രതിച്ചേച്ചികളെ വല്ലോരേം കണ്ടോ? എല്ലാരും പാമ്പു കടിച്ചു ചത്തുപോയി!
Discourse
രതിച്ചേച്ചികളെ വല്ലോരേം കണ്ടോ? എല്ലാരും പാമ്പു കടിച്ചു ചത്തുപോയി!
ന്യൂസ് ഡെസ്‌ക്
Sunday, 8th April 2012, 12:59 pm

C R OMANA KUTTAN

വായന/ദിവ്യ ഡി.വി.

പുസ്തകം: ചൂളമരങ്ങളില്‍ കാറ്റൂതിയ കാലം
എഴുത്തുകാരന്‍ : സി.ആര്‍. ഓമനക്കുട്ടന്‍
വിഭാഗം:ഓര്‍മ്മക്കുറിപ്പുകള്‍
പേജ്: 100
വില: 80 രൂപ
പ്രസാധകര്‍: ഇന്‍സൈറ്റ് പബ്ലിക്ക, കോഴിക്കോട്‌

 

“”മറവിയില്‍ മറഞ്ഞ നല്ല മനുഷ്യര്‍, ഓര്‍മയില്‍ മായാത്ത നുറുങ്ങുനേരങ്ങള്‍, ഇണങ്ങിയും പിണങ്ങിയും അടുത്തും അകന്നും കഴിഞ്ഞ കൂട്ടുകാര്‍, തമ്മില്‍ത്തല്ലി തടവിത്തലോടി കെട്ടിപ്പിടിച്ചുമ്മവെച്ചു ജീവിച്ചവര്‍””-ഇതു ഭൂതകാലാനുഭവങ്ങളില്‍ താന്‍ എവിടെയാണെന്ന തിരച്ചില്‍ നടത്തുന്ന സി.ആര്‍. ഓമനക്കുട്ടന്‍ എന്ന എഴുത്തുകാരന്റെ, സാഹിത്യോപാസകന്റെ “ചൂളമരങ്ങളില്‍ കാറ്റൂതിയ കാല”ത്തില്‍ നിന്നും. അനുഭവങ്ങളുടെ ആഴങ്ങളില്‍ സ്വയം തിരയുന്ന ഒരു ജീവിത  നിരീക്ഷകന്റെ കുറിപ്പുകള്‍. ഇവ ഒരു കാലഘട്ടത്തിന്റെ തിരുശേഷിപ്പിലേക്കുള്ള വഴികളായിരിക്കാം, അതിലുപരി ഒരു തലമുറയുടെ ജീവിതസാഹസങ്ങളുടെ അടയാളപ്പെടുത്തലും ഓര്‍മ്മപ്പെടുത്തലുമാവാം.

“ചൂളമരങ്ങളില്‍ കാറ്റൂതിയ കാലം” ഇരുപതു അധ്യായങ്ങളില്‍ ഒതുക്കാന്‍ ശ്രമിച്ച ജീവിതങ്ങളാണ്. ഒരു കാലത്ത് നമ്മുടെ കലയെയും സാഹിത്യത്തെയും രാഷ്ട്രീയത്തെയും തൊട്ടുണര്‍ത്തിയിരുന്ന വ്യക്തിജീവിതങ്ങളിലേക്ക് തുറന്നുവെച്ച ഓര്‍മ്മകളുടെ പുസ്തകം, അതു ഒരു കാലത്തെ നമ്മുടെ മുന്നില്‍ സംവേദിപ്പിക്കുന്നുണ്ട്, തീര്‍ച്ചയായും.

കാലം എല്ലാത്തിനെയും മാറ്റുന്നു, ജീവിതത്തെ ചുറ്റുപാടുകള്‍ സ്വാധീനിക്കുന്നതു പോലെ. ചില ദേശങ്ങളാവും നമ്മുടെ ജീവിതത്തില്‍ ഇടപെടുന്നത്. കൂട്ടായ്മകളിലേക്കുള്ള വഴിത്തിരിവുകള്‍ സൃഷ്ടിക്കുന്നത്. ഒരു കാലത്തു നമ്മുടെ തെരുവുകള്‍ സജീവമായിരുന്നു, കണ്ടും കൊടുത്തും നല്‍കിയ സൗഹൃദങ്ങള്‍. പഴയ എറണാകുളം പട്ടണത്തെ ഓര്‍മ്മിക്കുന്നതു തന്നെ തെരുവുകളുടെ പഴമയുടെ പ്രാധാന്യം വിളിച്ചു പറയലായിത്തീരുന്നു. പഴയ പട്ടണത്തിന്റെ വളര്‍ച്ചയും അതു അന്നത്തെ ജീവിതാന്തരീക്ഷത്തില്‍ വരുത്തിയ ഇന്നത്തെ മാറ്റവും പഴങ്കഥകളായി പോയ കാനന്‍ ഷെഡ് റോഡ്, ഒരുകാലത്തെ ചരിത്ര ദൗത്യം നിര്‍വ്വഹിച്ചു അപ്രത്യക്ഷമായി പോയ സ്വദേശി ഹോട്ടല്‍, ട്രാവന്‍കൂര്‍ ഹോട്ടല്‍, മാരുതി ഹോട്ടല്‍, എസ്.ടി.ആര്‍ പ്രസ്സ്, പഴയ ലോ കോളേജ് കെട്ടിടം, അതിന് എതിരെ ഉണ്ടായിരുന്ന ടോഡി പാര്‍ലര്‍ എന്നിവയൊക്കെ പലരുടെയും ജീവിതത്തിന്റെ ഭാഗമായി തീരുന്ന കാലത്തിന്റെ അയവിറക്കല്‍ അന്നത്തെ സാംസ്‌കാരിക യാഥാര്‍ത്ഥ്യങ്ങളുടെ ഒരു ഘോഷയാത്ര കൂടിയാണെന്ന് ചൂളമരങ്ങളില്‍ കാറ്റൂതിയ കാലം തെളിയിക്കുന്നു.

POEM

“പടിഞ്ഞാറ് ചാഞ്ഞ സൂര്യ ബിംബത്തില്‍ ” ഒന്നര വ്യാഴവട്ടക്കാലം മാടവനപ്പറമ്പിന്റെ വേലിപ്പുറമേ പോകാതെ കേസരി ബാലകൃഷ്ണപിള്ളയുടെ ഓര്‍മകളാണുള്ളത്. അരങ്ങുവെട്ടത്തില്‍ ഒരിക്കലും കടന്നു കയറാത്ത ആ മനുഷ്യനെ സി.ആര്‍ തിരിച്ചറിയുന്നു, ഇവിടെ.  ശ്രീകുമാര്‍ എന്ന ചെങ്ങാരപ്പള്ളി പരമേശ്വരന്‍ പോറ്റിയുമായി ഒരു മുറുക്കാന്‍ കടയില്‍ ചുണ്ണാമ്പു പങ്കുവെച്ചു തുടങ്ങിയ പ്രണയം  തീര്‍ത്ത ഗാഢപരിചയം എങ്ങനെ തന്റെ ജീവിതം സമ്പുഷ്ടമാക്കിയെന്ന് സി.ആര്‍ പറയുമ്പോള്‍ അറിയാതെ നാമും ആ ചെങ്ങാരപ്പള്ളിയെ പ്രണയിച്ചുപോകുന്നു. എം. കൃഷ്ണന്‍ നായരെ പറ്റിയുള്ള ഓര്‍മകള്‍ വളരെ ആര്‍ദ്രതയോടെ പറയുന്നു സി.ആര്‍. മഹാരാജാസ് കോളേജില്‍ വച്ചുടലെടുത്ത ആ സൗഹൃദവും എം. കൃഷ്ണന്‍ നായരെന്ന വ്യക്തിത്വത്തിന്റെ തിരിച്ചറിവിലേയ്ക്കായി നമുക്ക് പകര്‍ന്നു നല്‍കുന്ന അനുഭവ പാഠം കൂടിയായിത്തീരുന്നുണ്ട്. വ്യക്തിബന്ധങ്ങളുടെ തീവ്രതയില്‍ ജീവിതം എങ്ങനെയൊക്കെ തീവ്രമായിത്തീരുന്നുവെന്നു വൈകാരികമായിത്തന്നെ എഴുത്തുകാരന്‍ പറഞ്ഞുവെയ്ക്കുന്നു.

കൊച്ചി രാജക്കന്‍മാരുടെ മഹത്വം വാഴ്ത്താന്‍ സി. ആര്‍. ഓമനക്കുട്ടനാവുന്നില്ല, കാരണം ഒരു കാലചരിത്രം നായികമാരുടേതുകൂടിയായിരുന്നുവെന്നും അവര്‍ പതിപ്പിച്ച വ്യക്തി മുദ്രകള്‍ കാലത്തിന്റെ വെളിച്ചമായിരുന്നുവെന്നുമുള്ള വിലയിരുത്തലിലേയ്ക്കും എത്തുന്നു അദ്ദേഹം. ശ്രീമതി കെ.ആര്‍ ഗൗരി, ആനി ജോസഫ് (ആനി തയ്യില്‍), ജസ്റ്റിസ് കുമാരി ദേവകിയമ്മ മുതല്‍ മേഴ്‌സി രവി, ലാലി വിന്‍സെന്റ്, ദീപ്തി മേരി വര്‍ഗ്ഗീസ്, സിമി റോസ് ബെല്‍ ജോണ്‍, ടി.എന്‍. സീമ, സിന്ധു ജോയ് വരെയെത്തുന്ന മഹാരാജ പുത്രിമാരെ അടയാളപ്പെടുത്തുന്നതില്‍ സി.ആറിന്റെ മികവും ആത്മാര്‍ത്ഥതയും വരികളിലൂടെ വെളിവാക്കപ്പെടുന്ന “മഹാരാജ പുത്രിമാര്‍; പുത്രന്‍മാര്‍” ചരിത്രത്തിലേയ്ക്ക് ഒന്നു തിരിഞ്ഞു നോക്കാന്‍ നമ്മേ പ്രേരിപ്പിക്കാന്‍ പോന്നവയാണെന്ന് പറയാതെ വയ്യ.

അന്ധയും ബധിരയുമായ മരണ ദേവത, പിംഗള കേശിനി മരണം കൊണ്ട് വേര്‍പെട്ടുപോകുന്ന സൗഹൃദങ്ങളുടെ വേദന “ചൂളമരങ്ങളില്‍ കാറ്റൂതിയ കാല”ത്തിലുണ്ട.് സൗഹൃദങ്ങളുടെ കാറ്റേറ്റു പച്ചപിടിച്ച ജീവിതത്തില്‍ ഇടപെടുന്ന പിംഗളകേശിനിയ്ക്ക് കാഴ്ച്ചയും കേള്‍വിയുമുണ്ടാകട്ടെയെന്ന് വേദനയോടെ ശപിച്ചു പിന്‍മാറുന്നിടത്തുനിന്നും തന്റെ ജീവിതത്തില്‍ ആ സൗഹൃദം എന്തായിരുന്നുവെന്ന അംശത്തിലേയ്ക്കാണ്, “അന്ധയും ബധിരയും; പിംഗളകേശിനി” എന്ന ജീവിതാധ്യായത്തിലൂടെ സി.ആര്‍ ചെന്നെത്തുന്നത്.

കടവുകള്‍ ഒരുകാലത്ത് ജൈവികമായി കൗതുകങ്ങളുടെയും അഭിനിവേശങ്ങളുടെയും താവളങ്ങളായിരുന്നുവെന്നത് ഇന്ന് ചരിത്രമാണ്. രതിച്ചേച്ചിമാരുടെയും പപ്പുമാരുടെയും പകലുകള്‍, വൈകുന്നേരങ്ങള്‍!! ആ കാലത്തിലൂടെ കടന്നുവന്ന ഒരാള്‍ക്ക് ഇന്നുണ്ടാക്കുന്ന നൊസ്റ്റാള്‍ജിയ, ചൂളമരങ്ങളിലും പങ്കുവെയ്ക്കുന്നുണ്ട്. ഒപ്പം രാമായണ പാരായണങ്ങളുടെ മുത്തശ്ശി ശബ്ദവും കര്‍ക്കടക തണുപ്പിന്റെ ഇരുളും മഴയും ഓര്‍മ്മിച്ചെടുക്കുകയും തോടും പാടവുമില്ലാത്ത, രതിച്ചേച്ചിയും പപ്പുമാരുമില്ലാത്ത കടവും ടാറിട്ട റോഡുകളിലേക്കും സിമന്റു കൂടുകളിലേക്കും ബാത്ത് റൂമുകളിലേക്കുമുള്ള കൂടുവിട്ടു കൂടുമാറലിനെ നിസ്സംഗതയോടെ കര്‍ക്കടകമഴ നനഞ്ഞു നോക്കി നില്‍ക്കുന്ന എഴുത്തുകാരന്‍, പഴമയുടെയും പുതുമയുടെയും സമ്മിശ്രാനുഭവങ്ങളുടെ സാക്ഷി മാത്രമായിത്തീരുന്ന വായനാനുഭവം.

“രതിച്ചേച്ചികളെ വല്ലോരേം കണ്ടോ?
എല്ലാരും പാമ്പു കടിച്ചു ചത്തുപോയി!”

C R OMANAKUTTAN“രണ്ടിടങ്ങഴി”യില്‍ ചാത്തനായും “ഭാര്‍ഗ്ഗവീനിലയത്തില്‍” പൂച്ചക്കണ്ണന്‍ എം.എന്‍ ആയും “അതിഥി”യില്‍ ആരെയോ പ്രതീക്ഷിക്കുന്ന വര്‍ത്തമാന കാലമായും “നിര്‍മ്മാല്യത്തില്‍” തുള്ളി ഉറയുന്ന വെളിച്ചപ്പാടായും പകര്‍ന്നാടിയ പി.ജെ ആന്റണിയെ ഓര്‍മ്മിക്കുമ്പോള്‍ പകരം വയ്ക്കാനാരുമില്ലാത്ത, ഒന്നിനുമാവാത്ത ഒരു വ്യക്തി നിര്‍മ്മിതിയിലെത്തി നില്‍ക്കുകയാണിന്നു കാലം. പഴയ വീഞ്ഞ് പുതിയ കുപ്പിയിലെത്തിക്കുന്ന നിലവിലെ സിനിമാ സൃഷ്ടികളോടുള്ള വിമര്‍ശനവും, “പുനര്‍ സൃഷ്ടികളുടെ (സൃഷ്ടാക്കളും അരയും തലയും വിട്ട് ഹൃദയം കാണുക, കാണിക്കുക” എന്നതിലൂടെ വ്യക്തമാണ്.

“ചക്രവര്‍ത്തി, രാജാവ്, മന്ത്രി” എന്ന അദ്ധ്യായത്തില്‍ വരയുടെ ചക്രവര്‍ത്തിയായും രാജാവായും മന്ത്രിയായുമൊക്കെ വിശേഷിപ്പിക്കപ്പെട്ടിരുന്ന സുഹൃത്തുക്കള്‍ കടന്നു വരുന്നുണ്ട്. ഓര്‍മ്മകളില്‍ ചുറ്റിത്തിരിയുന്ന സി.ആര്‍ ഗതകാല സ്മരണകളെ അവിസ്മരണീയമാക്കിത്തീര്‍ത്തിരുന്ന നിമിഷങ്ങളെ വര്‍ത്തമാന കാലവുമായി താദാത്മ്യം ചെയ്തും എഴുത്തിന്റെ കൈവഴികള്‍ തിരയുകയാണിവിടെ. അകലെ നിന്നുമാത്രം നോക്കിക്കണ്ടിരുന്ന ചില വ്യക്തിത്വങ്ങള്‍, അകലത്തിരുന്ന് അടുപ്പമറിഞ്ഞവ… ചില വ്യക്തികളുമായുള്ള ബന്ധത്തിന്റെ ചൂടും വെളിച്ചവും തട്ടിയിട്ടും അകന്നു നിന്നു മാത്രം ആസ്വദിച്ച ബന്ധമായിരുന്നു സി. എന്‍ ശ്രീകണ്ഠന്‍ നായരോടുണ്ടായിരുന്നത്. ബന്ധങ്ങളില്‍ നിന്നും ബന്ധങ്ങളിലേക്കുള്ള ജീവിതക്കാഴ്ചകളില്‍ മഹാത്മാ സീതിസാഹിബിന്റെ ഓര്‍മ്മകളും സി.ആര്‍ ഹൃദയത്തിലേറ്റുന്നുണ്ട്.

“നടന തെരുവും നീന്തിയ പുഴയും കണ്ട വെയിലും കൊണ്ട മഴയും തിന്ന അപ്പവും കുടിച്ച വീഞ്ഞും കിട്ടിയ തെറിയും കൊടുത്ത തൊഴിയും….”- ഓര്‍മ്മിച്ചെടുക്കുന്നിടത്താണ് “ചൂളമരങ്ങളില്‍ കാറ്റൂതിയ കാലം”. ഓര്‍മ്മകള്‍ മനസ്സിന്റെ ചരിത്രപുസ്തകങ്ങളാണെങ്കില്‍ ആ ചരിത്രം എത്രമേല്‍ ഹൃദ്യമായിരുന്നുവെന്നും ഏടുകള്‍ മറിക്കുമ്പോള്‍ ജീവിതപരിസരം എങ്ങനെയൊക്കെ അകലങ്ങളുടേയും അടുപ്പഹ്ങളുടേയും സൗഹൃദാലസ്യങ്ങളുടെ സമൃദ്ധിയില്‍ കൊണ്ടാടപ്പെട്ടിരുന്നുവെന്നും നമ്മലും സ്‌നഹാതിരേകങ്ങളോടെ തിരിച്ചറിയുന്നുണ്ട്.

“ചൂള മരങ്ങളില്‍ കാറ്റൂതിയ കാലം” ഓര്‍മ്മയുടെ ഉത്സവത്തിനു കൂട്ടുപോകുന്ന മഹാനുഭവമാണെന്ന് ഉമേഷ്ബാബു കെ.സി വിശേഷിപ്പിക്കുമ്പോള്‍ നമുക്കും മറിച്ചൊരു അഭിപ്രായം ഇല്ലാതാകുന്ന രീതിയില്‍ ഹൃദ്യമായ ആഖ്യാനത്തിനും അപ്പുറത്ത് മാനുഷികാനുഭവങ്ങളിലൂടെയുള്ള ജീവിത സായന്തനത്തില്‍ നിന്നും നോക്കിക്കാണുകയും ഉന്മാദിക്കുകയും ചെയ്യുന്ന പച്ച മനുഷ്യന്റെ ഓര്‍മ്മകളില്‍ പെട്ട് ഒഴുകിപ്പോകുന്നതാവട്ടെ അനുവാചകരും.

Book Name: Choolamarangalil Katoothiya Kalam

Author: C.R. Omanakuttan

Classification: Memoirs

Page: 100

Price: Rs 80.00

Publisher: Insight Publica