എഡിറ്റര്‍
എഡിറ്റര്‍
ബി.എസ് യെഡിയൂരപ്പ ബി.ജെ.പി വിടുന്നു
എഡിറ്റര്‍
Thursday 11th October 2012 12:00am

ബാഗ്ലൂര്‍:  കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ ബി.ജെ.പി വിടുന്നു. ഡിസംബറോടെ പാര്‍ട്ടി വിടുമെന്ന് യെഡിയൂരപ്പ തന്നെയാണ് അറിയിച്ചത്.

Ads By Google

താന്‍ എല്ലാം തീരുമാനിച്ചെന്നും വരുന്ന ഡിസംബറില്‍ കൂടുതല്‍ കാലം താന്‍ പാര്‍ട്ടിയില്‍ തുടരില്ലെന്നുമാണ് യെഡിയൂരപ്പ അറിയിച്ചത്. പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെയും മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുന്നതിനെയും കുറിച്ച് വിദഗ്ധാഭിപ്രായം തേടുമെന്നും യെഡിയൂരപ്പ അറിയിച്ചു. പാര്‍ട്ടിയില്‍ തുടരില്ല എന്ന കാര്യം നൂറ് ശതമാനം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ഖനി അഴിമതിയെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെഡിയൂരപ്പയെ നീക്കം ചെയ്യുകയായിരുന്നു. സദാനന്ദ ഗൗഡയാണ് ഇപ്പോള്‍ കര്‍ണാടക മുഖ്യമന്ത്രി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെഡിയൂരപ്പയെ മാറ്റിയതിനെ തുടര്‍ന്ന് പാര്‍ട്ടിയുമായി അകല്‍ച്ചയിലായിരുന്നു അദ്ദേഹം.

യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ പ്രാദേശിക പാര്‍ട്ടി രൂപീകരിക്കുന്നതിന്റെ സൂചനകള്‍ നേരത്തേ ഉണ്ടായിരുന്നു. തന്നെ അവഗണിക്കുന്ന പാര്‍ട്ടിയില്‍ തുടരാനാകില്ലെന്ന നിലപാടിലാണ് ലിംഗായത്ത് നേതാവ് യെഡിയൂരപ്പ.

കര്‍ണാടകയില്‍  ബി.ജെ.പി.യെ അധികാരത്തിലെത്തിച്ച  യെഡിയൂരപ്പയുടെ പുതിയ തീരുമാനം സംസ്ഥാനത്ത്  ബി.ജെ.പി.യെ കടുത്ത പ്രതിസന്ധിയിലാക്കി. അതിനിടെ, യെഡിയൂരപ്പയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രനേതൃത്വം. കേന്ദ്രനേതൃത്വത്തെ വിമര്‍ശിച്ച് തുടര്‍ച്ചയായി അച്ചടക്കലംഘനം നടത്തിയിട്ടും യെഡിയൂരപ്പയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നില്ല. അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ യെഡിയൂരപ്പയെ പാര്‍ട്ടിയില്‍ നിലനിര്‍ത്തണമെന്ന് ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി സംസ്ഥാനനേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

Advertisement