'ആനുകൂല്യങ്ങള്‍ ഒഴിവാക്കാന്‍ ഭീഷണിപ്പെടുത്തി രാജിവെപ്പിക്കുന്നു,'; ബൈജൂസിനെതിരെ മന്ത്രിക്ക് പരാതി നല്‍കിയ ജീവനക്കാര്‍ ഡൂള്‍ന്യൂസിനോട്
Kerala News
'ആനുകൂല്യങ്ങള്‍ ഒഴിവാക്കാന്‍ ഭീഷണിപ്പെടുത്തി രാജിവെപ്പിക്കുന്നു,'; ബൈജൂസിനെതിരെ മന്ത്രിക്ക് പരാതി നല്‍കിയ ജീവനക്കാര്‍ ഡൂള്‍ന്യൂസിനോട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th October 2022, 6:46 pm

തിരുവനന്തപുരം: എഡ്യുടെക് ആപ്ലിക്കേഷനായ ബൈജൂസിനെതിരെ മന്ത്രി വി. ശിവന്‍കുട്ടിക്ക് ജീവനക്കാരുടെ പരാതി. മുന്‍കൂര്‍ അറിയിപ്പ് നല്‍കാതെ കമ്പനി തിരുവനന്തപുരത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുനിനുവെന്ന് ബൈജൂസ് അധികൃതര്‍ അറിയിച്ചതായാണ് ജീവനക്കാരുടെ പരാതി.

പിരിച്ചുവിട്ട തൊഴിലാളികളാണ് തങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ശിവന്‍കുട്ടിയെ സമീപിച്ചത്. 170 ലധികം പേരെയാണ് ഇത് ബാധിക്കുന്നതെന്നും ടെക്നോപാര്‍ക് ജീവനക്കാരുടെ ക്ഷേമസംഘടനയായ ‘പ്രതിധ്വനി’ മന്ത്രി ശിവന്‍കുട്ടിയെ അറിയിച്ചു.

നഷ്ടപരിഹാര ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം. ജീവനക്കാരുടെ പരാതിയില്‍ ഗൗരവതരമായ പരിശോധന തൊഴില്‍ വകുപ്പ് നടത്തുമെന്നും തൊഴില്‍ നഷ്ടമടക്കം നിരവധി പരാതികള്‍ ജീവനക്കാര്‍ക്കുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

‘തിരുവനന്തപുരം ടെക്നോ പാര്‍ക്കിലെ ബൈജുസ് ആപ്പിലെ ജീവനക്കാര്‍ എന്നെ വന്ന് കണ്ടിരുന്നു. തൊഴില്‍ നഷ്ടമടക്കം നിരവധി പരാതികള്‍ ജീവനക്കാര്‍ക്കുണ്ട്. ഇക്കാര്യത്തില്‍ ഗൗരവകരമായ പരിശോധന തൊഴില്‍ വകുപ്പ് നടത്തും,’മന്ത്രി പറഞ്ഞു.

നിര്‍ബന്ധിത രാജിയാണ് തൊഴിലാളികളില്‍ നിന്ന് ബൈജൂസ് ആവശ്യപ്പെട്ടതെന്ന് ബൈജൂസ് ജീവനക്കാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ആനുകൂല്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് തങ്ങളെക്കൊണ്ട് ഭീഷണിപ്പെടുത്തി രാജിവെപ്പിച്ചത്. വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് മെയില്‍ അയച്ചെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചില്ല. അതിനെത്തുടര്‍ന്നാണ് തൊഴില്‍ വകുപ്പ് മന്ത്രിയായ ശിവന്‍കുട്ടിയെ ഞങ്ങള്‍ സമീപിച്ചതെന്നും ബൈജൂസ് ജീവനക്കാരന്‍ പറഞ്ഞു.

‘സാമ്പത്തികമാന്ദ്യം കാരണമാണ് നിര്‍ത്തുന്നത് തിരുവനന്തപുരം യുണിറ്റിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നാണ് കമ്പനി അധികൃതര്‍ ഞങ്ങളോട് പറഞ്ഞത്. ഇതേപോലെ തന്നെ പൂനെയിലെ യൂണിറ്റും പൂട്ടിയിരുന്നു. സാധാരണ കമ്പനി അധികൃതര്‍ ചെയ്യുന്നത് തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാതെ പിറ്റേദിവസം മുതല്‍ വരണ്ടെന്ന് പറയുകയാണ്. എന്നാല്‍ ഈ വിവരം അറിഞ്ഞതോടെ തിരുവനന്തപുരം യൂണിറ്റിലെ തൊഴിലാളികള്‍ വര്‍ക്ക് നിര്‍ത്തിവെച്ചു. ഒരു തീരുമാനം അറിഞ്ഞിട്ട് വര്‍ക്ക് ചെയ്യാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച കമ്പനി അധികൃതര്‍ വന്ന് നാളെ മുതല്‍ നിങ്ങള്‍ വരണ്ടെന്ന് പറഞ്ഞു. എന്നാല്‍ കമ്പനി പൂട്ടുകയാണെന്ന് മനസിലായതോടെ കൂട്ടായി ചര്‍ച്ച ചെയ്ത് ഞങ്ങളുടെ ആവശ്യങ്ങളും, തുടര്‍ന്നുള്ള ആനുകൂല്യങ്ങളും കമ്പനി അധികാരികളെ അറിയിച്ചു. എന്നാല്‍ അവര്‍ ഭീഷണിപ്പെടുത്തി ഞങ്ങളെക്കൊണ്ട് രാജിവെപ്പിക്കുകയാണ് ചെയ്യുന്നത്. ആനുകൂല്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ഞങ്ങളെക്കൊണ്ട് ഭീഷണിപ്പെടുത്തി രാജിവെപ്പിക്കുന്നത്.

ഈ വിഷയങ്ങളെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ട് തിരുവനന്തപുരം ടെക്നോ പാര്‍ക്ക് യൂണിറ്റിലെ യൂണിറ്റിലെ തൊഴിളാലികളെല്ലാം ബന്ധപ്പെട്ട അധികാരികള്‍ക്ക് മെയില്‍ അയച്ചെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചില്ല. അതിനെത്തുടര്‍ന്നാണ് തൊഴില്‍ വകുപ്പ് മന്ത്രിയായ ശിവന്‍കുട്ടിയെ ഞങ്ങള്‍ സമീപിച്ചത്,’ ബൈജൂസ് തിരുവനന്തപുരം യൂണിറ്റിലെ ജീവനക്കാരന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

Content Highlight: Byju’s employees meet Kerala minister after staff are asked to resign