രോഗികളോട് പുറത്ത് നിന്ന് ഭക്ഷണം കഴിക്കരുതെന്ന് പറയുന്ന ഞങ്ങളെങ്ങനെ പുറത്ത് പോയി ഭക്ഷണം കഴിക്കും; ഞായറാഴ്ച കര്‍ഫ്യൂവിന്റെ പേരില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് നഴ്‌സിംഗ് ഹോസ്റ്റലിന്റെ മെസ് ഹൗസ് അടച്ചിടുന്നതായി ആരോപണം
kERALA NEWS
രോഗികളോട് പുറത്ത് നിന്ന് ഭക്ഷണം കഴിക്കരുതെന്ന് പറയുന്ന ഞങ്ങളെങ്ങനെ പുറത്ത് പോയി ഭക്ഷണം കഴിക്കും; ഞായറാഴ്ച കര്‍ഫ്യൂവിന്റെ പേരില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് നഴ്‌സിംഗ് ഹോസ്റ്റലിന്റെ മെസ് ഹൗസ് അടച്ചിടുന്നതായി ആരോപണം
ന്യൂസ് ഡെസ്‌ക്
Friday, 20th March 2020, 8:42 pm

കോഴിക്കോട്: ഞായറാഴ്ച കര്‍ഫ്യൂവിന്റെ പേരില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് നഴ്‌സിംഗ് ഹോസ്റ്റലിന്റെ മെസ് ഹൗസ് അടച്ചിടുന്നതായി ആരോപണം. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഞായറാഴ്ച കര്‍ഫ്യൂവുള്ളതിനാല്‍ വരാന്‍ പറ്റില്ലെന്ന കാരണം പറഞ്ഞാണ് നഴ്‌സുമാര്‍ക്കുള്ള ഭക്ഷണം മുടക്കുന്ന അവസ്ഥയുണ്ടായിരിക്കുന്നത്.

ഐസോലേഷന്‍ വാര്‍ഡിലടക്കമുള്ള നഴ്‌സുമാര്‍ താമസിക്കുന്ന ഹോസ്റ്റലാണെന്നിരിക്കെ മെസ് ഹൗസ് അടച്ചിടുന്നത് വിവാദമായിട്ടുണ്ട്.

‘ഞങ്ങള്‍ക്ക് ഞായറാഴ്ച ഡ്യൂട്ടിയാണ്. മെസില്‍ ഭക്ഷണമുണ്ടാകില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ക്കെന്തായാലും പുറത്തുപോയി ഭക്ഷണം കഴിക്കാന്‍ പറ്റില്ല. ഞങ്ങളില്‍ പലരും നൈറ്റ് ഡ്യൂട്ടി ഉള്ളവര്‍ ഉണ്ട്. സ്ഥിരം ഐസോലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയിലുള്ളവര്‍ ഉണ്ട്. അന്ന് മെസ് തുറന്നില്ലെങ്കില്‍ ഞങ്ങള്‍ എന്ത് ചെയ്യും.’, പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത നഴ്‌സ് ഡൂള്‍ന്യൂസിനോട് പറഞ്ഞു

ഇക്കാര്യം ഹോസ്റ്റല്‍ അധികൃതരെ അറിയിച്ചപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന മറുപടിയാണ് ലഭിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘പുറത്ത് നിന്ന് ഭക്ഷണം കഴിക്കരുതെന്ന് രോഗികളോട് പറയുന്ന ഞങ്ങളെങ്ങനെ പുറത്ത് പോയി ഭക്ഷണം കഴിക്കും’, അവര്‍ ചോദിച്ചു.

ഡബിള്‍ ഡ്യൂട്ടി വരെ എടുക്കേണ്ടി വരുന്ന നിലവിലെ സാഹചര്യത്തില്‍ ഭക്ഷണം നിഷേധിക്കുന്ന അംഗീകരിക്കാനാവില്ലെന്നും ബദല്‍ മാര്‍ഗം അധികൃതര്‍ നടപ്പാക്കണമെന്നും നഴ്‌സ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഞായറാഴ്ച കര്‍ഫ്യൂവില്‍ കേരളം സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഞായറാഴ്ച കെ.എസ്.ആര്‍.സി സര്‍വീസ് നടത്തില്ല.

മലയാളികള്‍ ഞായറാഴ്ച വീടും പരിസരവും ശുചിയാക്കാന്‍ ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇതിനായി പുറമെ നിന്ന് ആരെയും വിളിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ ആളുകള്‍ പുറത്തിറങ്ങരുത് എന്നാണ് നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വാഹനഗതാഗതം നിര്‍ത്തി വെക്കുകയും കടകമ്പോളങ്ങള്‍ അടച്ചിടുകയും ചെയ്യും. ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചിടും.

ബാറുകളും ബീവറേജസുകളും പ്രവര്‍ത്തിക്കില്ല. ആശുപത്രി, മെഡിക്കല്‍ ഷോപ്പുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങള്‍ മാത്രമാവും ലഭ്യമാവുക. ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍, എച്ച്.പി.സി എന്നിവയുടെ പെട്രോള്‍ പമ്പുകള്‍ തുറക്കും.

ജനതാ കര്‍ഫ്യൂ സംസ്ഥാനത്ത് കര്‍ശനമായി പാലിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി നടത്തുന്ന പത്രസമ്മേളനം ജനത കര്‍ഫ്യൂ പൂര്‍ണമായി നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്.

പൊതുഗതാഗതവും വ്യാപാരമേഖലയും പൂര്‍ണമായും നിശ്ചലമാകും. ആവശ്യമായ ദീര്‍ഘദൂര ട്രെയിനുകള്‍ മാത്രമാവും സര്‍വീസ് നടത്തുക. വൈറസ് വ്യാപനം തടയുന്നത് വരെ ജനങ്ങള്‍ വീട്ടില്‍ തന്നെ ഇരിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ജനങ്ങള്‍ നടപ്പിലാക്കണമെന്ന് നിയമമന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.

ഭാവിയില്‍ വന്നേക്കാവുന്ന വലിയ ദുരന്തത്തെ തടയാന്‍ ആവുന്ന മാര്‍ഗങ്ങളെല്ലാം ചെയ്യുകയാണ് സംസ്ഥാന സര്‍ക്കാര്‍. ജനങ്ങള്‍ വീടുകളില്‍ തന്നെ ഇരിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂ പൂര്‍ണമായും നടപ്പാക്കാന്‍ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി കഴിഞ്ഞു.

കെ.എസ്.ആര്‍.ടി ബസുകളും സ്വകാര്യബസുകളും ഓട്ടോയും ടാക്‌സിയും റോഡുകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കും. കൊച്ചി മെട്രോയും സര്‍വീസ് നടത്തില്ല. ഹോട്ടലുകളും ഭക്ഷണശാലകളും ബേക്കറികളും പൂര്‍ണമായും അടഞ്ഞുകിടക്കും.

കാസര്‍കോട്ടെ സ്ഥിതി സംസ്ഥാനത്തെ ആകെ ആശങ്കയിലാക്കിരിക്കെയാണ്. നാലപതു പേര്‍ക്ക് രോഗം സ്ഥരീകരിച്ചു കഴിഞ്ഞു. നാല്പത്തിനാലായിരം പേര്‍ വീടുകളില്‍ ഉള്‍പ്പടെ നിരീക്ഷണത്തിലാണ്. ബ്രേക്ക് ദി ചെയിന്‍ ക്യാംപെയിന്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ തദ്ദേശസ്വംയഭരണ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

ജനങ്ങള്‍ ഏതാനും ആഴ്ച കൊറോണയെ പ്രതിരോധിക്കാന്‍ മാറ്റിവെക്കണം. രോഗ പ്രതിരോധത്തിന് ജനങ്ങള്‍ മുന്നിട്ടിറങ്ങണം. മഹാമാരി നേരിടാന്‍ രാജ്യത്തെ 130 കോടി ജനങ്ങളും തയാറെടുക്കണമെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

കൊവിഡ് വൈറസ് ഇന്ത്യയെ ബാധിക്കില്ലെന്ന ചിന്ത തെറ്റാണ്. ലോക മഹായുദ്ധത്തേക്കാള്‍ വലിയ പ്രതിസന്ധിയാണിത്. കൊറോണയില്‍നിന്ന് മുക്തി നേടാന്‍ ശാസ്ത്രം വഴികളൊന്നും കണ്ടെത്തിയിട്ടില്ല.

കൊറോണ തന്നെ ബാധിക്കുന്നില്ലെന്ന് കരുതുന്നുണ്ടെങ്കില്‍, ഭയപ്പാടില്ലാതെ മാര്‍ക്കറ്റിലും മറ്റും ചുറ്റിയടിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ നിങ്ങളോടും നിങ്ങളുടെ കുടുംബത്തോടും ചെയ്യുന്ന അന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

WATCH THIS VIDEO: