Administrator
Administrator
സാന്റിയാഗോ മാര്‍ട്ടിന്‍; ഐസക്കിനെതിരെ അഴിമതിയാരോപണം
Administrator
Tuesday 27th July 2010 8:07pm

തിരുവനന്തപുരം: സാന്റിയാഗോ മാര്‍ട്ടിന്റെതടക്കമുള്ള അന്യ സംസ്ഥാന ലോട്ടറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതോടെ മന്ത്രി തോമസ് ഐസക് കോടികളുടെ അഴിമതി നടത്തിയിരിക്കയാണെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. എന്നാല്‍ ലോട്ടറി മാഫിയകള്‍ക്കു വേണ്ടി ചട്ടങ്ങളില്‍ മാറ്റം വരുത്തിയ ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയാണ് അഴിമതി നടത്തിയതെന്ന് ഐസക് തിരിച്ചടിച്ചു. ധൃതിപിടിച്ച് ലോട്ടറിക്ക് അനുമതി നല്‍കിയ ഉദ്യോഗസ്ഥനെതിരെ വകുപ്പ്തല നടപടിയെടുക്കുമെന്ന് ഐസക് വ്യക്തമാക്കി.

ലോട്ടറി അഴിമതി സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ധനവിനിയോഗ ബില്‍ സംബന്ധിച്ച ചര്‍ച്ചയിലാണ് വി ഡി സതീശന്‍ ലോട്ടറിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നയിച്ചത്. ലോട്ടറി മാഫിയകള്‍ക്കു വേണ്ടി വിവിധ കോടതികളില്‍ ഹാജരായിരുന്ന അശോകന്‍ എന്ന വക്കീലിനെയാണ് സര്‍ക്കാര്‍ കേസ് ഏല്‍പിച്ചതെന്ന് സതീശന്‍ ആരോപിച്ചു. പ്രതിദിനം അന്യ സംസ്ഥാന ലോട്ടറിക്കാര്‍ 40 കോടി രൂപയാണു ഇവിടെനിന്നും കൊണ്ടുപോകുന്നത്.

പുതുതായി രണ്ടു ലോട്ടറി അ}ുവദിച്ചതിലൂടെ സി പി ഐ എമ്മിന് 100 മുതല്‍ 150 കോടിവരെ ലഭിക്കുന്നുണ്ട്. ഇതുകൊണ്ടു സാന്റിയാഗോ മാര്‍ട്ടിനാണു നേട്ടമെന്നും സതീശന്‍ ആരോപിച്ചു. ആരോപണം പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും ആവര്‍ത്തിച്ചു. എന്നാല്‍ മറുപടി പ്രസംഗത്തില്‍ ഐസക് പ്രതിപക്ഷ ആരോപണം തള്ളിക്കളഞ്ഞു. ഈ സര്‍ക്കാരാണു ലോട്ടറി മാഫിയകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനു സിബി മാത്യൂസിനെ അ}്വേഷണക്കമ്മിഷനായി നിയമിച്ചത്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു രജിസ്‌ട്രേഷന്‍ നല്‍കാന്‍ പണം സ്വീകരിച്ച പാലക്കാട് എസിക്കെതിരെ നടപടി സ്വീകരിച്ചതും രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടിയെടുത്തതും.

ഹൈക്കോടതി സിംഗിള്‍ ബഞ്ച് സര്‍ക്കാര്‍ നടപടി ശരിവയ്ക്കുകയും ചെയ്തു. കേസ് ഡിവിഷന്‍ ബഞ്ചിലെത്തിയപ്പോഴാണു സംഗതികള്‍ മാറിമറിഞ്ഞത്. അവിടെ ലോട്ടറിക്കാര്‍ക്കു വേണ്ടി ഹാജരായതു നളിനി ചിദംബരമാണ്. കേരളം അതിനെ മറികടക്കാന്‍ ഡല്‍ഹിയില്‍ നിന്നു വക്കീലിനെ കൊണ്ടുവന്നെങ്കിലും കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ കേന്ദ്രത്തെ മറികടക്കാനാണു സംസ്ഥാനം ശ്രമിക്കുന്നതെന്നു കുറ്റപ്പെടുത്തി. സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകളും ഇതില്‍ കക്ഷിചേര്‍ന്നു. അതോടെ കേസ് സംസ്ഥാനത്തിനെതിരാവുകയായിരുന്നു. പിന്നീട് സുപ്രീംകോടതിയില്‍ പോയെങ്കിലും വിധി എതിരായി.

ഒരുദിവസം നാലു നറുക്കെടുപ്പു മാത്രമേ പാടുള്ളുവെന്ന കേരളത്തിന്റെ ആവശ്യം മറികടന്ന് കേന്ദ്രം അത് 24 ആക്കി. പുതിയ ലോട്ടറികള്‍ക്കു രജിസ്‌ട്രേഷന്‍ നല്‍കണമെന്നു കോടതിയില്‍ പോയി വാദിച്ചിട്ടു ഇവിടെ 25 കോടി വാങ്ങിയെന്നു പറയുന്നതു ലജ്ജാകരമാണ്. പുതിയ ചട്ടം ഉണ്ടാക്കാന്‍ എത്ര കോടി കിട്ടിയെന്നാണു പറയേണ്ടത്. പുതിയ ആഭ്യന്തര മന്ത്രി വന്നശേഷമാണു ഈ മാറ്റം. അദ്ദേഹത്തിന്റെ ഭാര്യ ഈ കേസുകള്‍ വാദിക്കുമ്പോഴെങ്കിലും ഇതിനു തുനിയാന്‍ പാടില്ലായിരുന്നുവെന്നു മന്ത്രി പറഞ്ഞു. എന്നാല്‍ സംസ്ഥാനത്ത് അന്വേഷണം പ്രഖ്യാപിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോവുകയാണെന്ന് പ്രതിപക്ഷം പ്രഖ്്യാപിക്കുകയായിരുന്നു.

Advertisement