എഡിറ്റര്‍
എഡിറ്റര്‍
സോളാര്‍ പാനല്‍ തട്ടിപ്പ് കേസ്: മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങള്‍ പുറത്ത്
എഡിറ്റര്‍
Friday 14th June 2013 10:48am

oooomen-chandy..

തിരുവനന്തപുരം: സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ രണ്ട് സ്റ്റാഫംഗങ്ങളെ മാറ്റി. കേസില്‍ അന്വേഷണാടിസ്ഥാനത്തിലാണ്  ഇവരെ മാറ്റിയത്. മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങളായ ടെന്നി ജോപ്പന്‍, സലീം എന്നിവരെയാണ് മാറ്റിയത്.
Ads By Google

സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് സഭയില്‍ ഇന്ന് വീണ്ടും പ്രതിപക്ഷം ബഹളം വെച്ചതോടെയാണ് സ്റ്റാഫംഗങ്ങളെ മാറ്റാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്.

സോളാര്‍ തട്ടിപ്പുകേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഒത്താശയെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചിരുന്നു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു.

സോളാര്‍ പാനല്‍ തട്ടിപ്പ് കേസിലെ പ്രതിയായ സരിതയുമായുള്ള ഫോണ്‍ സംഭാഷണം എ.ഡി.ജി.പിയെ  അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.  ആഭ്യന്തരമന്ത്രിയാണ് നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫീസും സരിതയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് അന്വേഷിക്കുക. ദക്ഷിണ മേഖലാ എ.ഡി.ജി.പി ഹേമചന്ദ്രനാണ് അന്വേഷണ ചുമതല.

സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ അടുത്തിടെ അറസ്റ്റിലായ മുഖ്യപ്രതി സരിത എസ്. നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പഴ്‌സണല്‍ അസിസ്റ്റന്റിനെ ഒരാഴ്ചയ്ക്കിടെ 17 തവണ വിളിച്ചതിന്റെ രേഖകള്‍ പുറത്തായിരുന്നു.

സരിതയുടെ പേരിലുള്ള 9446735555 മൊബൈല്‍ നമ്പറില്‍ നിന്നു മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ അസിസ്റ്റന്റായ ടെന്നി ജോപ്പന്റെ 9447274799 എന്ന മൊബൈല്‍ നമ്പരിലേക്ക് 17 തവണയും തിരിച്ച് ജോപ്പന്റെ ഫോണില്‍ നിന്നു സരിതയെ 21 തവണയും വിളിച്ചതിന്റെ തെളിവുകള്‍ സ്വകാര്യ ചാനലാണ് പുറത്ത് വിട്ടത്.

മേയ് 23 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലായിരുന്നു  ഫോണ്‍ വിളികള്‍. ജൂണ്‍ മൂന്നിനാണ് ചെങ്ങന്നൂര്‍ വൈഎംസിഎയ്ക്കുസമീപം വട്ടപ്പാറ പടിഞ്ഞാറേതില്‍വീട്ടില്‍ സരിത എസ് നായരെ (35) തിരുവനന്തപുരത്ത് ഇടപ്പഴിഞ്ഞിയിലെ വാടകവീട്ടില്‍നിന്നാണ് അറസ്റ്റുചെയ്തത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ 2318406, 2314853 എന്നീ ലാന്‍ഡ്‌ലൈന്‍ നമ്പറുകളില്‍നിന്നാണ് മൂന്നു തവണ വീതം സരിതയെ വിളിച്ചത്. കൂടാതെ ജോപ്പന്റെ മൊബൈലില്‍ നിന്ന് 19 എസ്.എം.എസുകളും സരിതയ്ക്കയച്ചിട്ടുണ്ട്.

സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ മുഖ്യ പ്രതിയായ സരിത എസ് നായരുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.  എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയായിരുന്നു.

സരിതയുമായി മുഖ്യമന്ത്രി സംസാരിച്ചിട്ടുണ്ട്. 70 തവണ മുഖ്യമന്ത്രിയുടെ നമ്പറിലേക്കും തിരിച്ചും കോളുകള്‍ പോയിട്ടുണ്ട്. സ്റ്റാഫ് അംഗത്തെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാകില്ലെന്നും വി.എസ് ആരോപിച്ചിരുന്നു.

Advertisement