ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
ബംഗ്ലാവിനകത്ത് ഞാന്‍ പണിത ക്ഷേത്രം എനിക്ക് തന്നെ തിരിച്ചുതരണം ; ബംഗ്ലാവ് വിവാദത്തില്‍ യു.പി സര്‍ക്കാരിനെതിരെ അഖിലേഷ് യാദവ്
ന്യൂസ് ഡെസ്‌ക്
Wednesday 13th June 2018 4:00pm

ലഖ്‌നൗ: സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് താന്‍ ഒഴിഞ്ഞ സര്‍ക്കാര്‍ ബംഗ്ലാവില്‍ നിന്നും വസ്തുവകകള്‍ മോഷണം പോയെന്നും പലതും നശിപ്പിക്കപ്പെട്ടെന്നുമുള്ള ബി.ജെ.പിയുടെ ആരോപണത്തിന് മറുപടിയുമായി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്.

ഇതിന് പിന്നില്‍ ബി.ജെ.പിയുടെ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും ഉപതെരഞ്ഞെടുപ്പുകളിലെ പരാജയങ്ങള്‍ക്ക് പിന്നാലെയാണ് ഇത്തരം വ്യാജ കഥകളുമായി ബി.ജെപി എത്തുന്നതെന്നും ലഖ്‌നൗവില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അഖിലേഷ് യാദവ് പറഞ്ഞു.

ഒഴിയുന്നതിനുമുമ്പ് അഖിലേഷും അനുയായികളും ചേര്‍ന്ന് ബംഗ്ലാവിലെ സാധനസാമഗ്രികള്‍ മോഷ്ടിച്ചെന്നും ചിലത് കേടുവരുത്തിയെന്നുമാണ് ബി.ജെ.പി.യുടെയും കേന്ദ്ര ഭവനനിര്‍മാണവകുപ്പു സഹമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെയും ആരോപണം.

ആരോപണത്തെ സാധൂകരിക്കുന്ന ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും ഇവര്‍ പുറത്തുവിടുകയും ചെയ്തിരുന്നു. ബംഗ്ലാവിലെ എ.സി. നീക്കംചെയ്ത നിലയിലും ഭിത്തിയും തറയും പൊട്ടിയ നിലയിലുമുള്ള ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.

പൊട്ടിയ ടൈലുകളും ലൈറ്റുകളും കൊണ്ട് എന്തുചെയ്യാനാണെന്ന് അഖിലേഷിനെ പരിഹസിച്ച് ഹര്‍ദീപ് സിങ് പുരി ചോദിച്ചിരുന്നു. താനിക്കാര്യം അഖിലേഷിനോട് നേരിട്ടുചോദിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ഔദ്യോഗിക ബംഗ്ലാവിലേക്ക് താമസം മാറിയ ശേഷം താന്‍ ആണ് അവിടുത്തെ നിര്‍മാണ പ്രവൃത്തികള്‍ പലതും നടത്തിയതെന്നും വീടൊഴിയുമ്പോള്‍ എന്താണ് എടുക്കേണ്ടതെന്ന് തന്റെ സ്വാതന്ത്ര്യമാണെന്നും അഖിലേഷ് യാദവ് പ്രതികരിച്ചു.


കാറിനു സൈഡ് കൊടുത്തില്ല; ഗണേഷ്‌കുമാര്‍ എം.എല്‍.എ യുവാവിനെ മര്‍ദ്ദിച്ചതായി പരാതി


ബാത്ത്‌റൂമിലെ വിലപിടിപ്പുള്ള ടാപ്പുകളും ഷവറുകളും നഷ്ടപ്പെട്ട നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇക്കാര്യത്തിലും അഖിലേഷ് നിലപാട് വിശദീകരിച്ചു. ‘അതെല്ലാം ഞാന്‍ വാങ്ങിയതും പണി കഴിപ്പിച്ചതുമാണ്. അവയില്‍ എത്രയെണ്ണമാണ് മോഷണം പോയത് എന്ന കണക്ക് സര്‍ക്കാര്‍ തന്നാല്‍ തിരിച്ചേല്‍പ്പിക്കാം’- അഖിലേഷ് യാദവ് പരിഹസിച്ചു.ബംഗ്ലാവിനുള്ളില്‍
താന്‍ പണി കഴിപ്പിച്ച ചെറിയ ക്ഷേത്രമുണ്ട്. അത് തനിക്ക് തന്നെ തിരികെ തരണമെന്നും അതിന് സര്‍ക്കാരിന് കഴിയുമോയെന്നും അഖിലേഷ് ചോദിച്ചു.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞുവിട്ട ചിലരാണ് ബംഗ്ലാവിന് കേടുപാടുകള്‍ വരുത്തിയതും സാധനങ്ങള്‍ കടത്തിയതെന്നും കൂടി അഖിലേഷ് ആരോപിച്ചു.

സംസ്ഥാനത്തെ വലിയ വലിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ വീടെന്നും ബംഗ്ലാവെന്നും പറഞ്ഞ് സര്‍ക്കാര്‍ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുകയാണെന്നും അഖിലേഷ് കുറ്റപ്പെടുത്തി.

ബംഗ്ലാവിന് കേടുപാടുപറ്റിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.

ലഖ്‌നൗവിലെ വിക്രമാദിത്യ മാര്‍ഗിലെ ബംഗ്ലാവാണ് അഖിലേഷ് ജൂണ്‍ രണ്ടിന് ഒഴിഞ്ഞത്. മുന്‍ മുഖ്യമന്ത്രിമാരായ എന്‍.ഡി. തിവാരി, മുലായംസിങ് യാദവ്, കല്യാണ്‍ സിങ്, മായാവതി, രാജ്‌നാഥ് സിങ് എന്നിവര്‍ക്കും ബംഗ്ലാവുകളൊഴിയാന്‍ കഴിഞ്ഞദിവസം എസ്റ്റേറ്റ് വകുപ്പ് നോട്ടീസുകളയച്ചിരുന്നു.

Advertisement