എഡിറ്റര്‍
എഡിറ്റര്‍
ടൊയോട്ട 74 ലക്ഷം കാറുകളെ തിരിച്ച് വിളിക്കുന്നു
എഡിറ്റര്‍
Thursday 11th October 2012 9:41am

ടോക്കിയോ: ലോകോത്തര കാര്‍ നിര്‍മാതാക്കളായ ടൊയോട്ട 74 ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കുന്നു. ടൊയോട്ടയുടെ വ്യത്യസ്ത മോഡലുകളാണ് തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരിച്ചുവിളിക്കുന്നത്.

യുഎസ്, റഷ്യ, ഓസ്‌ട്രേലിയ, ചൈന, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി വിറ്റ്‌സ്, യാരിസ്, കൊറോള തുടങ്ങിയ മോഡലുകളാണ് പവര്‍ വിന്‍ഡോയിലെ തകരാര്‍ മൂലം തിരിച്ചുവിളിക്കുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

Ads By Google

അമേരിക്കയില്‍ നിന്ന് 24.7 ലക്ഷം കാറുകളും ചൈനയില്‍ 14 ലക്ഷം വാഹനങ്ങളും യൂറോപ്പില്‍ 13.9 ലക്ഷം വാഹനങ്ങളുമാണ് തിരിച്ചുവിളിക്കുന്നത്.

അതേസമയം, പവര്‍ വിന്‍ഡോയിലെ തകരാര്‍ മൂലം അപകടമോ മരണമോ ഒന്നുംതന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. 1996ല്‍ ഫോര്‍ഡ് മോട്ടോര്‍ കോ 79 ലക്ഷം വാഹനങ്ങള്‍ തിരിച്ചുവിളിച്ചതിന് ശേഷം ഇത്രയധികം കാറുകള്‍ ഒരു കമ്പനി പിന്‍വലിക്കുന്നത് ഇതാദ്യമാണ്. ചൈനയില്‍ ടൊയോട്ട കാറുകളുടെ വില്‍പ്പനയില്‍ 48.9% ഇടിവ് നേരിട്ടുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന് ഒരു ദിവസം പിന്നിടുന്നതിനിടെയാണ് വാഹനങ്ങള്‍ കൂട്ടത്തോടെ തിരിച്ചുവിളിക്കാന്‍ കമ്പനി തീരുമാനിച്ചത്.

വിവാദ ദ്വീപിനെ ചൊല്ലിയുള്ള ചൈനയുമായുള്ള തര്‍ക്കം ജാപ്പനീസ് വിരുദ്ധ തരംഗം സൃഷ്ടിച്ചുവെന്നും ഇതാണ് വില്പന ഇടിയാന്‍ കാരണമെന്നുമാണ് ടൊയോട്ട കമ്പനിയുടെ വിലയിരുത്തല്‍. ജപ്പാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കാര്‍ കമ്പനിയാണ് ടൊയോട്ട.

Advertisement