ബ്രഹ്‌മാസ്ത്രയിലെ ദൃശ്യങ്ങള്‍ ചോര്‍ന്നു; സര്‍പ്രൈസ് അതിഥി താരത്തിന്റെ വീഡിയോ പുറത്ത്
Entertainment news
ബ്രഹ്‌മാസ്ത്രയിലെ ദൃശ്യങ്ങള്‍ ചോര്‍ന്നു; സര്‍പ്രൈസ് അതിഥി താരത്തിന്റെ വീഡിയോ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th August 2022, 5:55 pm

ചുരുക്കം ചില ചിത്രങ്ങള്‍കൊണ്ട് തന്നെ ബോളിവുഡില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് രണ്‍ബീര്‍ കപൂര്‍. ഇന്ത്യയിലുടനീളം താരത്തിന് ആരാധകര്‍ ഏറെയാണ്. താരത്തിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അതില്‍ ഇന്ത്യന്‍ സിനിമാലോകം തന്നെ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആയന്‍ മുഖര്‍ജിയുടെ സംവിധാനത്തില്‍ റിലീസ് ചെയ്യാനിരിക്കുന്ന ബ്രഹ്‌മാസ്ത്ര.

ബ്രഹ്‌മാസ്ത്രയില്‍ ഷാരൂഖ് ഖാന്‍ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നതാണ്. സിനിമയുടെ ടീസറും ട്രെയ്‌ലറും പുറത്തായതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഇതിനെകുറിച്ചുളള ചര്‍ച്ചകള്‍ വളരെ സജീവമായിരുന്നു.

എന്നാലിപ്പോള്‍ ചിത്രത്തിലെ ഷാരൂഖിന്റെ ‘വാനരാസ്ത്ര’ എന്ന കഥാപാത്രത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ചോര്‍ന്നിരിക്കുകയാണ്. കൂടാതെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രങ്ങള്‍ എങ്ങനെ ചോര്‍ന്നുവെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.

സിനിമയുടെ ടീസര്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് ഷാരൂഖ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുവെന്ന് ചര്‍ച്ചകള്‍ ഉണ്ടാവാന്‍ തുടങ്ങിയത്. 36 സെക്കന്റുകള്‍ മാത്രം വരുന്ന ടീസറില്‍ മുഖം കാണിക്കാത്ത ഒരാള്‍ ത്രിശൂലവുമായി ഒരു വലിയ കല്ലിന് നേരെ നടന്ന് നീങ്ങുന്ന രംഗം ഉണ്ടായിരുന്നു. ആ കഥാപാത്രം ഷാരൂഖ് ആണെന്നാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും നായിക-നായകന്മാരാകുന്ന ആദ്യത്തെ സിനിമ കൂടിയാണ് ‘ബ്രഹ്‌മാസ്ത്ര’. റണ്‍ബിര്‍ ശിവ എന്ന കഥാപാത്രത്തെയും ആലിയ ഇഷ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിച്ചിരിക്കുന്നത്. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന അക്കിനേനി, മൗനി റോയി, എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മൂന്ന് ഭാഗമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ‘ബ്രഹ്‌മാസ്ത്ര ഒന്നാം ഭാഗം: ശിവ’ സെപ്റ്റംബര്‍ ഒമ്പതിനാണ് തിയേറ്ററുകളില്‍ എത്തുക.

ഇന്ത്യന്‍ പുരാണങ്ങളിലെ സങ്കല്‍പ്പങ്ങളെയും ഇന്നത്തെ ലോകത്തേയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഫാന്റസിക്ക് ഏറെ പ്രധാന്യമുളള സിനിമ കൂടിയാണിത്.

കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാര്‍ലൈറ്റ് പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സിനിമയുടെ ദക്ഷിണേന്ത്യന്‍ വിതരണാവകാശം സംവിധായകന്‍ എസ്.എസ്. രാജമൗലിയ്ക്കാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം എത്തും.

Content highlight: Brahmasthra movie clip leaked; Role of Surprise actor out