മരണഗ്രൂപ്പില്‍ ട്വിസ്റ്റ്! ന്യൂകാസിലിനെ തകര്‍ത്ത് ഡോര്‍ട്മുണ്ട്
Football
മരണഗ്രൂപ്പില്‍ ട്വിസ്റ്റ്! ന്യൂകാസിലിനെ തകര്‍ത്ത് ഡോര്‍ട്മുണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 26th October 2023, 8:08 am

ചാമ്പ്യന്‍സ് ലീഗില്‍ മരണഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രൂപ്പ് എഫില്‍ പോരാട്ടം കനക്കുന്നു. അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ പോവുന്ന രണ്ട് ടീമുകള്‍ ആരൊക്കെയാണെന്നറിയാന്‍ വാശിയേറിയ മത്സരമാണ് നടക്കുന്നത്.

ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് ന്യൂകാസില്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു.

ന്യൂകാസിലിന്റെ ഹോം ഗ്രൗണ്ടായ സെയ്ന്റ് ജെയിംസ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും 4-3-3 എന്ന ഫോര്‍മേഷനിലാണ് കളത്തിലിറങ്ങിയത്.

മത്സരത്തില്‍ 45ാം മിനിട്ടില്‍ ജര്‍മന്‍ താരം നമേച്ചയിലൂടെയാണ് ഡോര്‍ട്മുണ്ട് വിജയഗോള്‍ നേടിയത്. നിക്കോ ഷൊട്ടര്‍ബാക്കിന്റെ പാസില്‍ നിന്നും പെനാല്‍ട്ടി ബോക്‌സിനുള്ളില്‍ നിന്നും താരം പോസ്റ്റിലേക്ക് ഷൂട്ട് ചെയ്യുകയായിരുന്നു.

രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാന്‍ ന്യൂകാസില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഡോര്‍ട്മുണ്ട് പ്രതിരോധം ഉറച്ചുനില്‍ക്കുകയായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 1-0ത്തിന് ഡോര്‍ട്മുണ്ട് വിജയം സ്വന്തമാക്കുകയായിരുന്നു.

ചാമ്പ്യന്‍സ് ലീഗില്‍ ഈ സീസണിലെ ജര്‍മന്‍ വമ്പന്‍മാരുടെ ആദ്യ ജയമാണിത്. കഴിഞ്ഞ മത്സരങ്ങളില്‍ എ.സി മിലാനെതിരെ സമനിലയും പി.എസ്.ജിക്കെതിരെ തോല്‍വിയുമായിരുന്നു ഡോര്‍ട്മുണ്ട് നേരിട്ടത്. എന്നാല്‍ ന്യൂകാസിലിനെതിരെ ശക്തമായ തിരിച്ചുവരവാണ് ടീം കാഴ്ചവെച്ചത്.

അതേ സമയം ന്യൂകാസില്‍ യുണൈറ്റഡ് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ചാമ്പ്യന്‍സ് ലീഗിന്റെ കളിതട്ടില്‍ എത്തിയപ്പോള്‍ ഗംഭീരമായ തുടക്കമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ മത്സരത്തില്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജേര്‍മെനെ നാല് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ന്യൂകാസില്‍ എത്തിയത്. എന്നാല്‍ ഇതേ ഫോം ഡോര്‍ട്മുണ്ടിനെതിരെ പുറത്തെടുക്കാന്‍ കഴിയാതെ പോയതാണ് ന്യൂകാസിലിന് തിരിച്ചടിയായത്.

ജയത്തോടെ ഗ്രൂപ്പ് എഫില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു വിജയവും ഒരു സമനിലയും അടക്കം നാല് പോയിന്റുമായി രണ്ടാം സ്ഥാനത്തെത്താനും ഡോര്‍ട്മുണ്ടിന് സാധിച്ചു. അതേ സമയം ഇതേ പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ന്യൂകാസില്‍. രണ്ട് വിജയങ്ങള്‍ നേടി ആറ് പോയിന്റുമായി പി.എസ്.ജിയാണ് ഒന്നാം സ്ഥാനത്ത്.

അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ വരും മത്സരങ്ങളില്‍ ഗ്രൂപ്പ് എഫില്‍ കടുത്ത പോരാട്ടം തന്നെയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: Borussia Dortmund won against Newcastle United F.C in Champions league.