Administrator
Administrator
ന്യായം കണ്ടെത്തുന്നവരുടെ ലോകം
Administrator
Tuesday 6th September 2011 9:05am

ബുക്‌ന്യൂസ് / അമര്‍നാഥ് കെ. ചന്തേര

പുസ്തകം: ന്യായത്തി

എഴുത്തുകാരന്‍ : ഏ.വി. സന്തോഷ്‌കുമാറ

വിഭാഗം: കവിത

പേജ്: 64

വില: 45/-

പ്രസാധകര്‍: കൈരളി ബുക്‌സ് – കണ്ണൂര്‍

”എന്നെ കൊല്ലുവാന്‍ വേണ്ടി നീ എന്റെ നേരെ കൈ നീട്ടിയാല്‍ തന്നെയും നിന്നെ കൊല്ലുവാന്‍ വേണ്ടി ഞാന്‍ നിന്റെ നേരെ കൈനീട്ടുന്നതല്ല. (സൂറത്ത് 5:28- വിശുദ്ധഖുറാന്‍)

തന്നെ ഞെരിച്ചുകൊല്ലാതെ വെറുതെവിട്ട വിരലുകളെ അരിച്ചുതീര്‍ക്കാന്‍ കാത്തിരിക്കുന്ന ഉറുമ്പുകളെപ്പോലെ നിഷ്‌കളങ്കരെ ഉപദ്രവിക്കുന്ന സമൂഹമനസ്സാക്ഷിയുടെ പ്രത്യക്ഷപ്രതീകമാണ് ഏ.വി. സന്തോഷ്‌കുമാറിന്റെ ‘ന്യായത്തി’എന്ന കവിതാസമാഹാരത്തിലെ വിരലുകള്‍ എന്ന കവിത. നരാധമന്‍മാരുടെ കൈകളാല്‍ തെരുവില്‍ ഉറുമ്പരിച്ചു കിടക്കേണ്ടിവന്ന സ്ത്രീശരീരത്തെ അനാവരണം ചെയ്താണ് കവി തന്റെ ക്ഷോഭം പ്രകടിപ്പിക്കുന്നത്.

nyaayathiകാല്‍വെള്ളയില്‍ കടിച്ച ഉറുമ്പിനെ കൊല്ലാന്‍ കുനിഞ്ഞ ഗര്‍ഭിണിയുടെ വീര്‍ത്ത ഉദരം തുടയിലമര്‍ന്നപ്പോള്‍ വയറിനകത്തുകിടന്ന് അമ്മയോട് നിസ്സാരനായ ഉറുമ്പിന്റെ ജന്മംപോലും വിലപ്പെട്ടതാണെന്ന് ഓര്‍മിപ്പിക്കുന്ന ഗര്‍ഭസ്ഥശിശുവിന്റെ ‘എന്നെ അമര്‍ത്താതമ്മേ’ എന്ന കരുതല്‍ പുതിയകാലത്തിന്റെ വിഹ്വലതകളുടെ ഓര്‍മപ്പെടുത്തലാണ്.

ലോകത്തിലെ സകലതിനെക്കുറിച്ചും അഭിപ്രായം ഉണ്ടായിരിക്കുകയും എല്ലാ അഭിപ്രായത്തിന്റെയും അളവുകോല്‍, തീര്‍ത്തും പരിമിതമായ തന്റെ അനുഭവലോകമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സമകാലിക മലയാളിയുടെ പ്രതിരൂപങ്ങളെയാണ് ‘ന്യായത്തി’യിലെ കവിതകള്‍ വരച്ചിടുന്നത്. തന്റെ ഭാര്യ, പോത്തിന്‍ചാണകം വൃത്തിഹീനമായതിന്റെ പേരിലും, അനുജത്തി പോത്തിന്‍ കരച്ചില്‍ അരോചകമായതിന്റെ പേരിലും പോത്തിറച്ചി കഴിക്കാതിരിക്കുകയും എന്നാല്‍ ആട്ടിറച്ചി കഴിക്കുന്നതിന് മറ്റു ന്യായങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന സ്ത്രീസ്വാതന്ത്ര്യത്തിന്റെ പുതിയ സംവരണകാലഘട്ടത്തില്‍ വ്യക്തിഗതവും ആപേക്ഷികവുമായ സ്വാതന്ത്ര്യത്തിന്റെ അപകടം പറഞ്ഞുവെക്കുന്നു കവി – എന്നാല്‍ വരട്ടു ന്യായത്തിന്റെ ബാലിശതക്കപ്പുറം പോത്തിനും ആടിനും സ്ത്രീ കല്പിച്ചുകൊടുക്കുന്ന ന്യായാന്യായങ്ങളിലെ സന്നിഗ്ധതയൊന്നും പുരുഷന് ബാധകമല്ലെന്നും അറവുശാലയിലെ അരണ്ട വെളിച്ചത്തിന്റെ നേരിയമറ മാത്രം മതി അവന് എന്നും കവി പറഞ്ഞു വെക്കുമ്പോള്‍ ആരും തലകുലുക്കി സമ്മതിക്കുകയേ ഉള്ളൂ.

പെണ്ണും പണവും പദവിയും ദുരുപയോഗപ്പെടുത്തി പിടിക്കപ്പെട്ടപ്പോള്‍, വേട്ടക്കാരുടെയും ഇരകളുടെയും കൊടിയുടെ നിറം നോക്കി ‘ന്യായം പറയുന്ന’ ചാനല്‍ക്കാഴ്ചകള്‍ നിറയുന്ന എക്‌സ്‌ക്യൂസീവ് ചാനില്‍ഷോ നടക്കുന്ന നാട്ടില്‍ എല്ലാവരും ‘ന്യായത്തി’കളും ‘ന്യായസ്ഥന്മാ’രും ആകുന്ന കാലമിങ്ങെത്തി എന്നാണ് മുന്നറിയിപ്പ്.
നഷ്ടപ്രണയത്തിന്റെ നോവും നീറ്റലും മനസ്സില്‍ അണയാതെ എരിയുന്ന കാമുകഹൃദയങ്ങളെ, തന്റെ നഷ്ടപ്പെട്ട വാഗ്ദത്തഭൂമിയിലേക്ക് വര്‍ണക്കാഴ്ചകളോടെ ആനയിച്ചുകൊണ്ടുപോകുന്ന ഓര്‍മ്മയുടെ പെരുക്കമാണ് ‘ഒറ്റ’ എന്ന കവിത.

അന്ന് ഞാന്‍
തന്നത്
സ്വീകരിച്ചിരുന്നുവെന്ന്
ഞാന്‍
അറിഞ്ഞിരുന്നെങ്കില്‍
ഇന്ന്
തിരിച്ചുപോരുമ്പോള്‍
നമ്മള്‍
ഒറ്റയ്ക്ക്
ആവില്ലായിരുന്നു

എന്ന് ആശയഭംഗിയോടെ കവി പറഞ്ഞുവെക്കുമ്പോഴും ഗൃഹാതുരമായ ഓര്‍മ്മകളാല്‍ അനുവാചകന്‍ വിസ്മയിപ്പിക്കപ്പെടുമ്പോഴും ഒന്നുറക്കെ പാടിയാല്‍ കിട്ടാത്ത അനുഭൂതി വായനക്കാരില്‍ നിറയുന്നു എന്ന വസ്തുത നാം കാണാതെ പോകരുത്.

താന്‍ നില്‍ക്കുന്ന ഇടത്തിലെ അനുഭവലോകമാണ് കവിയ്ക്ക് തന്റെ ലോകത്തോടു പറയാനുള്ള വിഷയത്തിന്റെ ഉറവ എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ”മോശം വരൂല” എന്ന കവിത.

”ഇന്നലെ ബ്രോക്കറ് കുമാരന്‍
വന്ന് നമ്മുടെ ഉസ്‌കൂള്
വില്‍ക്കാന്‍ പോകുന്നൂന്ന്
പറഞ്ഞപ്പോ മുതല്‍ ഒരിത്.”

തനിക്ക് ഉപ്പും ചോറും നല്‍കുന്ന സ്‌കൂള്‍ എന്ന തന്റെ പ്രിയപ്പെട്ട ഇടം വില്പനയ്ക്കു വെക്കാനുള്ള
”ഒരു സാധന”മാണെന്ന് തിരിച്ചറിയുന്ന കവിക്കുണ്ടാകുന്ന നൊമ്പരവും അമ്പരപ്പും പ്രതിഷേധവും ഈ ഒരു കവിതയില്‍ കാണാന്‍ കഴിയും.
ചാനലുകാരും രാഷ്ട്രീയക്കാരും ചര്‍വ്വിതചര്‍വ്വണം നടത്തി അര്‍ത്ഥം തേഞ്ഞുപോയ ഒരു വാക്കാണ്’മാഫിയ’-സൈറ്റുള്ള സ്ഥലം കണ്ണുവെക്കുന്ന പുത്തന്‍പണക്കാര്‍ നാട്ടില്‍ പെരുകുമ്പോള്‍ പഴയ ‘വിപ്ലവകാരികള്‍’ പുതിയ കോണ്‍ട്രാക്ടര്‍മാരും കച്ചവടക്കാരുമായി മാറിയിരിക്കുന്ന കാലത്ത് ”ഒരു നിശ്ചയമില്ലയൊന്നിനും” എന്ന കുമാരനാശാന്റെ വരിയുടെ സാംഗത്യം എല്ലാകാലത്തും അനുഭവവേദ്യമാകുന്നു.

പക്ഷേ, തന്റെ നാട്ടുപള്ളിക്കൂടത്തില്‍ താന്‍ ചെലവഴിച്ച ബാല്യകാലത്തില്‍ നിറയുന്ന പൊട്ടിയസ്ലേറ്റും പൊളിഞ്ഞ ബെഞ്ചും അമേരിക്കന്‍ ഗോതമ്പില്‍ ഡാല്‍ഡ ഒഴിച്ച ഉപ്പുമാവും ചിതലരിച്ച ബ്ലാക്ക്‌ബോര്‍ഡും കവിയെ നൊമ്പരപ്പെടുത്തുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.

ഓരോ നാട്ടുമനുഷ്യന്റെയും ഓര്‍മകളില്‍ നിറയുന്ന ഗൃഹാതുരതയുടെ നേര്‍ത്ത നൊമ്പരം തന്നെയാണ് ഇത്. ഇവിടെ കവി വെറും സാധാരണക്കാരനായ നാട്ടുമ്പുറത്തുകാരനായി മാറുന്നു.

നാട്ടിലെ പ്രശ്‌നങ്ങളില്‍, പ്രസ്താവനക്കടിയില്‍ ഒപ്പുചാര്‍ത്തിയെങ്കിലും പ്രതിഷേധിച്ചിരുന്ന ‘ക്ഷോഭിക്കുന്ന സാംസ്‌കാരിക നായകന്മാരെ ഉപ്പുതൊട്ടു കൂട്ടാന്‍ പോലും കിട്ടാത്ത പുതിയ കാലത്തില്‍ സുഖലോലുപരായ സ്വജീവിതം ”അടിച്ചുപൊളിക്കുന്ന” സാംസ്‌കാരികനായകന്മാര്‍ സഹജീവികളുടെ ദുരിതജീവിതത്തെ ഓര്‍ത്ത് വാക്കാല്‍ പരിതപിക്കുന്നത് അനുതാപമാകാത്തിടത്തോളം വ്യായാമം വൃഥാവിലാകും എന്നതുമാണ് സത്യം.

മധ്യവര്‍ഗം രാംലീല മൈതാനത്ത് ദേശീയപതാക വീശി അഴിമതിക്കെതിരെ പുതിയ പോരാട്ടത്തിന്റെ പോര്‍മുഖം തുറക്കുമ്പോള്‍ അറുപത് വര്‍ഷത്തിനിടയില്‍ നമ്മുടെ രാഷ്ട്രീയനേതൃത്വം എങ്ങനെ ഇത്രമാത്രം കെട്ടുപോയി എന്നു നമ്മെ ഓര്‍മപ്പെടുത്തുകയാണ്. എല്ലാവരും പരാജയപ്പെട്ടുപോകുന്നിടത്ത് നന്‍മയുടെ ഒരു നേര്‍ത്ത ഓര്‍മ്മപ്പെടുത്തലാണ് ഓരോ കവിതയും. കവിയും കലാകാരനും നിര്‍വ്വഹിക്കുന്ന കടമ എല്ലാക്കാലത്തും ഇതുന്നെയാണ്. ഏ.വി. സന്തോഷ്‌കുമാര്‍ കാലത്തെ ഓര്‍മ്മപ്പെടുത്തുന്നതും ഇതുന്നെയാണ്.

Book Name: Nyaayathi

Author: A.V. Santhosh Kumar

Classification: Poems

Page: 64

Price: Rs 45/-

Publisher: Kairali Books, Kannur.

Advertisement