എഡിറ്റര്‍
എഡിറ്റര്‍
വി.എസ്സിന്റെ കൂടംകുളം യാത്ര: കേന്ദ്ര കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം
എഡിറ്റര്‍
Saturday 13th October 2012 2:05pm

ന്യൂദല്‍ഹി: കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ കൂടംകുളം യാത്രക്കെതിരെ കേന്ദ്ര കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം. അച്യുതാനന്ദന്റെ കൂടംകുളം യാത്ര ഒഴിവാക്കേണ്ടതായിരുന്നെന്നാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്ന പൊതു അഭിപ്രായം. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്കും എ.വിജയരാഘവനുമാണ് വി.എസ്സിനെതിരെ കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം നടത്തിയത്.

Ads By Google

കൂടംകുളം വിഷയത്തില്‍ പാര്‍ട്ടി നിലപാട് മാറ്റണമെന്ന വി.എസിന്റെ കത്തുമായി ബന്ധപ്പെട്ട ചര്‍ച്ചയിലായിരുന്നു വിമര്‍ശനം. തമിഴ്‌നാട്ടിലുള്ള അംഗങ്ങളും വി.എസ്സിന്റെ സന്ദര്‍ശനത്തെ വിമര്‍ശിച്ചു. ഇന്നലെയായിരുന്നു വി.എസ് പോളിറ്റ്ബ്യൂറോയ്ക്ക് കത്തയച്ചത്.

കൂടംകുളം ഒരു ജനകീയ വിഷയമാണെന്നും ആണവോര്‍ജ്ജത്തെക്കുറിച്ച് പാര്‍ട്ടിയുടെ നയരൂപീകരണ കമ്മിറ്റിയായ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പാര്‍ട്ടി ഒരു നയം രൂപപ്പെടുത്തിയിരുന്നെങ്കിലും അന്നത്തെ സ്ഥിതിയല്ല ഇപ്പോള്‍ കൂടംകുളം വിഷയത്തില്‍ നിലനില്‍ക്കുന്നതെന്നും വി.എസ് വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ സുരക്ഷയ്ക്കായിരിക്കണം പാര്‍ട്ടി പ്രാധാന്യം നല്‍കേണ്ടത്. ജയ്താപൂര്‍ ആണവനിലയ പദ്ധതിയോടുള്ള അതേ നിലപാട് തന്നെയായിരിക്കണം കൂടംകുളത്തോടും കാണിക്കേണ്ടതെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു.

വി.എസിന്റെ നീക്കം സ്വാഗതാര്‍ഹമാണെന്ന് കൂടംകുളം സമരനേതാവ് ഉദയകുമാറും വ്യക്തമാക്കിയിരുന്നു. ജെയ്താപൂര്‍ പദ്ധതിയോടുള്ള അതേനിലപാട് തന്നെയാവണം കൂടംകുളത്തും സ്വീകരിക്കേണ്ടതെന്നും ഇടതുപക്ഷം ബി.ജെ.പി യെ പോലെ ചിന്തിക്കാന്‍ പാടില്ലെന്നും ഉദയകുമാര്‍ പറഞ്ഞിരുന്നു.

Advertisement