ പാഠങ്ങള്‍ പഠിച്ചെന്നും പറഞ്ഞായിരുന്നു പിന്നീട് ‘കുട്ടി’ ഗാന്ധി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഓടിയെത്തിയത്. പരാജയത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തും ഒരു ജനനേതാവെന്ന നിലയില്‍ ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുമുണ്ടെന്ന തിരിച്ചറിവുമുള്ള പുതിയ ഒരാളെയായിരുന്നു അന്ന് നമ്മള്‍ കണ്ടത്.

പിന്നെ എന്തൊക്കെ പുകിലായിരുന്നു, തിരഞ്ഞെടുപ്പില്‍ നേതൃത്വത്തിന് ഏകോപനത്തില്‍ പാളിച്ച പറ്റി, രാഷ്ട്രീയ രംഗം ഉടച്ചുവാര്‍ക്കേണ്ടതുണ്ട്, തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി മൂന്ന് മാസത്തിനുള്ളില്‍ സമഗ്രമായ അഴിച്ചുപണി നടത്തും അങ്ങനെയങ്ങനെ നീണ്ടു പോയി രാഹുലിന്റെ പാഠമുള്‍ക്കൊണ്ടുള്ള തിരിച്ചറിവുകള്‍.

പിന്നീട് രാഹുല്‍ എത്തുന്നത് ഗുജറാത്തിലാണ്. അന്ന് കൂട്ടിന് അമ്മയും ബന്ധുക്കളുമൊക്കെയുണ്ടായിരുന്നു. എന്നിട്ടും അത്ഭുതമൊന്നും സംഭവിച്ചില്ല. ഗുജറാത്തിനെ നരേന്ദ്ര മോഡി മൊത്തമായി വിലക്കെടുത്തതാണെന്ന് ഇപ്പോഴെങ്കിലും മനസ്സിലായിക്കാണുമായിരിക്കും.

അതുകഴിഞ്ഞ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷനായി രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിയില്‍ പ്രമോഷനും കിട്ടി. പിന്നെ രാഹിലിനെ സജീവമായി കാണുന്നത് ത്രിപുരയിലായിരുന്നു.

അവിടേയുമുണ്ടായി കുറേ ബഹളങ്ങള്‍, അതൊക്കെ കേട്ടപ്പോള്‍ കാരണവന്മാര്‍ കരുതിക്കാണും, രാഹുല്‍ മുതിര്‍ന്ന് വലിയ നേതാവായെന്ന്. പക്ഷേ തിരഞ്ഞെടുപ്പ് വന്നപ്പോഴാണ് മനസ്സിലായത്, ശങ്കരന്‍ പിന്നേം തെങ്ങില്‍ തന്നെയാണെന്ന്.

ഇത്തവണ ശരിക്കും പാഠം പഠിക്കേണ്ടത് കോണ്‍ഗ്രസാണ്. കാരണം ഈ രീതിയില്‍ പോവുകയാണെങ്കില്‍ തൂത്തെറിയപ്പെടുന്നത് കോണ്‍ഗ്രസ് തന്നെയാവും. സി.പി.ഐ.എമ്മിന് ദുര്‍ബലമാകുന്നു എന്നത് സത്യം തന്നെ. പക്ഷേ, ഒരു പാര്‍ട്ടി ദുര്‍ബലമാകുന്നു എന്നത് മാത്രം കോണ്‍ഗ്രസിന് ഗുണമാവില്ലല്ലോ. സി.പി.ഐ.എം ദുര്‍ബലമാവുന്നതിന് കൃത്യമായ കാരണങ്ങളുമുണ്ട്.

കേരളത്തിലും ബംഗാളിലും സി.പി.ഐ.എം പരാജയപ്പെട്ടെങ്കിലും അവിടെയൊക്കെ ശക്തമായ സാന്നിദ്ധ്യമായി അവര്‍ ഇപ്പോഴുമുണ്ടെന്നതും കോണ്‍ഗ്രസ് വിസ്മരിച്ച് കൂടാ.

യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ രാഹുല്‍ ഗാന്ധി എന്ന അമിതാത്മവിശ്വാസത്തിന്റെ (അറിവില്ലായ്മ)യുടെ യഥാര്‍ത്ഥ നേട്ടം കൊയ്യുന്നത് മറ്റ് പാര്‍ട്ടികളാണ്. ബി.ജെ.പിയടക്കമുള്ള എല്ലാ കോണ്‍ഗ്രസ് വിരുദ്ധരും ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നുണ്ടാവുക വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിലേക്കും രാഹുല്‍ ഗാന്ധിയെ തന്നെ കോണ്‍ഗ്രസ് പ്രചരണത്തിനിറക്കണേ എന്നാവും.

Advertisement