എഡിറ്റര്‍
എഡിറ്റര്‍
മുറിഞ്ഞ ദേശങ്ങളുടേയും മുടിഞ്ഞവംശങ്ങളുടെയും വഴിയരികെ ഒരു ബൂഹാരി സലൂണ്‍
എഡിറ്റര്‍
Wednesday 5th July 2017 10:36am

പതിനേഴാം നൂറ്റാണ്ടുകളുടെ മധ്യത്തില്‍ ആരംഭിച്ചു പിന്നീടങ്ങോട്ടുള്ള കാലം രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ചര്‍ച്ചകള്‍ക്കുള്ള കേന്ദ്രങ്ങളായി പരിണമിച്ച പ്രതിഭാസമായിരുന്നു ഇംഗ്ലണ്ടിലെ കോഫിഹൗസുകള്‍. സാധാരണക്കാരന് മരരലശൈയഹല അല്ലാതിരുന്ന ഇടങ്ങള്‍ക്കു ഒരു ബദല്‍ സംവിധാനം ആയി മാറുകയായിരുന്നു അവ, തുടര്‍ന്നങ്ങോട്ടുള്ള സാമൂഹിക വിപ്ലവങ്ങള്‍ക്കൊക്കെയും കോഫി ഹൗസുകള്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. കേരളത്തിലെ അത്തരം സമാനമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തിയിട്ടുള്ള രണ്ടു മുഖ്യധാരാ പൊതു ഇടങ്ങളാണ് ചായക്കടകളും ബാര്‍ബര്‍ ഷോപ്പുകളും… ജാതി അയിത്തം നിലനില്‍ക്കുന്ന കേരള സാമൂഹിക പശ്ചാലത്തില്‍ എന്ത് കൊണ്ടും പ്രസക്തി ഏറെയുള്ളത് ഒരു പക്ഷെ ബാര്‍ബര്‍ ഷോപ്പുകള്‍ക്കായിരിക്കും..

കോഫി ഹൗസുകള്‍ പുതിയ ചര്‍ച്ചകള്‍ക്കും അത് വഴി ഒരു നവപൊതുബോധം സൃഷ്ട്ടിക്കുന്നതിലുള്ള പങ്കായിരുന്നു വഹിച്ചിരുന്നെങ്കില്‍ കേരളത്തിലെ ബാര്‍ബര്‍ ഷോപ്പുകളുടെ ആരംഭം തന്നെ ഫ്യൂഡല്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെയുള്ള ഒരു നീക്കമായിരുന്നു. ജാതിയില്‍ മുന്തിയിലുള്ളവന് അങ്ങോട്ട് പോയി ക്ഷൗരം ചെയ്തു കൊടുക്കുന്നിടത്തു നിന്ന് മാറി ബാര്‍ബര്‍ ഷോപ്പുകളിലേയ്ക്കുള്ള പരിണാമം സംവാദങ്ങളുടെ ഒരു പുതിയ ഇടം രൂപപ്പെടുത്തുകയായിരുന്നു.

വര്‍ഷങ്ങള്‍ക്കു ഇപ്പുറം, സോഷ്യല്‍ മീഡിയ തരംഗം നിലനില്‍ക്കുന്ന അന്തരീക്ഷത്തിലും ഇവ മാറ്റങ്ങള്‍ക്കു പരിണാമപ്പെട്ടു കൊണ്ട് അതിജീവിക്കുന്നു എന്നത് അതിന്റെ സാധ്യതകളെ കുറക്കൂടി അടയാളപ്പെടുത്തുന്നു. ഇവിടെ നിന്നാണ് ‘ബുഹാരി സലൂണ്‍’എന്ന തന്റെ ഷോര്‍ട്ട് ഫിലിം യുവ സംവിധായകന്‍ പ്രഭുല്ലാസ് തുടങ്ങി വെക്കുന്നത്. തീവ്രവാദ കേസുകള്‍ ചാര്‍ത്തപ്പെട്ടു ജയിലുകളില്‍ അകപ്പെട്ടിരിക്കുന്ന രാജ്യത്തെ നിരവധി നിരപരാധികളായ മുസ്ലിം യുവാക്കളുടെ പ്രതിനിധാന കഥയാണ് ‘ബുഹാരി സലൂണ്‍’. ബാവുക്ക എന്ന ‘ബുഹാരി സലൂണിന്റെ ഉടമ’യിലൂടെ ഭരണകൂട ഹിംസയുടെയും സാമൂഹിക വിവേചനത്തിന്റെയും ഇരകളെ സിനിമ അടയാളപ്പെടുത്തുന്നു.

ചിത്രത്തിന്റെ സംവിധായകന്‍ പ്രഭുല്ലാസ്

മലയാള സിനിമകളിലെ ഭൂരിപക്ഷം ബാര്‍ബര്‍മാരും എല്ലാമറിയുമെന്നു ഭാവിക്കുന്ന എന്നാല്‍ ഒന്നുമറിയാത്ത കോമാളി കഥാപാത്രങ്ങളായിരുന്നു എന്ന് നമ്മളോര്‍ക്കണം. ശ്രീനിവാസന്‍ സിനിമകളിലെ ബാര്‍ബര്‍ കഥാപാത്രങ്ങളൊക്കെ പോലെയുള്ള ഹാസ്യകഥാപാത്രങ്ങള്‍. എന്നാല്‍ ബുഹാരി സലൂണിലെ ബാവുക്ക അത്തരം ക്ലീഷേകള്‍ക്കു ഒരു അപവാദമാാണ്.

ബാര്‍ബര്‍ സലൂണ്‍ എന്ന ഇടത്തിന്റെ തനത് സ്വഭാവ സവിശേഷത എന്നത്, മേല്‍പറഞ്ഞ പോലെ ഒരു നാട്ടിലെ സാമൂഹിക അന്തരീക്ഷത്തില്‍ അതുമുഴച്ചു നില്‍ക്കും എന്നതാണ്. ബുഹാരി എന്ന അറബിക് പദം അത്തരത്തിലുള്ള ഒരു ഇടത്തെ എത്രത്തോളം അലോസരപ്പെടുത്തുന്നു എന്ന യാഥാര്‍ഥ്യം ചിത്രം എടുത്തു കാണിക്കുന്നു. അതിനാല്‍ തന്നെ ബാവുക്ക എന്ന വ്യക്തിക്ക് അനുഭവിക്കേണ്ടി വരുന്ന ഹിംസയേക്കാള്‍ എന്നെ ഭയപ്പെടുത്തുന്നത് ചിത്രത്തിന്റെ അവസാനത്തിലുള്ള ബുഹാരി സലൂണിന്റെ അഭാവമാണ്; അല്ലെങ്കില്‍ കപട ദേശീയ ചിഹ്നങ്ങള്‍ കൊണ്ടുള്ള ആദേശമാണ്.

സമുദായത്തിന്റെ സാംസ്‌കാരിക ആത്മഹത്യയായാണ് അഥവാ പതിയെ പതിയെ വംശീയമായി ഉന്മൂലനം ചെയ്യപ്പെടുന്ന മുസ്ലിം സമുദായത്തിന്റെ അവസ്ഥയെയാണ് ആദേശം ചെയ്യപ്പെടുന്ന ഈ സലൂണ്‍ പ്രതിനിധാനം ചെയ്യുന്നതെന്ന് ഫ്രെയിമുകള്‍ക്കിടയിലൂടെ പ്രഭുല്ലാസ് വരച്ചിടുന്നുണ്ട്.

മൂന്നു തരത്തിലുള്ള കാഴ്ച വീക്ഷണങ്ങളാണ് പ്രേക്ഷകരോടുള്ള സംവേദനത്തിനായി ചിത്രത്തില്‍ സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നത്. ബാവുക്കയെയും ബുഹാരി എന്ന പേരിലുള്ള സലൂണിനെയും അപരവത്കരിച്ചു കൊണ്ടുള്ള സമൂഹത്തിന്റെ ദൃഷ്ടി, ബാവുക്ക എന്ന മുസ്ലിം കടന്നു പോകുന്ന അവസ്ഥകളുടെയും മാനസിക വ്യഥകളുടെയും വീക്ഷണത്തില്‍ നിന്നുള്ള കാഴ്ചകള്‍, ഇരയേയും അതിനെ അപകടത്തിലാക്കുന്ന ചുറ്റുപാടിനെയും ഒരു പാരലല്‍ സ്റ്റോറി പോലെ പറയുന്ന, കെണിയിലകപ്പെട്ട ഒരു എലിയുടെ പക്ഷത്ത് നിന്നുള്ള കാഴ്ചകള്‍.

ബുഹാരി സലൂണ്‍ അണിയറ പ്രവര്‍ത്തകര്‍

ഇതില്‍ രണ്ടാമത്തേതും മൂന്നാമത്തേതും ഇരകളുടേതാണ്. സാമൂഹിക വ്യവഹാരങ്ങളില്‍ അധികാരം വിവിധ രൂപങ്ങളിലായി നടത്തുന്ന ഇടപടെലുകളെയാണ് ഇവിടെ സിനിമ അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നത്. ഒരു കാഴ്ച്ചയില്‍ ഇരയായിരിക്കുന്നവര്‍ മറ്റൊരു കാഴ്ച്ചയില്‍ അധികാരം കയ്യാളുന്ന അഥവാ അധികാരികളായി മാറുന്ന അവസ്ഥയെയും അതിന്റെ മാനുഷികമായ സാധ്യതകളെയും ചര്‍ച്ചചെയ്യാന്‍ ബുഹാരി സലൂണ്‍ തയ്യാറാവുന്നുണ്ട്.

എന്നാല്‍ സിനിമ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്ന രാഷ്ട്രീയം പ്രകടമാകുന്നത് ആദ്യത്തെ ദൃഷ്ടിയില്‍ നിന്നുതന്നെയാണ്. രണ്ടു സീനുകളിലായി ഈ വിഷയത്തെ സിനിമയില്‍ നിരീക്ഷിക്കാം. ബാവുക്കയുടെ മുസ്ലിം സ്വത്വത്തെ ആദ്യം സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നത് സ്റ്റേറ്റ് എന്ന അധികാരമല്ല; മറിച്ചു അയാളുടെ തന്നെ കൂടെയുള്ള സുഹൃത്തുക്കളും നാട്ടുകാരുമാണ്. നിഷ്‌കളങ്കമായ ചോദ്യങ്ങളിലൂന്നി ഉയര്‍ത്തുന്ന ഇത്തരം ആരോപണങ്ങള്‍ യഥാര്‍ത്ഥത്തില്‍ അത്ര നിഷ്‌കളങ്കമല്ല എന്നാണ് നിരപരാധികളായ മുസ്ലിം തടവുകാരുടെ ജീവിതം വിളിച്ചോതുന്നത്.

എല്ലാ വിധ പ്രഹസനങ്ങളും മര്‍ദ്ദനങ്ങളും ഏറ്റു വാങ്ങിയതിനു ശേഷവും അപോളെജിറ്റിക് ആവേണ്ടി വരുന്ന ഒരു സമുദായത്തിന്റെ ചിത്രം തന്നെയാണ് അതിലൂടെ ആവിഷ്‌കരിക്കപ്പെടുന്നതു. ജയിലില്‍ നിന്ന് തിരിച്ചു വരുന്ന, കുറ്റാരോപിതന്‍ മാത്രം ആയ, ഒരു നിരപരാധിക്കു സമൂഹം അയാളുടെ സ്വത്വം നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു ജീവിതം നല്‍കുന്നുണ്ടോ എന്ന ചോദ്യവും, അതിനു ഇന്ത്യന്‍ സാഹചര്യം അനുവദിക്കുന്നില്ല എന്ന ഉത്തരവും ചിത്രം നല്‍കുന്നു.

പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്ന ബാവുക്കയെ നോക്കുന്നത് അയാളെ അപരവത്കരിക്കുന്ന തീവ്രവാദിയായി മുദ്ര കുത്തിയ കണ്ണുകളും അതും ഒപ്പിയെടുക്കുന്ന ക്യാമെറകളുമാണ്.ആ ദൃശ്യങ്ങളിലൂടെ വീണ്ടും സമൂഹത്തിന്റെ ദൃഷ്ടിയില്‍ അയാള്‍ കുറ്റാരോപിതനായി തുടര്‍ന്ന് പൊയ്ക്കൊണ്ടേയിരിക്കുന്നു, തന്റെ ദേശസ്നേഹവും ഭക്തിയും പ്രകടമാകും വിധത്തില്‍ ഒരു രൂപമാറ്റത്തിന് തയ്യാറാകും വരെ.

‘ദേശങ്ങളെല്ലാം മുറിഞ്ഞ് പോകുന്നു. വംശങ്ങളെല്ലാം മുടിഞ്ഞ് തീരുന്നു. ശംസൊളിനിലച്ചപോല്‍ ഇരുട്ട് കനക്കുന്നു. റൂഹടരും പോല്‍ വേദനപരക്കുന്നു.’

Advertisement