എഡിറ്റര്‍
എഡിറ്റര്‍
കെ.എം ഷാജി എം.എല്‍.എ 25 ലക്ഷം കോഴകൈപ്പറ്റിയെന്ന പരാതിയുമായി മുസ്‌ലിം ലീഗ് നേതാക്കള്‍
എഡിറ്റര്‍
Sunday 17th September 2017 12:35pm

കണ്ണൂര്‍: അഴീക്കോട് എം.എല്‍.എ കെ.എം ഷാജി 25 ലക്ഷ രൂപ കോഴകൈപ്പറ്റിയെന്ന പരാതിയുമായി കണ്ണൂരില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍. പൂതപ്പാറയിലെ മുസ്‌ലിം ലീഗ് ഭാരവാഹികളാണ് അഴീക്കോട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിക്കു പരാതി നല്‍കിയത്.

അഴീക്കോട് ഹയര്‍ സെക്കന്ററി സ്‌കൂളിന് പ്ലസ് ടു അനുവദിച്ചതുമായി ബന്ധപ്പെട്ട് ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ലീഗ് ഭാരവാഹികള്‍ പരാതിയില്‍ ആരോപിക്കുന്നത്.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഹയര്‍സെക്കന്ററി കോഴ്‌സ് അനുവദിക്കുന്നതിനായി പൂതപ്പാറ ശാഖാ കമ്മിറ്റിയെ അഴീക്കോട് ഹൈസ്‌കൂള്‍ കമ്മിറ്റി സമീപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ പ്ലസ് ടു അനുവദിച്ചാല്‍ പൂതപ്പാറ ആസ്ഥാനമായി ലീഗ് ഓഫീസിന്റെ കെട്ടിടം വയ്ക്കുന്ന ചിലവിലേക്ക് ഒരു തസ്തികയ്ക്കു സമാനമായ തുക നല്‍കാമെന്ന് ഹൈസ്‌കൂള്‍ കമ്മിറ്റി ഉറപ്പു നല്‍കുകയും ചെയ്തിരുന്നെന്ന് പരാതിയില്‍ പറയുന്നു.


Must Read: ‘ഇമ്മാതിരി സോഷ്യലിസ്റ്റ് സ്വപ്‌നങ്ങളുമായി ഇങ്ങോട്ടുവരേണ്ട’ പെട്രോള്‍ വിലവര്‍ധനവിനെ ന്യായീകരിച്ച കണ്ണന്താനത്തിന് ജോയ് മാത്യുവിന്റെ മറുപടി


2014ല്‍ അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിച്ചു കിട്ടിയതിനു പിന്നാലെ വാഗ്ദാന പ്രകാരമുള്ള 25 ലക്ഷം രൂപ പ്രാദേശിക കമ്മിറ്റിയ്ക്കു നല്‍കുവാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് തീരുമാനിച്ചു. എന്നാല്‍ കെ.എം ഷാജി ഇടപെട്ട് ഈ തുക ഇപ്പോള്‍ നല്‍കേണ്ടതില്ലെന്നും തന്നോട് ചര്‍ച്ച ചെയ്തശേഷം ഇതുമായി ബന്ധപ്പെട്ട കാര്യം ചെയ്താല്‍ മതിയെന്നും മാനേജറോട് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് തുക തരാന്‍ കഴിയില്ല എന്ന് മാനേജര്‍ തങ്ങളെ അറിയിച്ചെന്നുമാണ് പൂതപ്പാറ പഞ്ചായത്ത് കമ്മിറ്റി ആരോപിക്കുന്നത്.

തുടര്‍ന്ന് പ്രാദേശിക മുസ്‌ലിം ലീഗ് നേതാക്കള്‍ എം.എല്‍.എയുമായി സംസാരിച്ചപ്പോള്‍ അഴീക്കോട് ഹൈസ്‌കൂള്‍ കമ്മിറ്റിയില്‍ വിവിധ വിഭാഗത്തില്‍ പെട്ടവര്‍ ഉള്ളതിനാല്‍ അവിടെ നിന്നും പൈസ വാങ്ങരുതെന്നാണ് നിര്‍ദേശമെന്ന് പറഞ്ഞു. ഇതേത്തുടര്‍ന്ന് പ്രാദേശിക കമ്മിറ്റി ഇതില്‍ നിന്നും പിന്മാറിയെന്നും പരാതിയില്‍ വിശദീകരിക്കുന്നു.

എന്നാല്‍ 2017 ജൂണില്‍ സ്‌കൂള്‍ കമ്മിറ്റി ജനറല്‍ ബോഡിയില്‍ പ്ലസ് ടു അനുവദിക്കലുമായി ബന്ധപ്പെട്ട് ചിലവാക്കിയ ഭീമമായ തുകയുടെ കണക്ക് വന്നതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മണ്ഡലം എം.എല്‍.എ കെ.എം ഷാജി 25 ലക്ഷം രൂപ മാനേജറില്‍ നിന്നും നേരിട്ട് കൈപ്പറ്റിയതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.

മുസ്‌ലിം ലീഗ് അഴീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ പേരിലാണ് പരാതി വന്നിരിക്കുന്നത്.

Advertisement