അക്ഷരങ്ങളിലൂടെ ഒരു ബാവുലിയന്‍ ദേശാടനം
Daily News
അക്ഷരങ്ങളിലൂടെ ഒരു ബാവുലിയന്‍ ദേശാടനം
ന്യൂസ് ഡെസ്‌ക്
Monday, 14th July 2014, 6:17 pm

അപ്പോഴും അവിടവിടെയായി ഒഴുകിക്കൊണ്ടിരുന്ന ഇറവെള്ളത്തിലൊലിച്ച്, ഒരു നേര്‍ത്ത ബംഗാളി നാടന്‍ പാട്ടിന്റെ അകമ്പടിയോടെ ഞാന്‍ അജോയ് നദിയുടെ തീരത്തെത്തി. അവിടെ മഴയില്‍ നനഞ്ഞു കുളിച്ച്, വിറങ്ങലിച്ചു നില്ക്കുന്ന ബാവുലുകളെ കണ്ടു. അവരെനിക്ക് ഒരു ഏക്താര തന്നു. പിന്നെയവരുടെ സംഗീതം പകര്‍ന്നു. അത് മുറിവുകള്‍ക്ക് മരുന്നാവുകയും നാവിനു തേനാവുകയും ആത്മാവിനു വെളിച്ചമാവുകയും ചെയ്തു. അതുകൊണ്ടു ഞാന്‍ പറയട്ടെ, ഒരിക്കലെങ്കിലും നിങ്ങള്‍ ബാവുലുകളെ കേട്ടിട്ടുണ്ടെങ്കില്‍, ഈ പുസ്തകം വായിക്കുക. മക്കോണ്ടോയിലേക്കു പോയതു പോലെ, കൊമാലയിലേക്കു പോയതു പോലെ, കണ്ണാന്തളിയും നീര്‍മാതളവും പൂത്തത് കണ്ടതു പോലെ, നിങ്ങള്‍ മറ്റൊരു ലോകത്തെ ഇവിടെ കണ്ടെത്തും. ഷിനി ജെ.കെ. എഴുതുന്നു….


bavul-music


Book Review | ഷിനി ജെ.കെ.


shini-jkതികച്ചും അപ്രതീക്ഷിതമായിരുന്നു അന്നത്തെ മഴ. അതൊരു സാധാരണ മഴയായിരുന്നില്ല. ഒരു നിമിഷം കൊണ്ട് ചുവപ്പ് മാഞ്ഞ് ഇരുട്ട് പരന്നു. പിന്നെ കോരിച്ചൊരിഞ്ഞു. മരുഭൂമിയിലെ പൊടിക്കാറ്റും ചൂടുമെല്ലാം ഇറവെള്ളത്തിലൊലിച്ചു പോയി. പതിവുപോലെ തുടക്കത്തില്‍ ഉന്മാദവും ഒടുക്കത്തില്‍ വിഷാദവും സമ്മാനിച്ച് മഴ പെയ്ത് തോര്‍ന്നു.

അരിപ്പയിലെ, അട്ടപ്പാടിയിലെ, അങ്ങനെ എവിടെയെല്ലാമോ ഉള്ള ചോര്‍ന്നൊലിച്ച കുടിലുകള്‍ കണ്ണീരു പാടകെട്ടിയ കണ്ണിലെ കാഴ്ചപ്പുറത്ത് വന്നു നിറഞ്ഞു. സമരഭൂമികളിലെ, കമ്മ്യൂണുകളിലേക്കു വളരാന്‍ തുടങ്ങിയ അപൂര്‍വ്വതകള്‍ നിറഞ്ഞ ഒരു കൂട്ടുജീവിതദിനരാത്രങ്ങളിലെ, നിഴലും വെളിച്ചവും ഇഴചേര്‍ന്ന വെള്ളിത്തിരക്കാഴ്ച്ചകളിലെ, കടല്‍പ്പാലങ്ങളിലെ, നിരന്തര യാത്രകളിലെ, പുസ്തകത്താളുകളിലെ അനുഭവങ്ങളില്‍ ഒഴുകിപ്പരന്നു കിടന്ന സ്‌നേഹം, ആ മഴയോടൊപ്പം പെയ്ത് ഹൃദയത്തില്‍ വന്നു നിറഞ്ഞു. ഇരുട്ട്, തണുപ്പ്, സ്‌നേഹവും ദുഖവും ചിരിയും അലിഞ്ഞു ചേര്‍ന്ന കണ്ണീര്…

അപ്പോഴും അവിടവിടെയായി ഒഴുകിക്കൊണ്ടിരുന്ന ഇറവെള്ളത്തിലൊലിച്ച്, ഒരു നേര്‍ത്ത ബംഗാളി നാടന്‍ പാട്ടിന്റെ അകമ്പടിയോടെ ഞാന്‍ അജോയ് നദിയുടെ തീരത്തെത്തി. അവിടെ മഴയില്‍ നനഞ്ഞു കുളിച്ച്, വിറങ്ങലിച്ചു നില്ക്കുന്ന ബാവുലുകളെ കണ്ടു. അവരെനിക്ക് ഒരു ഏക്താര തന്നു. പിന്നെയവരുടെ സംഗീതം പകര്‍ന്നു. അത് മുറിവുകള്‍ക്ക് മരുന്നാവുകയും നാവിനു തേനാവുകയും ആത്മാവിനു വെളിച്ചമാവുകയും ചെയ്തു. അതുകൊണ്ടു ഞാന്‍ പറയട്ടെ, ഒരിക്കലെങ്കിലും നിങ്ങള്‍ ബാവുലുകളെ കേട്ടിട്ടുണ്ടെങ്കില്‍, ഈ പുസ്തകം വായിക്കുക. മക്കോണ്ടോയിലേക്കു പോയതു പോലെ, കൊമാലയിലേക്കു പോയതു പോലെ, കണ്ണാന്തളിയും നീര്‍മാതളവും പൂത്തത് കണ്ടതു പോലെ, നിങ്ങള്‍ മറ്റൊരു ലോകത്തെ ഇവിടെ കണ്ടെത്തും.

സാമൂഹ്യ നീതിയും സമത്വവുമുള്ള ഒരു ഇന്ത്യയെ സ്വപ്നം കണ്ട ഇവര്‍ തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി അടുപ്പം പുലര്‍ത്തിയതിന്റെ ഫലമായാണ് യൗവ്വനാരംഭത്തില്‍ ജയിലിലടയ്ക്കപ്പെടുന്നത്.

ലണ്ടനിലെ ഡേവിഡ് ഗോഡ്‌വിന്‍ അസോസിയേറ്റ്‌സിന്റെ സഹകരണത്തോടെ മിംലു സെന്‍ പ്രസിദ്ധീകരിച്ച “The Honey Gatherers” , “ബാവുല്‍ ജീവിതവും സംഗീതവും” എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് കെ ബി പ്രസന്നകുമാര്‍ ആണ്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം സാധാരണ കണ്ടു വരാറുള്ള ഊഷരമായ വിവര്‍ത്തനങ്ങള്‍ക്ക് ഒരു അപവാദമാണ്.

സ്വന്തം ജീവിതത്തോട് മിംലു സെന്‍ കാണിച്ച അതേ സത്യസന്ധത പരിഭാഷകന്‍ തന്റെ അക്ഷരങ്ങളോടും പുലര്‍ത്തിയിരിക്കുന്നു എന്നതുകൊണ്ടാണ് ഈ പുസ്തകം വായിക്കപ്പെടേണ്ടതാകുന്നത്. അറിഞ്ഞതില്‍ നിന്നെല്ലാം മോചനമാഗ്രഹിക്കുന്നവര്‍ക്ക്, ഒരു കുട്ടിയുടെ കൗതുകത്തോടെ ലോകത്തെ കാണുന്നവര്‍ക്ക്, ഒരിക്കലുമൊന്നു ചേരാതെ, എന്നാലൊരിക്കലുമകന്നു പോകാതെ, നമുക്കൊപ്പം സമാന്തരമായി സഞ്ചരിക്കുന്ന ഒരു മഹാപ്രവാഹമായി അനുഭവപ്പെടാനിടയുണ്ട് ഈ പുസ്തകം. ഇവിടെ വാക്കുകള്‍ ഒന്നുചേര്‍ന്ന് കവിത രചിക്കുകയും വായന ഒരു സംഗീതാനുഭവമായിത്തീരുകയും ചെയ്യുന്നു. ചുറ്റും ഒഴുകിപ്പരക്കുന്ന സ്‌നേഹം, സ്വാതന്ത്ര്യം, സംഗീതം..!

തീവ്രവാദബന്ധം ആരോപിക്കപ്പെട്ട് കൊല്‍ക്കത്തയിലെ ജയിലില്‍ ഒരു വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ, ഒരു രാത്രി ബാവുല്‍ സംഗീതമാധുരി യുവതിയായ മിംലു സെന്നിനെ തേടിയെത്തുന്നിടത്താണ് പുസ്തകമാരംഭിക്കുന്നത്. ലാളിത്യം കൊണ്ടും വൈകാരികമായ സത്യസന്ധത കൊണ്ടും ഉജ്ജ്വലമായ വായനാനുഭവം തീര്‍ക്കുകയാണ് എഴുത്തുകാരി പിന്നീടങ്ങോട്ട് (പരിഭാഷകനെ വിസ്മരിച്ചു കൂടാ..).

mlmlu-senസാമൂഹ്യ നീതിയും സമത്വവുമുള്ള ഒരു ഇന്ത്യയെ സ്വപ്നം കണ്ട ഇവര്‍ തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി അടുപ്പം പുലര്‍ത്തിയതിന്റെ ഫലമായാണ് യൗവ്വനാരംഭത്തില്‍ ജയിലിലടയ്ക്കപ്പെടുന്നത്. അദമ്യമായ സ്വാതന്ത്ര്യ ബോധമുണ്ടിയിരുന്ന എഴുത്തുകാരി, ജയില്‍ മോചിതയായ ശേഷവും വ്യവസ്ഥാപിത സമൂഹത്തിന്റെയും കുടുംബത്തിന്റെയും സ്വാഭാവിക ചിട്ടവട്ടങ്ങളെയെല്ലാം തിരസ്‌ക്കരിച്ചുകൊണ്ട് സ്വയം കണ്ടെത്തുന്നതിനുള്ള ആര്‍ജ്ജവം കാണിക്കുകയാണ്.

അങ്ങനെ ബീഹാറിലെ ഗ്രാമീണസേവന പ്രവര്‍ത്തനങ്ങളിലേക്കും ദില്ലി ഇന്ദ്രപ്രസ്ഥ കോളേജിലെ ബിരുദപഠനത്തിലേക്കും ചെന്നെത്തുന്നു. അധികം വൈകാതെ, ഇതവരെ യൂറോപ്പിലേക്കു നീളുന്ന ഒരു യാത്രയിലേക്കും പാരീസിലെ സുഹൃത്തുക്കളൊന്നിച്ചൊരു വ്യത്യസ്ഥമായ കുടുംബജീവിതം നയിക്കുന്നതിലേക്കും കൊണ്ടെത്തിക്കുകയാണ്. അവിടെ വച്ച് ബാവുല്‍ സംഗീതത്തിന്റെ മാന്ത്രികസ്പര്‍ശം ഒരിക്കല്‍ കൂടി അവരെ വിളിച്ചുണര്‍ത്തുന്നു. ആ വിളി കേള്‍ക്കാതിരിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. പാരീസിലെ കുടുംബത്തില്‍ നിന്നും പിരിഞ്ഞ്, രണ്ട് കുഞ്ഞുങ്ങളുമായി പബന്‍ദാസ് ബാവുലിനൊപ്പം ബാവുല്‍ സംഗീത വഴികളിലൂടെ അവര്‍ നടത്തിയ ദേശാടനങ്ങളുടെ നേരനുഭവങ്ങളാണ് തുടര്‍ന്നങ്ങോട്ട് ഈ പുസ്തകത്തിലുള്ളത്.

അടുത്ത പേജില്‍ തുടരുന്നു


ഒരു വിഷാദരാഗം പോലെ അവസാനിച്ച സ്വപനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഈ പുസ്തകത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഭാഗങ്ങളില്‍ ഒന്നാണ്. സ്വന്തം മരണം കൊണ്ട് അയാള്‍ നമ്മെ വാന്‍ഗോഗിനെ ഓര്‍മ്മിപ്പിച്ചേക്കാം. ഒരേസമയം ലളിതവും സങ്കീര്‍ണ്ണവും സുപരിചിതവും അജ്ഞാതവുമായ ഒരു അത്ഭുതലോകത്തിലേക്ക് സൂക്ഷ്മവീക്ഷ്ണം നടത്താനുള്ള ഭൂതക്കണ്ണാടിയാകുന്നു “ബാവുല്‍ ജീവിതവും സംഗീതവും” എന്ന പുസ്തകം.


baul-parvathi
പാരീസിലേയും ഇന്ത്യയിലേയും അനുഭവങ്ങള്‍ വരച്ചിടുമ്പോള്‍ അനുഭവക്കുറിപ്പ് എന്നതിലുപരിയായി, ഒരു യാത്രാവിവരണത്തിന്റെ സമഗ്രതയിലേക്കെത്തുന്നുമുണ്ട് പുസ്തകം. പാരീസും കൊല്‍ക്കത്തയും ദുര്‍ഗ്ഗാപൂരും ശാന്തിനികേതനും കെണ്ടുളിയും ഘോഷ്പാറയും അഗ്രോദ്വീപും ബോറലുമെല്ലാം ഇവിടെ നമുക്ക് ചിരപരിചിതമാവുകയാണ്.

പബന്‍ ദാസ് ബാവുലിനെക്കുറിച്ചും അദ്ദേഹത്തിന്‌റെ ജീവിതത്തെയും സംഗീതത്തെയും കുറിച്ചും ആഴത്തിലറിയാന്‍ മിംലു സെന്നിന്റെ വാക്കുകള്‍ ധാരാളമാണ്. ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുക എന്ന ഭാഗ്യം എത്രയോ മഹാരഥര്‍ക്ക് ലഭിക്കാതെ പോയിട്ടുണ്ടെന്നോര്‍ക്കുക. സ്വാതന്ത്ര്യം എന്നതിനെ ഒരു പൊതുനിര്‍വചനത്തിന്റെ കള്ളികളില്‍ ഒതുക്കാനാവില്ലെന്നും ആ അന്വേഷണവും കണ്ടെത്തലും വ്യക്ത്യാധിഷ്ഠിതമാണെന്നും നാമിതില്‍ നിന്ന് സ്വയം വായിച്ചെടുക്കേണ്ടതുണ്ട്. സ്വാതന്ത്രയായിക്കുമ്പോള്‍ തന്നെയും ബന്ധങ്ങളുടെ വൈകാരിക തീക്ഷ്ണതയുടെ ആഴങ്ങളും ഇവര്‍ നമുക്ക് കാണിച്ചുതരുന്നുണ്ട്.

ടെറായിയോടും പബനോടും ഉള്ള പ്രണയവും കുഞ്ഞുങ്ങളോടുള്ള വാത്സല്യവും മാത്രമല്ല, അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും പരസ്പരസ്‌നേഹവും ബഹുമാനവും കാത്തുസൂക്ഷിക്കുന്ന അച്ഛന്റെയും മകളുടെയും ചിത്രവും, വീടിന്റെ ശീലങ്ങളില്‍ സ്വയം വിധേയപ്പെട്ട് ജീവിക്കുമ്പോഴും വായിക്കുകയും സംഗീതമാസ്വദിക്കുകയും ലോകത്തെ അറിയുകയും സ്വതന്ത്രയായിരിക്കുവാന്‍ മകളെ ഉപദേശിക്കുകയും ചെയ്യുന്ന അമ്മയും, പബന്റെ കുടുംബത്തിനു നേര്‍ക്ക് എഴുത്തുകാരിക്കുള്ള അനുതാപം കലര്‍ന്ന സ്‌നേഹവുമെല്ലാം ഇതിന്റെ അടയാളങ്ങളാണ്.

ബാവുല്‍ സംഗീത ലഹരി ഒരിക്കലെങ്കിലും അറിഞ്ഞവര്‍ക്ക് ആസ്വാദനത്തിന്‌റെ ആഴങ്ങള്‍ തരും ഈ പുസ്തകം.

ഒരു വിഷാദരാഗം പോലെ അവസാനിച്ച സ്വപനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഈ പുസ്തകത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഭാഗങ്ങളില്‍ ഒന്നാണ്. സ്വന്തം മരണം കൊണ്ട് അയാള്‍ നമ്മെ വാന്‍ഗോഗിനെ ഓര്‍മ്മിപ്പിച്ചേക്കാം. ഒരേസമയം ലളിതവും സങ്കീര്‍ണ്ണവും സുപരിചിതവും അജ്ഞാതവുമായ ഒരു അത്ഭുതലോകത്തിലേക്ക് സൂക്ഷ്മവീക്ഷ്ണം നടത്താനുള്ള ഭൂതക്കണ്ണാടിയാകുന്നു “ബാവുല്‍ ജീവിതവും സംഗീതവും” എന്ന പുസ്തകം.

ബാവുല്‍ സംഗീത ലഹരി ഒരിക്കലെങ്കിലും അറിഞ്ഞവര്‍ക്ക് ആസ്വാദനത്തിന്‌റെ ആഴങ്ങള്‍ തരും ഈ പുസ്തകം. പ്രണയവും ഭക്തിയും വിരഹവും വിഷാദവും ആത്മീയതയും ശരീരജ്ഞാനവുമെല്ലാമിഴചേര്‍ന്ന സംഗീതം, ഏക്താരയുടെയും ദൊതാരയുടെയുമൊക്കെ ഗാംഭീര്യമുള്ള ശബ്ദം, വ്യവസ്ഥകളില്ലാത്തതും ക്രമരഹിതവും വന്യവുമായ ജീവിതം… അങ്ങനെ ഓരോ സൂക്ഷ്മാംശങ്ങളിലും ബാവുലുകളെ അറിയുകയാണ് നാമിവിടെ.


സ്ത്രീകള്‍ക്ക് അവര്‍ ലൈംഗികബന്ധങ്ങളില്‍ സമഭാവം നല്കുന്നു. സ്വന്തം ശരീരങ്ങള്‍ തന്നെ അന്വേഷിക്കുവാനുള്ള സാധ്യതകള്‍. പുരുഷന്മാരെ അവരുടെ തന്നെ അറിവിന്റെ ഉയര്‍ച്ചയിലെത്തിക്കുന്നു. ചുറ്റുമുള്ള പുരുഷാധികാര സമൂഹത്തെ അവര്‍ നിരാകരിക്കുന്നു. ജാതിവ്യവസ്ഥയില്‍ കുരുങ്ങിക്കിടക്കുന്ന സമൂഹത്തെ നിരാകരിക്കുന്നു. മുല്ലമാരുടെയും പണ്ഡിറ്റുകളുടെയും യാഥാസ്ഥിതികമായ പരിമിതവൃത്തങ്ങളെ തുറന്നുകാണിക്കുന്നു.


mimlu-sen-book2എഴുത്തുകാരി തന്നെ പറയും പോലെ “സാധുക്കള്‍ക്ക്, അവര്‍ മനുഷ്യാത്മാവിന്റെ സമ്പത്ത് നല്കുന്നു. അന്ധര്‍ക്ക് അന്തര്‍ദര്‍ശനങ്ങളുടെ ദൈവികവെളിച്ചം നല്കുന്നു. രോഗികള്‍ക്കും പ്രായം ചെന്നവര്‍ക്കും അവര്‍ വിശ്വാസത്തിന്‌റെ സുരക്ഷിതത്വം നല്കുന്നു. അവരെ പാട്ടുകളാല്‍ സുഖപ്പെടുത്തുന്നു. പ്രകൃതിദത്തമരുന്നുകളും യോഗസാധനയും പകര്‍ന്നു നല്കുന്നു. ധനികനും അസംതൃപ്ത ധിക്കാരിയും സ്വാര്‍ത്ഥനും പ്രയോജനങ്ങള്‍ക്കുവേണ്ടി മാത്രം കര്‍മ്മം ചെയ്യുന്നവനും അവരുടെ പ്രകോപനപരമായ പരിഹാസത്തിനു വിധേയരാകുന്നു.

സ്ത്രീകള്‍ക്ക് അവര്‍ ലൈംഗികബന്ധങ്ങളില്‍ സമഭാവം നല്കുന്നു. സ്വന്തം ശരീരങ്ങള്‍ തന്നെ അന്വേഷിക്കുവാനുള്ള സാധ്യതകള്‍. പുരുഷന്മാരെ അവരുടെ തന്നെ അറിവിന്റെ ഉയര്‍ച്ചയിലെത്തിക്കുന്നു. ചുറ്റുമുള്ള പുരുഷാധികാര സമൂഹത്തെ അവര്‍ നിരാകരിക്കുന്നു. ജാതിവ്യവസ്ഥയില്‍ കുരുങ്ങിക്കിടക്കുന്ന സമൂഹത്തെ നിരാകരിക്കുന്നു. മുല്ലമാരുടെയും പണ്ഡിറ്റുകളുടെയും യാഥാസ്ഥിതികമായ പരിമിതവൃത്തങ്ങളെ തുറന്നുകാണിക്കുന്നു.

ബംഗാളിലെ ജാതി വ്യവസ്ഥയെക്കുറിച്ചും, ബാവുല്‍ സംഗീതത്തെയും ജീവിതശൈലിയെയും അതിന്റെ തനതു രീതികളില്‍ നിന്നകറ്റി കച്ചവടവത്ക്കരിക്കുന്നതിനെക്കുറിച്ചും, പൊതുസമൂഹത്തില്‍ കാലാകാലങ്ങളായി നിലനില്ക്കുന്നതും ബാവുല്‍ ലോകത്ത് സമീപകാലത്തായി വേരുമുളച്ച് തുടങ്ങിയതുമായ സ്ത്രീവിരുദ്ധതയെക്കുറിച്ചും എഴുത്തുകാരിക്കുള്ള സത്യസന്ധമായ വേവലാതികള്‍ നമുക്ക് പുസ്തകത്തില്‍ കാണാനാകും. എന്നാല്‍ പരമ്പരാഗതമായി ബാവുല്‍ ജീവിതരീതികള്‍ ജാതിമതലിംഗ ഭേദങ്ങളില്‍ നിന്നെല്ലാം മുക്തമായ ഒന്നാണെന്ന് ഇവര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

എന്നാലിത്, ബാവുല്‍ ജീവിതവും സംഗീതവും മാത്രമടങ്ങുന്ന ഒരു അനുഭവവിവരണമല്ല. മറിച്ച്, ഇത് ലോകത്തിന്റെ ഒരു പരിഛേദം തന്നെയാണ്. ഇതില്‍ പട്ടിണിയും ദാരിദ്ര്യവും അശാന്തപലായനങ്ങളും അസമത്വങ്ങളും അസ്തിത്വദുഖവുമുണ്ട്. പ്രണയവും വിരഹവും ഭക്തിയും ഉദ്വേഗങ്ങളും വേദനകളും ഉണ്ട്. എല്ലാറ്റിനും ഉപരിയായി തെളിഞ്ഞു നില്ക്കുന്ന സ്‌നേഹവും സമാധാനവും സ്വാതന്ത്ര്യവുമുണ്ട്. അപരനെ വിധിക്കാത്ത, സമസ്ത ജീവജാനങ്ങളോടും താദാത്മ്യം പ്രാപിക്കുന്ന സമഭാവം എഴുത്തുകാരിയുടെ വാക്കുകളിലുണ്ട്.

അതുകൊണ്ടു തന്നെ സ്‌നേഹത്തിന്റെ, സ്വാതന്ത്രചിന്തയുടെ, ആത്മാന്വേഷണങ്ങളുടെ മാനിഫെസ്റ്റോ ആണിത് എന്നു വേണമെങ്കില്‍ പറയാം. ബാവുലുകള്‍ സ്വന്തം ശബ്ദം കൊണ്ട് നന്മകള്‍ക്കു വേണ്ടി കലാപം നടത്തുന്നു. തങ്ങളുടെ ജീവിതരീതി കൊണ്ട് അവര്‍ ചോദ്യം ചെയ്യുന്നത് പൊള്ളയായ പൊതുബോധങ്ങളെയും വ്യവസ്ഥാപിതമായ ചിട്ടവട്ടങ്ങളെയുമാണ്. ജൈവമായതെല്ലാം കൂടുതല്‍ സമാധാനവും സന്തോഷവും അര്‍ഹിക്കുന്നുണ്ടെന്നും ആത്യന്തികമായ സമാധാനമെന്നത് സമഭാവനയാണെന്നും നാമിവിടെ സ്വയം വായിച്ചെടുക്കേണ്ടതുണ്ട്.

ശരീരത്തെ വിലക്കപ്പെട്ട കനിയായി കാണുന്ന, ലൈംഗിത പാപമാണെന്നു പറയുന്ന പൊതുസദാചാരബോധത്തെയും വ്യവസ്ഥാപിതമായ കുടുംബസാമൂഹ്യ ഘടനകളെയും കീഴ്‌മേല്‍ മറിക്കുന്നുണ്ട് പുസ്തകം. വ്യക്തികള്‍ സ്വതന്ത്രരും സന്തുഷ്ടരുമായിരിക്കുന്നതില്‍ കവിഞ്ഞ് ഈ ലോകത്ത് ഒരു സദാചാരവും ഇല്ലെന്ന് ഇനിയും മനസ്സിലാക്കിയിട്ടില്ലാത്തവര്‍ക്ക് ഇതൊരിക്കലും ഉള്‍ക്കൊള്ളുവാന്‍ സാധിച്ചില്ലെന്നു വരാം. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെയാണ് ഈ പുസ്തകവും അതിന്‌റെ രാഷ്ട്രീയവും വായിക്കപ്പെടേണ്ടതാകുന്നത്.