വീണ്ടും ബുള്ളറ്റ് പ്രൂഫുമായി ബി.ടി.എസ്? പുതിയ ആല്‍ബത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
Entertainment news
വീണ്ടും ബുള്ളറ്റ് പ്രൂഫുമായി ബി.ടി.എസ്? പുതിയ ആല്‍ബത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 18th April 2022, 10:50 am

ബി.ടി.എസിന്റെ പുതിയ ആല്‍ബത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ പത്തിനായിരിക്കും പുതിയ ആല്‍ബം റിലീസ് ചെയ്യുക.

ബി.ടി.എസിന്റെ മാനേജ്‌മെന്റ് ഏജന്‍സിയായ ബിഗ്ഹിറ്റ് മ്യൂസിക് ആണ് പുതിയ ആല്‍ബത്തിന്റെ കാര്യം ഞായറാഴ്ച പ്രഖ്യാപിച്ചത്.

ബി.ടി.എസിന്റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ‘പെര്‍മിഷന്‍ ടു ഡാന്‍സ്’ ഇംഗ്ലീഷ് സിംഗിളിന്റെ സ്റ്റേജ് ടൂര്‍ യു.എസിലെ ലാസ് വെഗാസിലെ ഷോയോട് കൂടി അവസാനിച്ചതോടെയാണ് സംഘം പുതിയ ആല്‍ബം പ്രഖ്യാപിച്ചിരിക്കുന്നത്.

”പുതിയ ആല്‍ബവുമായി 2022 ജൂണ്‍ പത്തിന് ബി.ടി.എസ് തിരിച്ചുവരും. പുതിയ ആല്‍ബത്തിന് നിങ്ങളുടെ എല്ലാ സ്‌നേഹവും പിന്തുണയും ഉണ്ടായിരിക്കണം,” ഗ്ലോബല്‍ ഫാന്‍ കമ്യൂണിറ്റി ഫോറത്തിലൂടെ പുറത്തുവിട്ട വാര്‍ത്തയില്‍ ബിഗ്ഹിറ്റ് ഏജന്‍സി വ്യക്തമാക്കി.

തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെ ബി.ടി.എസും പുതിയ ആല്‍ബത്തിന്റെ അനൗണ്‍സ്‌മെന്റ് ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്. 2013ല്‍ ആരംഭിച്ചത് മുതലുള്ള ബി.ടി.എസിന്റെ വളര്‍ച്ചയെ കാണിക്കുന്നതാണ് ടീസര്‍.

ഈ ടീസറില്‍ വി ആര്‍ ബുള്ളറ്റ് പ്രൂഫ് എന്ന ടാഗ്‌ലൈന്‍ എഴുതിക്കാണിച്ചിട്ടുണ്ട്. ഇതോടെ ബുള്ളറ്റ് പ്രൂഫിന്റെ തുടര്‍ച്ചയാണോ പുതിയ ആല്‍ബവുമെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്.

നേരത്തെ വി ആര്‍ ബുള്ളറ്റ് പ്രൂഫ് പാര്‍ട്ട് 2, വി ആര്‍ ബുള്ളറ്റ് പ്രൂഫ്: ദ ഇറ്റേണല്‍ എന്നീ ആല്‍ബങ്ങള്‍ ബി.ടി.എസ് പുറത്തിറക്കിയിരുന്നു.

2020 ഡിസംബറിലായിരുന്നു ബി.ടി.എസ് അവസാനമായി ആല്‍ബം പുറത്തിറക്കിയത്. ബി.ഇ എന്നായിരുന്നു ആല്‍ബത്തിന്റെ പേര്. അതിന് ശേഷമായിരുന്നു ഇംഗ്ലീഷ് സിംഗിളുകളായ ബട്ടര്‍, പെര്‍മിഷന്‍ ടു ഡാന്‍സ് എന്നിവ പുറത്തിറങ്ങിയത്.

ലോകമെമ്പാടും ആരാധകരുള്ള സൗത്ത് കൊറിയന്‍ ബോയ്‌സ് മ്യൂസിക് ബാന്‍ഡാണ് ബി.ടി.എസ്. അവരുടെ ആല്‍ബങ്ങളെല്ലാം ഗ്ലോബല്‍ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിക്കാറുണ്ട്. മാത്രമല്ല ഓരോ അംഗങ്ങള്‍ക്കും ലോകമെമ്പാടും പ്രത്യേകം ഫാന്‍ബേസുമുണ്ട്.

ഗ്രാമി പുരസ്‌കാര നോമിനേഷനും സംഘത്തിന് ലഭിച്ചിട്ടുണ്ട്.

Content Highlight: BTS to treat fans with fresh new album releasing on June 10