ഘാനയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ജനനം; ഇന്ന് കനേഡിയന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഇടം പിടിച്ച് ഈ 22കാരന്‍
football news
ഘാനയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ജനനം; ഇന്ന് കനേഡിയന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഇടം പിടിച്ച് ഈ 22കാരന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 28th November 2022, 1:09 am

ഒരൊറ്റ ഗോളിലൂടെ കനേഡിയന്‍ ഫുട്‌ബോളിന്റെ ചരിത്രത്തിലും ഖത്തര്‍ ലോകപ്പിന്റെ ശ്രദ്ധയിലും ഇടംപിടിച്ചിരിക്കുകയാണ് അല്‍ഫോന്‍സോ ഡേവീസ്(22). ഖത്തര്‍ ലോകകപ്പില്‍ ഇതുവരെ നടന്ന മത്സരങ്ങളില്‍ ഏറ്റവും വേഗമേറിയ ഗോള്‍ നേടുന്ന താരമായിരിക്കുകയാണ് അല്‍ഫോന്‍സോ ഡേവീസ്.

മത്സരം തുടങ്ങി രണ്ടാം മിനിട്ടിലാണ്(68 സെക്കന്‍ഡ്) അല്‍ഫോന്‍സോ ഡേവീസ് ക്രൊയേഷ്യന്‍ വലകുലുക്കിയത്.

കനേഡിയന്‍ നാഷണല്‍ ടീമിന്റെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോളും ഇതാണ്. ഖത്തറിലേത് കാനഡയുടെ രണ്ടാം ലോകകപ്പാണ്. 1986ല്‍ ലോകകപ്പ് കളിച്ച ടീമിന് അന്ന് ഒരു ഗോളും നേടാനായിരുന്നില്ല. ഒറ്റ ഗോളില്‍ രണ്ട് ചരിത്രം കുറിച്ച അല്‍ഫോന്‍സോ ഡേവീസിന്റെ ജീവിതം പ്രചോദനമേകുന്നതാണ്. 

ഘാനയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ജനനം

ലൈബീരിയയില്‍ നിന്നുള്ളവരാണ് അല്‍ഫോന്‍സോ ഡേവീസിന്റെ മാതാപിതാക്കള്‍. രാജ്യത്ത് ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതോടെ അല്‍ഫോന്‍സോയുടെ പിതാവ് ദേബയ്യയും മാതാവ് വിക്ടോറിയയും മോണ്‍റോവിയയിലെ(ലിബിയയുടെ തലസ്ഥാനം) തങ്ങളുടെ വീട് ഉപേക്ഷിച്ച് ഘാനയിലെ ബുഡുബുറാം അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മാറുകയായിരുന്നു. അന്ന് അല്‍ഫോന്‍സോ അമ്മയുടെ വയറ്റിലാണ്.

അഭയാര്‍ത്ഥി ക്യാമ്പില്‍ വെച്ചാണ് അല്‍ഫോന്‍സോയുടെ ജനനം. പിന്നീട് കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ക്ക് കാനഡയിലേക്ക് കുടിയേറാനുള്ള അവസരം ലഭിക്കുന്നത്. ഇവിടെ നിന്നാണ് അല്‍ഫോന്‍സോ ഇന്ന് ലോകകപ്പില്‍ ശ്രദ്ധ പിടിച്ചുപറ്റിയ താരമായി വളര്‍ന്നത്.

 

 

ഫുട്‌ബോള്‍ കരിയര്‍

നല്ല വേഗതയില്‍ പന്ത് തട്ടിയിരുന്ന അല്‍ഫോന്‍സോയെ ചെറുപ്പത്തില്‍ തന്നെ ക്ലബ്ബുകള്‍ നോട്ടമിട്ടിരുന്നു.
യുണൈറ്റഡ് സോക്കര്‍ ലീഗില്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമാണ് അല്‍ഫോണ്‍സോ.

2017ലാണ് താരം ദേശീയ ടീമിലെത്തുന്നത്. രാജ്യത്തിനുവേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും അല്‍ഫോന്‍സോയുടെ പേരിലാണ്.

നിലവില്‍ ബയേണിന്റെ താരമാണ്. ക്ലബ്ബിനൊപ്പം നാല് ബുണ്ടസ് ലീഗ കിരീടവും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും ഫിഫയുടെ ക്ലബ് വേള്‍ഡ് കപ്പും സ്വന്തമാക്കിട്ടുണ്ട് താരം.

കാനഡ ലോകകപ്പില്‍ നിന്ന് പുറത്ത്

അതേസമയം, കാനഡയുടെ ഒരു ഗോളിനെതിരെ നാല് ഗോളുകള്‍ തിരിച്ചടിച്ച് ക്രൊയേഷ്യ മത്സരത്തില്‍ വിജയിച്ചു. കഴിഞ്ഞ മത്സരത്തില്‍ ബെല്‍ജിയത്തോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ കാനഡക്ക് മത്സരത്തിന്റെ രണ്ടാം മിനിട്ടില്‍ പിറന്ന ഗോള്‍ നല്‍കിയത് വലിയ ആത്മവിശ്വാസമായിരുന്നു. എന്നാല്‍ പിന്നാലെ നാല് ഗോളുകള്‍ തിരിച്ചടിച്ച് ക്രൊയേഷ്യ മുന്നേറുകയായിരുന്നു. ഇതോടെ കാനഡ ലോകകപ്പില്‍ നിന്ന് പുറത്താകുകയും ചെയ്തു.

Content Highlight: Born in a refugee camp in Ghana, life of canadian footballer alphonso davies