| Friday, 27th January 2012, 7:02 am

ആധാര്‍ പദ്ധതിയുടെ ഭാവി ഇന്നറിയാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.ഐ.ഡി.എ.ഐ പദ്ധതിയുടെ ഭാവി ഇന്നറിയാം. പദ്ധതി സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് വൈകുന്നേരം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കാബിനറ്റ് മന്ത്രിമാരുടെ യോഗം ചേരും.

പദ്ധതിക്കുവേണ്ടി ബയോമെട്രിക് ഡാറ്റ ശേഖരിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ധാരണയിലെത്തിയതായാണ് വിവരം. വിരലടയാളവും ഐറിസ് സ്‌കാനും ശേഖരിക്കാന്‍ ഇരുവിഭാഗങ്ങള്‍ക്കും അനുമതി നല്‍കിയതുവഴിയാണ് പ്രശ്‌നപരിഹാരം സാധ്യമായത്. നന്ദന്‍ നീലകേനിയുടെ ഡിപ്പാര്‍ട്ട്‌മെന്റും, ആഭ്യന്തരമന്ത്രാലയവും തമ്മിലുള്ള പ്രശ്‌നം ബുധനാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.

13 സംസ്ഥാനങ്ങളിലെ ബയോമെട്രിക് ഡാറ്റ് യു.ഐ.ഡി.എ.ഐ ശേഖരിക്കുമ്പോള്‍ തീരപ്രദേശങ്ങളിലെയും മറ്റ് സംസ്ഥാനങ്ങളിലെയും വിവരങ്ങള്‍ ആഭ്യന്തരമന്ത്രാലയം ശേഖരിക്കും. രജിസ്ട്രാര്‍ ജനറല്‍ ഏതൊക്കെ വിവരങ്ങളാണ് യു.ഐ.ഡി.എ.ഐയ്്ക്ക് കൈമാറേണ്ടതെന്ന കാര്യത്തിലാണ് ഇനി തീരുമാനമെടുക്കേണ്ടത്. ഇക്കാര്യം ചര്‍ച്ചചെയ്യാനാണ് ഇന്ന് യോഗം ചേരുന്നത്.

വിവരങ്ങള്‍ ശേഖരിക്കുന്ന കാര്യത്തില്‍ ആഭ്യന്തരമന്ത്രാലയവും യു.ഐ.ഡി.എ.ഐയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. രജിസ്റ്റാര്‍ ജനറലിനെയാണോ, യു.ഐ.ഡി.എ.ഐയെയാണ് ബയോമെട്രിക് ഡാറ്റ ശേഖരിക്കാന്‍ ഏല്‍പ്പിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തതവരുത്തണമെന്ന് പ്രധാനമന്ത്രിയോട് ആഭ്യന്തരമന്ത്രി പി. ചിദംബരം ആവശ്യപ്പെട്ടിരുന്നു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പരിശോധിക്കുന്നില്ലെന്നതിനാല്‍ യു.ഐ.ഡി.എ.ഐ ശേഖരിക്കുന്ന വിവരങ്ങള്‍ക്ക് സുരക്ഷിതത്വമുണ്ടാവില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ ആരോപണം.

Malayalam News
Kerala News in English

We use cookies to give you the best possible experience. Learn more