എഡിറ്റര്‍
എഡിറ്റര്‍
ഗണേഷ് രാജിവെയ്ക്കണമെന്ന് സി.പി.ഐ.എം സെക്രട്ടറിയേറ്റ്
എഡിറ്റര്‍
Monday 4th March 2013 4:17pm

തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെതിരേ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് നടത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഗണേഷ് കുമാര്‍ മന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന് സി.പി.ഐ.എം സെക്രട്ടറിയേറ്റ്.

Ads By Google

മന്ത്രിസ്ഥാനത്ത് തുടരാനുള്ള അര്‍ഹത ഗണേഷ് കുമാറിനില്ല. അദ്ദേഹം ആ സ്ഥാനത്ത് നിന്ന് രാജിവെച്ച് ഒഴിയണം. ഗുരുതരമായ ആരോപണങ്ങളാണ് മന്ത്രിയ്‌ക്കെതിരെ ചീഫ് വിപ്പ് ഉന്നയിച്ചത്.

ചീഫ് വിപ്പ് പറഞ്ഞത് തെറ്റാണെങ്കില്‍ അദ്ദേഹം ആ സ്ഥാനം രാജിവെയ്ക്കണമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

അവിഹിത ബന്ധം ആരോപിച്ച് സംസ്ഥാനത്തെ ഒരു മന്ത്രിയെ കാമുകിയുടെ ഭര്‍ത്താവ് ഔദ്യോഗിക വസതിയില്‍ കയറി മര്‍ദിച്ചുവെന്ന വാര്‍ത്ത ഞാറാഴ്ചയാണ് മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്തത്.

ഈ മന്ത്രി ഗണേഷ് കുമാറാണെന്നാണ് പി.സി ജോര്‍ജ് ആരോപിച്ചിരിക്കുന്നത്. അടി കിട്ടിയത് ഗണേശിന് തന്നെയെന്ന് തനിക്ക് ബോധ്യമുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു.

മറ്റ് മന്ത്രിമാരുടെ ധാര്‍മ്മികതയെയും വിശ്വാസ്യതയെയും സംബന്ധിച്ച വിഷയമായതിനാല്‍ ഗണേഷ് കുമാര്‍ കുറ്റ സമ്മതം നടത്തണമെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ മാസം 22ന് തന്നെ താന്‍ ഇക്കാര്യം അറിഞ്ഞിരുന്നു. തനിക്കെതിരെ പലരും രംഗത്തുവരുമെന്നതിനാല്‍ താന്‍ ആരോടും പറഞ്ഞില്ല. സംഭവത്തിന് ശേഷം നടന്ന രണ്ട് മന്ത്രിസഭാ യോഗങ്ങളില്‍ ഗണേഷ് കുമാര്‍ പങ്കെടുത്തിരുന്നില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

വാര്‍ത്ത പുറത്ത് വന്നതോടെ പലരും വിളിച്ച് ഏത് മന്ത്രിയാണെന്ന് ചോദിക്കുകയാണ്. ഇത് മറ്റ് മന്ത്രിമാര്‍ക്കും നാണക്കേടാണ്. ഗണേഷ് കുറ്റം സമ്മതിച്ചില്ലെങ്കില്‍ മറ്റ് ഇരുപത് മന്ത്രിമാരും സംശയിക്കപ്പെടും.

അതൊഴിവാക്കാന്‍ വേണ്ടിയാണ് പേര് വെളിപ്പെടുത്തുന്നതെന്നും സ്ത്രീ വിഷയത്തില്‍ ഇന്ത്യന്‍ സമൂഹം പ്രത്യേകിച്ച് സ്ത്രീസമൂഹം വിട്ടുവീഴ്ച്ച ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പി.സി ജോര്‍ജ്ജിനെതിരെ കേസെടുക്കുമെന്നും നെല്ലിയാമ്പതിയിലെ നിലപാട് കാരണമാണ് തനിക്കെതിരെ ഇത്തരമൊരു ആരോപണവുമായി ജോര്‍ജ്ജ് രംഗത്തെത്തിയതെന്നും ഗണേഷ് പ്രതികരിച്ചു.

തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നില്‍ പിള്ളയാണെന്ന് സംശയിക്കുന്നതായും ഗണേഷ് കുമാര്‍ ആരോപിച്ചു. ജോര്‍ജ്ജിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഗണേഷ് വ്യക്തമാക്കിയിരുന്നു.

Advertisement