Administrator
Administrator
ടിങ്കിറ്റാമിന്റെ മാനസ പുത്രന്‍
Administrator
Wednesday 31st August 2011 1:46pm

വിബീഷ് വിക്രം

കാഞ്ചന്‍ ജംഗ മലനിരകളുടെ അരിക് പറ്റി അനുപമമായൊരു ഗ്രാമം. ടിങ്കിറ്റാം. പച്ചപ്പ് വിരിച്ച് നില്‍ക്കുന്ന ഏലതോട്ടങ്ങളാല്‍ സമ്പന്നമായ പ്രകൃതി. മലനിരകളെ തഴുകി തലോടിയെത്തുന്ന തണുത്ത കാറ്റ്. കാറ്റിന്റെ താളത്തിനൊത്ത് ഓളം വെട്ടുന്ന ഇഞ്ചി ചെടികള്‍. ഓറഞ്ച് തോട്ടങ്ങള്‍. ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ആശയവിനിമയ സംവിധാനങ്ങളൊന്നും ഇത് വരെ ഇവിടേക്കെത്തിയിട്ടില്ല. ടെലിഫോണില്ല. കേബിള്‍ നെറ്റ് വര്‍ക്കില്ല. ചീറിപ്പായുന്ന വാഹനങ്ങളുടെ അലോസരപ്പെടുത്തുന്ന ശബ്ദ കോലാഹങ്ങളില്ല.

ചെറിയ കല്ലുകള്‍ നിറഞ്ഞ ഇടുങ്ങിയ നടവഴികള്‍. ശ്രദ്ധിച്ച് നടന്നില്ലെങ്കില്‍ കൂര്‍ത്ത കല്ലില്‍ തട്ടി കാല്‍ മുറിഞ്ഞെന്നിരിക്കും. ഈ ഊട് വഴികളിലൂടെ പന്ത് തട്ടിയാണ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ നടുമുറ്റത്തേക്ക് ബൈച്ചുംഗ് ബൂട്ടിയ കളിച്ച് കയറിയത്. ഇന്ത്യന്‍ ഫുട്‌ബോളിലെ ഒരേയൊരു സൂപ്പര്‍ സ്റ്റാറിന്റെ ജന്മ നാടാണ് ടിങ്കിറ്റാമെന്നീ മലയോരഗ്രാമം.

ഒരു കളിക്കാരനെന്നതിലുപരി ഓരോ ടിങ്കിറ്റുകാരന്റയും ഹൃദയങ്ങളെ തമ്മില്‍ ഒന്നിപ്പിക്കുന്ന വികാരമാണ് ബൂട്ടിയ. ബുദ്ധമതാനുയായികളേറെയുള്ള നാടാണ് ടിങ്കിറ്റാം. ബുദ്ധനോളം തന്നെ ബൂട്ടിയയെയും ഗ്രാമവാസികല്‍ ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്നു. എന്ന് വച്ച് ആരാധനാപാത്രങ്ങള്‍ക്ക് അമ്പലങ്ങള്‍ പണികഴിപ്പിക്കുന്നത് പോലെ ബൂട്ടിയക്കായി നാട്ടുകാര്‍ ക്ഷേത്രങ്ങളൊന്നും തീര്‍ത്തിട്ടില്ല. പകരം പ്രിയ താരത്തിനുള്ള സ്‌നേഹസമ്മാനമായി ഒരു സ്റ്റേഡിയം പണി കഴിപ്പിച്ചു. ടിങ്കിറ്റാമില്‍ നിന്നും 40 മിനിട്ട് യാത്ര ചെയ്താലെത്താവുന്ന നാംചിയിലെ ബൈച്ചുംഗ് സ്റ്റേഡിയം.

ടിങ്കിറ്റാമിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്ന രാജ്യത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് കീര്‍ത്തി പരന്ന താരമായി ബൂട്ടിയ വളര്‍ന്നത് സ്വന്തം കഴിവ് കൊണ്ട് മാത്രമാണ്. പതിനാറാം വയസ്സില്‍ സുബ്രതോകപ്പില്‍ കാഴ്ച വച്ച മികച്ച പ്രകടനമാണ് ബൂട്ടിയയുടെ ഫുട്‌ബോളിലേക്കുള്ള വരവറിയിച്ചത്. ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ടിങ്കിറ്റാമുകാരനെ മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ രൂപാങ്കുര്‍ ഗാംഗുലി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഗാംഗുലിയുടെ ശ്രമഫലമായി അധികം താമസിയാതെ ബൂട്ടിയ കൊല്‍ക്കത്ത ചാംപ്യന്‍മാരായ ഈസ്റ്റ് ബംഗാള്‍ നിരയിലെത്തി. ഈസ്റ്റ് ബംഗാളിലും മികച്ച പ്രകടനം ആവര്‍ത്തിച്ച ബൂട്ടിയയെ തേടി അധികം വൈകാതെ ഇന്ത്യന്‍ ടീമിന്റെ വിളിയുമെത്തി. 1995ല്‍ ഉസ്‌ബെക്കിസ്താനെതിരായ സൗഹൃദമത്സരത്തില്‍ ഇന്ത്യയുടെ നീലകുപ്പായമണിഞ്ഞ ബൂട്ടിയ മത്സരത്തില്‍ ഗോളും നേടി. ഇതോടെ മറ്റൊരംഗീകാരവും ബൂട്ടിയയെ തേടിയെത്തി. ഇന്ത്യക്കായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍.

ഏറെതാമസിയാതെ തന്റെ ഇരുപത്തിയൊന്നാം വയസ്സില്‍ ഈസ്റ്റ് ബംഗാളിന്റെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. 1999ല്‍ ഇന്ത്യന്‍ ക്യാപറ്റനുമായി. നെഹ്‌റു കപ്പ്(2007-2009), സാഫ് കപ്പ്(1997-1999), സാഫ് ഗെയിംസ്(1995), എല്‍.ജി. കപ്പ്(1995) ബൂട്ടിയയുടെ കിരീടത്തില്‍ നേട്ടങ്ങളുടെ പൊന്‍തൂവലുകള്‍ അനവധി. ഇതില്‍ തന്നെ നെഹ്‌റു കപ്പിലും സാഫ് കപ്പിലും ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായും തെരഞ്ഞെടുക്കപ്പെട്ടു. 2006.2008 വര്‍ഷങ്ങളിലായി രണ്ട് തവണ് ഇന്ത്യന്‍ ഫുട്്‌ബോള്‍ ഫെഡറേഷന്റെ ഏറ്റവും മികച്ച കളി്ക്കാരനായും തെരഞ്ഞെടുക്കപ്പെട്ടു.

ഒന്നര ദശാബ്ദത്തിലേറെ നീണ്ട് നിന്ന അന്താരാഷ്ട്ര കരിയറില്‍ ബൂട്ടിയ കൈവരിച്ച നേട്ടങ്ങള്‍ക്ക് സമാനതകളില്ല. രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളി്ച്ച ബൂട്ടിയയുടെ സുവര്‍ണ്ണ പാദങ്ങളില്‍ നിന്ന് തന്നെയാണ് രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറവിയെടുത്തതും. ഒരുപാട് കാലം ഇന്ത്യയെ നയിച്ച ബൂട്ടിയക്ക് രാജ്യത്തിനായ് ഒളിപിംക് മെഡലോ, ലോകകപ്പോ നേടിത്തരാന്‍ സാധിച്ചിട്ടില്ലായിരിക്കാം. പക്ഷെ കായികരംഗത്ത് തന്റെ മേഖലയില്‍ ബൂട്ടിയ കൈവരിച്ച അതിശയിപ്പിക്കുന്ന ട്രാക് റെക്കോര്‍ഡ് വളരെ കുറച്ച് പേര്‍ക്കേ ഇന്ത്യയിലവകാശപ്പെടാനാവൂ. അതിനുള്ള പാരിതോഷികമായാണ് കായികരംഗത്തെ ശ്രേഷ്ഠമായ പത്മ, അര്‍ജ്ജുന അവാര്‍ഡുകള്‍ രാജ്യം ബൂട്ടിയക്ക് സമ്മാനിച്ചത്.

ടിങ്കിറ്റാമിലെ ഓരോ യുവാക്കളുടെയും റോള്‍ മോഡലാണ് ബൂട്ടിയ. ബൂട്ടിയ ഫുട്‌ബോളിലെ ബാലപാഠങ്ങള്‍ അഭ്യസിച്ച തലസാഥാന നഗരമായ ഗാങ്‌ടോക്കിലെ താഷി നംഗ്യാല്‍ അക്കാദമിയിലെ കുട്ടികള്‍ തങ്ങളുടെ ഹോസ്റ്റല്‍ മുറികളില്‍ മുഴുവന്‍ പ്രിയ താരത്തിന്റെ പോസ്റ്ററുകള്‍ കൊണ്ട് നിറച്ചിരിക്കുകയാണ്. എല്ലാവരും ബൂട്ടിയയെപ്പോലെയാവാന്‍ കൊതിക്കുന്നു. മുമ്പൊക്കെ രക്ഷിതാക്കള്‍ കുട്ടികളുടെ പഠനത്തിനായിരുന്നു കൂടുതല്‍ പ്രാധാന്യം കല്‍പ്പിച്ചിരുന്നത്. ഇന്ന് കുട്ടികള്‍ ഫുട്‌ബോള്‍ കരിയര്‍ ആയി എടുക്കുന്നതില്‍ അവര്‍ അഭിമാനം കൊള്ളുന്നു. ഇതിന്റയെല്ലാം ഫലങ്ങള്‍  പ്രകടമായി കണ്ട്‌ വരുന്നുണ്ട്. ബൂട്ടിയയുടെ നേട്ടം ഒഴിച്ച് നിര്‍ത്തിയാല്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ വലിയ മേന്‍മകളെന്നും അവകാശപ്പെടാനില്ലാത്ത ഇവിടങ്ങളില്‍ നിന്നും പ്രതിഭയുടെ പുതിയ നാമ്പുകള്‍ കിളിര്‍ത്ത് വരുന്നുണ്ട്.

എല്ലാ പ്രതിസന്ധികലെയും പരിമിതികളെയും എതിര്‍ പ്രതിരോധനിരയിലെ കാവല്‍ ഭടന്‍മാരെ കബളിപ്പിച്ച് ലക്ഷ്യം കാണുന്ന സ്‌ട്രൈക്കറുടെ കൃത്യതയോടെ ബൂട്ടിയ മറികടക്കും. അപരിഷ്‌കൃതവും നാഗരികവുമായ ടിങ്കിറ്റാമെന്ന കുഗ്രാമത്തില്‍ നിന്നും പാരമ്പര്യമേറെ അവകാശപ്പെടാനുണ്ടെങ്കിലും ആരാധിക്കാന്‍ വിഗ്രഹങ്ങള്‍ വിരളമായ ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിന്റെ ശ്രീകോവിലിലേക്കുള്ള ബൂട്ടിയയുടെ പ്രയാണവും അത്ര സുഖകരമായിരുന്നില്ലല്ലോ.

ഒരുപക്ഷെ മലവാസികളുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന പ്രതിബന്ധങ്ങളെ കീഴടക്കി ജയിച്ച് കയറാനുള്ള ഒടുങ്ങാത്ത ത്വര, അതുതന്നെയാവണം ബൂട്ടിയയെയും ഇവിടെ വരെ എത്തിച്ചത്. അത്‌കൊണ്ടായിരിക്കാം യുവാക്കളുടെ മാത്രമല്ല നിലനില്‍പ്പിന് വേണ്ടി പ്രകൃതിയോട് മല്ലടിച്ച വിജയം വരിക്കാന്‍ ശ്രമിക്കുന്ന ഓരോ ടിങ്കിറ്റുകാരന്റെയും ഹൃദയത്തില്‍ ബൂട്ടിയക്ക് ഇടം പിടിക്കാന്‍ സാധിച്ചത്.

കഴിഞ്ഞ ഒന്നര ദശാബ്ദത്തനുള്ളില്‍ ലോക ഫുട്‌ബോളില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. താരരാജാക്കന്‍മാരുടെ സിംഹാസനത്തില്‍ ഒരുപാട് പേര്‍ അവരോധിക്കപ്പെട്ടു. അവരൊക്കെയും അധികം താമസിയാതെ പുതിയ താരരാജകുമാരന്‍മാര്‍ക്ക് വഴിമാറിക്കൊടുക്കുകയും ചെയ്തു. ബ്രസീലിന്റെ കാര്യം തന്നെ എടുക്കാം. റൊമാരിയോ, റൊണാള്‍ഡോ, റൊണാല്‍ഡീഞ്ഞോ, കാക്കാ എന്നിങ്ങനെ പുത്തന്‍ താരോദയം നെയ്മറിലെത്തി നില്‍ക്കുന്നു ആ തുടര്‍ചങ്ങല. അര്‍ജന്റീനയുടെ കാര്യത്തിലാണെങ്കില്‍ ബാറ്റിസ്‌ററ്യൂട്ടയില്‍ തുടങ്ങി മിശിഹാ മെസ്സിയില്‍ എത്തി നില്‍ക്കുന്നു.

എന്നാലീ പതിനാറ് വര്‍ഷവും ലോകത്തിന് മുന്നില്‍ നമുക്ക് ഉയര്‍ത്തികാണിക്കാന്‍ ഒരു ബൂട്ടിയയേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് സത്യം. അത് തന്നെയാണ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ പരാജയവും….

Advertisement