മുന്‍ കേന്ദ്രമന്ത്രിയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ 2 മണിക്ക് മുന്‍പ് ഹാജരാക്കണമെന്ന് സുപ്രീം കോടതി ; ജഡ്ജിമാര്‍ സ്വകാര്യമായി സംസാരിക്കും
India
മുന്‍ കേന്ദ്രമന്ത്രിയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ 2 മണിക്ക് മുന്‍പ് ഹാജരാക്കണമെന്ന് സുപ്രീം കോടതി ; ജഡ്ജിമാര്‍ സ്വകാര്യമായി സംസാരിക്കും
ന്യൂസ് ഡെസ്‌ക്
Friday, 30th August 2019, 2:24 pm

ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്‍മയാനന്ദിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചശേഷം കാണാതായ ഷാജഹാന്‍പൂരിലെ നിയമ വിദ്യാര്‍ത്ഥിയെ രണ്ടര മണിക്കൂറിനുള്ളില്‍ ഹാജരാക്കണമെന്ന് സുപ്രീം കോടതി.

പെണ്‍കുട്ടിയെ വീട്ടില്‍ എത്തിക്കുന്നതിന് മുന്‍പ് സുപ്രീം കോടതിയില്‍ ഹാജരാക്കണമെന്നാണ് കോടതി നല്‍കിയ നിര്‍ദേശം. ഇന്ന് രണ്ട് മണിക്ക് മുന്‍പായി പെണ്‍കുട്ടിയെ ഹാജരാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കാണാതായ പെണ്‍കുട്ടിയ രാജസ്ഥാനില്‍ വെച്ചായിരുന്നു പൊലീസ് കണ്ടെത്തിയത്. ജസ്റ്റിസ് ആര്‍ ഭാനുമതി അടങ്ങിയ ബെഞ്ചാണ് യു.പി പൊലീസിനോട് പെണ്‍കുട്ടിയെ കോടതിയില്‍ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയത്. പെണ്‍കുട്ടിയുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് അഭിഭാഷകര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടല്‍. ” പെണ്‍കുട്ടി സുരക്ഷിതയായിരിക്കുമോ എന്ന് ഭയമുണ്ട്.”- എന്നായിരുന്നു അഭിഭാഷക ശോഭ ഗുപ്ത പറഞ്ഞത്.

പെണ്‍കുട്ടിയെ കണ്ടെത്തിയ വിവരം യു.പി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

” മകളെ കണ്ടെത്താനായതില്‍ സന്തോഷമുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അനുഭവിച്ചതെന്നും മകളുമായി സംസാരിക്കുന്നതുവരെ ഒരു പ്രതികരണത്തിനുമില്ലെന്നും ആദ്യം മകളെ കാണട്ടെ എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

കോളേജ് ഡയറക്ടര്‍ കൂടിയായ സ്വാമി ചിന്‍മയാനന്ദ് തന്നെയും കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് യുവതി അടുത്തിടെ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആരോപിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സഹായം തേടിയാണ് യുവതി ഫേസ്ബുക്കില്‍ ലൈവ് വീഡിയോ ചെയ്തത്. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റ് വന്നതിന്റെ പിറ്റേദിവസം മുതല്‍ യുവതിയെ കാണാനില്ലായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അതേസമയം, തനിക്കെതിരെ നാല് പുരുഷന്മാരും കാണാതായ യുവതിയും ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി ചിന്മയാനന്ദ് രംഗത്തെത്തിയിരുന്നു.

യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും കുല്‍ദീപ് സിംഗ് സെംഗറിനെ പോലെ തനിക്കെതിരെയും വ്യാജ ആരോപണം ഉന്നയിക്കാനാണ് ശ്രമമെന്നുമായിരുന്നു ചിന്മയാനന്ദ് പ്രതികരിച്ചത്.

ഐ.പി.സി സെക്ഷന്‍ 364, 506 എന്നീ വകുപ്പുകളാണഅ ചിന്‍മയാനന്ദിനെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഷാജഹാന്‍പൂര്‍ പോലീസ് സൂപ്രണ്ട് എസ് ചനപ്പ പറഞ്ഞു.

ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. ആരോപണം ഉന്നയിച്ച യുവതിയുടെ കുടുംബത്തിന് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.