എഡിറ്റര്‍
എഡിറ്റര്‍
‘പൊങ്ങച്ചം നിര്‍ത്തൂ… പോഷകാഹാരക്കുറവ് മൂലം ഒരു കുട്ടിയെങ്കിലും മരിക്കുന്നത് തടയാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞോ..?’; മഹാരാഷ്ട്ര സര്‍ക്കാരിന് ബോംബെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
എഡിറ്റര്‍
Thursday 5th October 2017 11:21am


മുംബൈ: പോഷകാഹാരക്കുറവ് മൂലം കുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ബോംബെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പോഷാകഹാരത്തിന്റെ അഭാവം മൂലം ഒരു കുട്ടിയെങ്കിലും മരിക്കുന്നത് തടയാന്‍ ഈ സര്‍ക്കാരിന്  കഴിഞ്ഞോയെന്നും കോടതി ചോദിച്ചു.

‘പൊങ്ങച്ചം പറയുന്നത് നിര്‍ത്തൂ. ഒരു മരണമെങ്കിലും തടയാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞോ..? സംസ്ഥാനത്ത് ക്ഷേമമുണ്ടെന്ന് നിങ്ങള്‍ക്ക് പറയണമെങ്കില്‍ പോഷകാഹാരക്കുറവ് മൂലം ഇവിടെ ഒരു മരണംപോലും ഉണ്ടാകുന്നില്ലെന്ന് പറയാന്‍ കഴിയണം.’


Also Read: യുപി ആശുപത്രിയില്‍ 14 പേരുടെ മരണത്തിന് കാരണം അനസ്‌തേഷ്യക്ക് പകരം വ്യവസായിക ആവശ്യത്തിനുള്ള വാതകം നല്‍കിയത്


ദുരന്തങ്ങള്‍ തടയാന്‍ ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടെ പോഷകാഹാരക്കുറവും അനുബന്ധമായ മറ്റു രോഗങ്ങള്‍ മൂലവും 180 ലധികം കുട്ടികളാണ് മഹാരാഷ്ട്രയില്‍ മരിച്ചത്.

അംഗനവാടിയില്‍ കുട്ടികള്‍ക്ക് ലഭ്യമാകുന്ന ചുവന്ന പരിപ്പ് പോഷകത്തിനുതകുന്നതാണോയെന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. ഇതിനായി സര്‍ക്കാര്‍ ചെലവഴിക്കുന്ന ഫണ്ട് എങ്ങോട്ടാണ് പോകുന്നതെന്നും കോടതി ചോദിച്ചു.


Also Read: റോഹിങ്ക്യരെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; മിസ് മ്യാന്‍മറിന്റെ സുന്ദരിപട്ടം തിരിച്ചെടുത്തു


പോഷകാഹാരക്കുറവ് മൂലം കുട്ടികള്‍ മരിക്കുന്നത് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് ജംദാറും അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ശിശുപരിപാലനവും ആരോഗ്യരംഗവും വന്‍ വിമര്‍ശനമാണ് കുറച്ചുനാളുകളായി നേരിടുന്നത്. യു.പിയില്‍ ഓക്‌സിജന്‍ അഭാവത്തെത്തുടര്‍ന്ന് പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചതും ഗുജറാത്തില്‍ പന്നിപ്പനി മൂലം നിരവധിപേര്‍ മരിച്ചതും വാര്‍ത്തയായിരുന്നു.

Advertisement