തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ ഏഴു വയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്
Crime
തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ ഏഴു വയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്‌ക്
Saturday, 30th March 2019, 11:38 am

തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തില്‍ നിന്ന് മര്‍ദ്ദനമേറ്റ ഏഴ് വയസുകാരന് മസ്തിഷ്‌ക്ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍. കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം 90 ശതമാനവും നിലച്ചുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 48 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്ന് ഡോക്ടര്‍മാര്‍ ഇന്നലെ പറഞ്ഞിരുന്നു. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ആരോഗ്യനില  മോശമായതായി മനസിലാക്കിയത്.

വിഗ്ധസംഘമെത്തി പരിശോധിച്ചതിന് ശേഷമേ മസ്തിഷ്‌ക്ക മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ മാതൃഭൂമിയോട് പറഞ്ഞു.

തലച്ചോറിലെ രക്തസ്രാവം തടയാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യ നില മെച്ചപ്പെട്ടിരുന്നില്ല. കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെട്ട നിലയിലായിരുന്നു. ആറു സെന്റീമീറ്ററോളം നീളത്തില്‍ തലയോട്ടിക്കു പൊട്ടലുണ്ട്. തലയോട്ടിക്കകത്ത് രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് തലച്ചോറിനുമുകളില്‍ രക്തം കട്ടപിടിച്ചിരുന്നു. ഇത് നീക്കംചെയ്തെങ്കിലും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

കുട്ടിയുടെ ശ്വാസകോശത്തിലും വയറിലും ആന്തരിക മുറിവുണ്ട്. ഇതിനുകാരണം വാരിയെല്ലിനുണ്ടായ പൊട്ടലാകാം. അതിലൂടെ വായു അകത്തുകടന്നിട്ടുണ്ട്. ശരീരമാസകലം ചതവുണ്ട്. ആന്തരികാവയവങ്ങള്‍ക്ക് ചതവും പുറത്ത് മര്‍ദനത്തിന്റെ പാടുകളും ഉണ്ടന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ പ്രതിയായ തിരുവനന്തപുരം നന്തന്‍കോട് സ്വദേശി അരുണ്‍ ആനന്ദിനെ (36) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തലയോട്ടി പൊട്ടിയും തലച്ചോറിന് ക്ഷതമേറ്റും അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നത്.

കട്ടിലില്‍ മൂത്രമൊഴിച്ചതിന്റെ പേരിലാണ് കുട്ടിക്ക് കൊടും പീഡനമേല്‍ക്കേണ്ടിവന്നത്. 2008ല്‍ നടന്ന കൊലപാതക കേസിലെ മുഖ്യപ്രതിയായിരുന്നു. തൊടുപുഴയിലും ഇയാള്‍ക്കെതിരേ കേസുകള്‍ നിലവിലുണ്ട്.