പാര്‍ട്ടി നിര്‍ദേശിക്കുന്ന നിമിഷം രാജി; കര്‍ണാടകയിലെ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കിടെ രാജിസന്നദ്ധത അറിയിച്ച് യെദിയൂരപ്പ
national news
പാര്‍ട്ടി നിര്‍ദേശിക്കുന്ന നിമിഷം രാജി; കര്‍ണാടകയിലെ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കിടെ രാജിസന്നദ്ധത അറിയിച്ച് യെദിയൂരപ്പ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd July 2021, 6:15 pm

ബെംഗളൂരു: കര്‍ണാടകയില്‍ രാജിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പുകയുന്നതിനിടെ രാജിസന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. ജൂലൈ 26ന് ശേഷം പാര്‍ട്ടി ആവശ്യപ്പെടുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നാണ് യെദിയൂരപ്പ പറഞ്ഞത്.

‘കര്‍ണാടകയിലെ ബി.ജെ.പി. സര്‍ക്കാര്‍ രണ്ട് വര്‍ഷം തികയുകയാണ് ജൂലൈ 26ന്. അന്നത്തെ പരിപാടികള്‍ക്ക് ശേഷം ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നദ്ദ തീരുമാനിക്കും എല്ലാം,’ ബി.എസ്. യെദിയൂരപ്പ പറഞ്ഞു.

താന്‍ അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിക്കുക എന്നത് തന്റെ കടമയാണെന്നും യെദിയൂരപ്പ കൂട്ടിച്ചേര്‍ത്തു.

‘മറ്റൊരാള്‍ക്ക് വേണ്ടി ഞാന്‍ വഴിമാറിക്കൊടുക്കാന്‍ തയ്യാറാണെന്ന് രണ്ട് മാസം മുമ്പേ ഞാന്‍ പറഞ്ഞിരുന്നത് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. ഞാന്‍ അധികാരത്തില്‍ ഉണ്ടായിരുന്നാലും ഇല്ലെങ്കിലും ബി.ജ.പിയെ തിരികെ അധികാരത്തില്‍ കൊണ്ടുവരിക എന്നത് എന്റെ ചുമതലയാണ്. സഹകരിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ഞാന്‍ ആഹ്വാനം ചെയ്യുകയാണ്,’ അദ്ദേഹം പറഞ്ഞു.

ഇതുവരെ തന്നോട് രാജി വെക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടിട്ടില്ലെന്നും യെദിയൂരപ്പ പറഞ്ഞു.

‘എന്നോട് രാജിവെക്കാന്‍ നിര്‍ദേശിക്കുന്ന സമയം രാജിവെക്കുകയും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യും,’ യെദിയൂരപ്പ പറഞ്ഞു.

കര്‍ണാടകയില്‍ ബി.ജെ.പി. സമ്പൂര്‍ണ്ണമാറ്റത്തിന് ഒരുങ്ങുകയാണെന്ന് അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് യെദിയൂരപ്പ രാജി സന്നദ്ധത അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും യെദിയൂരപ്പയെ മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി. എം.എല്‍.എമാര്‍ തന്നെ രംഗത്തെത്തിയിരുന്നു. നീണ്ട നാളായി തുടരുന്ന ബി.ജെ.പിക്കുള്ളിലെ ഈ പ്രശ്നങ്ങള്‍ അടുത്ത കാലത്ത് കുറച്ചു കൂടി ശക്തമാവുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റു നേതാക്കളെയും സന്ദര്‍ശിക്കാനായി യെദിയൂരപ്പ ന്യൂദല്‍ഹിയിലെത്തിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇവയിലൊന്നും ഒരു സത്യവുമില്ലെന്നായിരുന്നു യെദിയൂരപ്പയുടെ മറുപടി.

അതേസമയം തന്റെ പക്ഷത്തുള്ള ആളുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള തിരക്കുപിടിച്ച ഓട്ടത്തിലാണ് യെദിയൂരപ്പ. പാര്‍ട്ടിക്കകത്ത് നിന്നുതന്നെ യെദിയൂരപ്പയ്‌ക്കെതിരെ എതിര്‍പ്പുകള്‍ ഉയരുന്നതിനിടെയാണ് അദ്ദേഹം പുതിയ തന്ത്രങ്ങള്‍ മെനയുന്നത്.

കഴിഞ്ഞദിവസം യെദിയൂരപ്പയും ലിംഗായത്ത് സന്യാസിമാരും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള ഇരുപതിലധികം സന്യാസിമാരാണ് യെദിയൂരപ്പയെ കണ്ടത്.

നേതൃമാറ്റം സംബന്ധിച്ച തീരുമാനം മൂന്നുനാലു ദിവസത്തിനുള്ളില്‍ ബി.ജെ.പി. നേതൃത്വം പിന്‍വലിച്ചില്ലെങ്കില്‍ 300 ഓളം സന്യാസിമാര്‍ ബെംഗളൂരു നഗരത്തില്‍ തടിച്ചുകൂടുമെന്നും സന്യാസിമാര്‍ താക്കീത് നല്‍കി.

യെദിയൂരപ്പയെ വേദനിപ്പിക്കുന്ന എന്തെങ്കിലും തീരുമാനം ബി.ജെ.പി. നേതൃത്വം സ്വീകരിച്ചാല്‍ കര്‍ണാടകയില്‍ നിന്നും ബി.ജെ.പിയെ പൂര്‍ണമായും തൂത്തുകളയുമെന്നും സന്യാസിമാര്‍ പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കി.

യെദിയൂരപ്പയ്‌ക്കെതിരെ പാര്‍ട്ടിക്കകത്തുനിന്നു തന്നെ ചരടുവലികള്‍ നടക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തെ മാറ്റേണ്ട സാഹചര്യമില്ലെന്നാണ് സംസ്ഥാന ബി.ജെ.പി. ആദ്യം സ്വീകരിച്ച നിലപാട്.

മുഖ്യമന്ത്രിയെ മാറ്റണമെന്നുള്ള രീതിയില്‍ നടക്കുന്ന പ്രചരണങ്ങള്‍ തെറ്റാണെന്നും അത്തരത്തിലൊരു രീതിയിലുള്ള അസ്ഥിരതയും സംസ്ഥാനത്തില്ലെന്നുമാണ് ബി.ജെ.പി. സംസ്ഥാന കമ്മിറ്റി തലവന്‍ അരുണ്‍ സിംഗ് പറഞ്ഞത്.

നേരത്തെ മുഖ്യമന്ത്രിയെ നീക്കണമെന്ന ആവശ്യം ബി.ജെ.പിയില്‍ നിന്നുയരുന്നുണ്ടെന്ന് കര്‍ണ്ണാടക മന്ത്രി തന്നെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. യെദിയൂരപ്പയെ മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി. വിമത എം.എല്‍.എ. ബസന ഗൗഡ പാട്ടീല്‍ യത്‌നാല്‍ രംഗത്തെത്തിയിരുന്നു. നിലവിലെ സര്‍ക്കാരിന് കീഴില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് നേരിടാനുള്ള കെല്‍പ്പ് പാര്‍ട്ടിക്കുണ്ടാകില്ലെന്ന് ബസന ഗൗഡ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BS Yediyurappa Says May Not Remain Chief Minister After This Weekend