കാതടപ്പിക്കുന്ന ശബ്ദവും, കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവും ഇനി ടൂറിസ്റ്റു ബസുകളിൽ ഉണ്ടാകില്ല; ഹൈക്കോടതി വിധി അനുസരിക്കാൻ തയാറായി ബസ് ഉടമകൾ
kERALA NEWS
കാതടപ്പിക്കുന്ന ശബ്ദവും, കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവും ഇനി ടൂറിസ്റ്റു ബസുകളിൽ ഉണ്ടാകില്ല; ഹൈക്കോടതി വിധി അനുസരിക്കാൻ തയാറായി ബസ് ഉടമകൾ
ന്യൂസ് ഡെസ്‌ക്
Thursday, 24th January 2019, 11:37 pm

കൊച്ചി: ടൂറിസ്റ്റ് ബസ്സുകളിൽ ഇനിമുതൽ അധികൃതരുടെ അനുവാദമില്ലാതെ ഫ്ലെക്സിബിൾ എൽ.ഇ.ഡി. ലൈറ്റുകൾ, വിവിധ നിറത്തിലുള്ള എൽ.ഇ.ഡി. ബൾബുകൾ ഹാലജൻ ഡ്രൈവിംഗ് ലാമ്പുകൾ, ഉയർന്ന ശബ്ദം പുറപ്പെടുവിക്കുന്ന ഹൈ പവർ ഓഡിയോ സംവിധാനങ്ങൾ എന്നിവ ഉപയോഗിക്കാനാവില്ല. യാത്രക്കാർക്ക് വിനോദം പ്രദാനം ചെയ്യാനെന്ന ന്യായത്തിൽ ഉപയോഗിക്കുന്ന ഈ സംവിധാനങ്ങൾ വൻ സുരക്ഷാ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഉച്ചത്തിലുള്ള ശബ്ദവും കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവും ടൂറിസ്റ്റു ബസിന്റെ ഡ്രൈവറുടെയും, റോഡിലുള്ള മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരുടെയും ശ്രദ്ധ തെറ്റിക്കുകയും വാഹനാപകടങ്ങൾക്ക് വഴി തെളിക്കുകയും ചെയ്യും എന്ന് കണ്ടാണ് കോടതി ഇത്തരത്തിലൊരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

ഇത്തരം സംവിധാനങ്ങൾ കഴിയുംവിധം വേഗത്തിൽ വാഹനങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്ന് ടൂറിസ്റ്റു ബസ് ഉടമകളോടായി ഹൈക്കോടതി നിർദ്ദേശിച്ചു. മാത്രമല്ല വാഹനങ്ങൾക്ക് കോൺട്രാക്ട് ടൂറിസ്റ്റു ബസുകളായി തുടരണമെങ്കിൽ വാഹനങ്ങളുടെ മേലുള്ള ഗ്രാഫിക്‌സും എഴുത്തുകളുമുൾപ്പെടെ, എല്ലാം നീക്കം ചെയ്യേണ്ടതാണെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ ആണ് വിധി പുറപ്പെടുവിച്ചത്.

Also Read 2019ല്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല, പ്രാദേശിക പാര്‍ട്ടികളുടെ നിലപാട് നിര്‍ണ്ണായകം; എ.ബി.പി ന്യൂസ്- സി വോട്ടര്‍ സര്‍വേ

നേരത്തെ, ടൂറിസ്റ്റു വാഹനങ്ങളിൽ നിന്നും യാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും അലോസരമുണ്ടാകുന്ന, സുരക്ഷയിൽ വിട്ടുവീഴ്ച്ച വരുത്തുന്ന ഇത്തരത്തിലുള്ള സംവിധാനങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സർക്കാരിന്റെ മോട്ടോർ വാഹന വകുപ്പ് ടൂറിസ്റ്റു ബസ് ഉടമകൾക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഈ നോട്ടീസിനെതിരെ ബസ് ഉടമകളുടെ സംഘടനയായ “ഓൾ കേരള കാരിയേജ് ഓപ്പറേറ്റർസ് അസോസിയേഷൻ(സി.സി.ഒ.എ.)” ഹൈക്കോടതിയിൽ റിട്ട് ഹർജി കൊടുക്കുകയായിരുന്നു. ഇപ്പോൾ ഈ റിട്ട് തള്ളിക്കൊണ്ടാണ് ഈ കാര്യത്തിൽ കോടതിക്കുള്ള നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കേരള മോട്ടോർ വാഹന നിയമത്തിലെ ചട്ടം 286 പ്രകാരം വാഹനങ്ങൾക്ക് ഉള്ളിൽ യാത്രക്കാർ ഇരിക്കുന്ന ഭാഗത്ത് ആവശ്യത്തിന് വെളിച്ചം നൽകാൻ ഒന്നോ രണ്ടോ വൈദ്യത ലൈറ്റുകൾ ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഇങ്ങനെ ഘടിപ്പിക്കുന്ന ലൈറ്റുകൾ ഒരിക്കലും വാഹനം ഓടിക്കുന്ന ആളുടെ ശ്രദ്ധയെ ഒരു വിധത്തിലും ബാധിക്കാനും പാടില്ല. കോടതി ചൂണ്ടികാണിച്ചു.

ഇത്തരം വാഹനങ്ങൾ വാഹനം ഓടിക്കുന്ന ഡ്രൈവറുടെ ശ്രദ്ധയെ ബാധിക്കുക മാത്രമല്ല, ശബ്ദോപകരണങ്ങൾക്കും ലൈറ്റുകൾക്കും വേണ്ടി ഉയർന്ന തോതിലുള്ള വൈദ്യുതി ഉപയോഗിക്കുന്നത് കാരണം വാഹനത്തിന്റെ ബാറ്ററികൾ കേടു വരാനും തീപിടുത്തം വരെ ഉണ്ടാകാനും സാധ്യതയുണ്ടെന്നും കേരള ഹൈക്കോടതിയിലെ അഭിഭാഷകൻ റിൽജിൻ വി. ജോർജ് പറയുന്നു “റിഫ്ലക്ടറും ഇന്ഡിക്കേറ്ററും മാത്രമാണ് മോട്ടോർ വെഹിക്കിൾ ആക്ടിൽ പറയുന്നത്. അല്ലാതെ എൽ.ഇ.ഡി ലൈറ്റുംമറ്റും വണ്ടിക്കകത് പാടില്ല. മാത്രമല്ല, സിനിമകളുടെയും മറ്റും ചിത്രങ്ങളും വണ്ടിയുടെ പുറത്ത് കൊടുക്കാൻ പാടില്ല. അത് മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ ഇല്ലാതാകും.സർക്കാരിന്റെ വാദം അംഗീകരിച്ചുകൊണ്ട് തന്നെയാണ് അത് പറഞ്ഞിരിക്കുന്നത്. ഇൻസ്പെക്ഷന് വേണ്ടിയിട്ട് 80തോളം വണ്ടികൾക്കാണ് സർക്കാർ നോട്ടീസ് കൊടുത്തത്.

Also Read ബോയിങ്ങിന്റെ പറക്കും കാര്‍; ആദ്യ പരീക്ഷണ പറക്കല്‍ പൂര്‍ത്തിയായി

“റോഡ് സേഫ്റ്റിക്കും ഈ എൽ.ഇ.ഡി. ലൈറ്റുകളും മറ്റും പ്രശനം തന്നെയാണ്. ബസിന്റെ പുറത്ത് വെക്കുന്ന ഇല്യൂമിനേഷൻ ലൈറ്റുകളും മറ്റും മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകും എന്നാണു സർക്കാർ കോടതിയിൽ പറഞ്ഞത്. പവർഫുൾ ആയിട്ടുള്ള ആംപ്ലിഫയറും സ്പീക്കറും ലൈറ്റുകളും പാടില്ല. മാത്രമല്ല ബസിനുള്ളിൽ ഉപയോഗിക്കുന്ന ഡി.ജെ. സംവിധാനങ്ങളും മറ്റും ഉയർന്ന തോതിലുള്ള വൈദ്യുതി ഉപയോഗിക്കുന്നവയാണ്. അങ്ങനെ വരുമ്പോൾ ഷോർട്ട് സർക്യൂട്ട് ഉണ്ടായി തീപിടുത്തമുണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.” അഭിഭാഷകൻ റിൽജിൻ ഡൂൾന്യൂസിനോട് പറഞ്ഞു.

വിധിയെ സ്വാഗതം ചെയ്തുകൊണ്ടാണ് ബസുടമകൾ ഡൂൾന്യൂസിനോട് പ്രതികരിച്ചത്. ബസുകളുടെ ചാനലുകളിൽ നിന്നും കർട്ടൻ നീക്കം ചെയ്യണം എന്ന ആവശ്യം ഒഴിച്ച് ബാക്കിയെല്ലാ കാര്യങ്ങളിലും അനുകൂല നിലപാടാണ് തങ്ങൾക്കുള്ളതെന്നു അവർ പറയുന്നു. കർട്ടനുകൾ ബസുകളിലെ താപം ഒരു പരിധിയിൽ കഴിഞ്ഞ കൂടാതിരിക്കാനും, വെയിൽ തടയാനുമാണ് ഉപകരിക്കുന്നതെന്നും അതുകൊണ്ട് കർട്ടനുകൾ നീക്കം ചെയ്യുന്നത് യാത്രക്കാർക്ക് അസൗകര്യം ഉണ്ടാക്കുമെന്നും സി.സി.ഒ.എ. പ്രസിഡന്റ് ബിനു ജോൺ ഡൂൾ ന്യൂസിനോട് പറഞ്ഞു. “കോടതിവിധിയെ അംഗീകരിക്കാനും അതനുസരിക്കാനും ഞങ്ങൾ തയാറാണ്. തികച്ചും അനുകൂലമായി തന്നെയാണ് ഞങ്ങളുടെ നിലപാട്. പലപ്പോഴും ഇങ്ങനെ ലൈറ്റുകളും മറ്റും വെയ്ക്കുമ്പോൾ പിറകിൽ നിന്ന് വരുന്ന വാഹനങ്ങൾ ഡ്രൈവർമാർക്ക് കാണാൻ സാധിക്കില്ല. ആംബുലൻസോ മറ്റോ ആണ് ഇങ്ങനെ വരുന്നതെങ്കിൽ അത് പിന്നെയും കഷ്ടമാകും.”

Also Read ഗോവ ബീച്ചില്‍ ഇനിമുതല്‍ പരസ്യ മദ്യപാനവും ഭക്ഷണം പാചകം ചെയ്യലും നടക്കില്ല; പുതിയ തീരുമാനവുമായ് സര്‍ക്കാര്‍

“വളരെ ചെറിയ ഒരു വിഭാഗം ബസ് ഉടമകൾ മാത്രമാണ് ഇങ്ങനെയുള്ള അലങ്കാരങ്ങളും മറ്റും ബസിൽ വെച്ച് പിടിപ്പിക്കുന്നത്. മൂന്നോ നാലോ ശതമാനം മാത്രമാന് ഇത്തരത്തിലുള്ള ബസ് ഉടമകൾ. ഭൂരിഭാഗവും ബുദ്ധിമുട്ടുകളുണ്ടാകാതെ സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നവരാണ്. തിരുവനന്തപുരത്ത് ആറ്റിങ്ങലിൽ നിന്നുമുള്ള ഒരു ബസ് ഉടമയാണ് സർക്കാർ നോട്ടീസിനെതിരെ റിട്ട് കൊടുക്കുന്നത്. ഭൂരിഭാഗം ബസ് ഉടമകളും സർക്കാരിനോട് സഹകരിക്കാൻ തയാറാണ്. എന്നാൽ കർട്ടൻ ഒഴിവാക്കുന്ന കാര്യം ഞങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. പ്രത്യേകിച്ച് ചൂട് സീസൺ വരുമ്പോൾ കർട്ടനുകൾ ഇല്ലാതെ വലിയ ബുദ്ധിമുട്ടാണ്. അത് ഞങ്ങൾക്ക് കിട്ടുന്ന ഓട്ടത്തെയും ബാധിക്കും. കുറച്ച് ആളുകളുമായി സർവീസ് നടത്തേണ്ടി വരും. പിന്നെ അടുത്ത “സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസ്(സി.എഫ്)” വരെയെങ്കിലും വണ്ടിയിലെ ഉപകരണങ്ങൾ നീക്കം ചെയ്യാൻ സമയം തരണം. രണ്ട് ലക്ഷത്തോളം രൂപ ചിലവ് വരുന്ന കാര്യമാണ്. നീട്ടി കിട്ടിയില്ലെങ്കിൽ അത് ബുദ്ധിമുട്ടാകും. ഇക്കാര്യം ഞങ്ങൾ വകുപ്പ് മന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്.” ബിനു പറയുന്നു. ഡൂൾന്യൂസ് തിരുവനന്തപുരത്ത് ആറ്റിങ്ങലിലുള്ള ഹർജിക്കാരനായ അജീഷുമായി ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയാറായില്ല.