വീട്ടുജോലി ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ അത് സ്ത്രീകള്‍ വിവാഹത്തിന് മുമ്പേ പറയണം; ഗാര്‍ഹികപീഡന കേസ് റദ്ദാക്കി ബോംബെ ഹൈക്കോടതി
national news
വീട്ടുജോലി ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ അത് സ്ത്രീകള്‍ വിവാഹത്തിന് മുമ്പേ പറയണം; ഗാര്‍ഹികപീഡന കേസ് റദ്ദാക്കി ബോംബെ ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th October 2022, 11:06 am

മുംബൈ: വിവാഹിതയായ ഒരു സ്ത്രീയോട് ഭര്‍ത്താവിന്റെ വീട്ടുകാര്‍ വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് ക്രൂരതയല്ലെന്ന് ബോംബെ ഹൈക്കോടതി. ഐ.പി.സി 498A പ്രകാരം ഇത് ആ സ്ത്രീക്കെതിരായ കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ അലഹബാദ് ബെഞ്ച് വിധിച്ചത്.

ഒരു യുവതി നല്‍കിയ ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

വീട്ടുജോലി ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ അത് സ്ത്രീകള്‍ വിവാഹത്തിന് മുമ്പേ തന്നെ പറയണമെന്നും, അങ്ങനെയാണെങ്കില്‍ ഈ വിവാഹാലോചനയുമായി മുന്നോട്ട് പോകണമോ എന്ന് പുരുഷനും വീട്ടുകാര്‍ക്കും ഒന്നുകൂടി ചിന്തിക്കാന്‍ സമയം ലഭിക്കുമെന്നും കോടതി പറഞ്ഞു. ജസ്റ്റ്‌സ് വിഭ വി. കന്‍കന്‍വാഡി, ജസ്റ്റിസ് രാജേഷ് എസ്. പാട്ടീല്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു വിധി.

”വിവാഹിതയായ ഒരു സ്ത്രീയോട് കുടുംബത്തിന് വേണ്ടി വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍, അത് അവരെ വേലക്കാരിയെപ്പോലെ കണക്കാക്കുകയാണെന്ന് പറയാനാവില്ല. വീട്ടുജോലികള്‍ ചെയ്യാന്‍ സ്ത്രീക്ക് താല്‍പര്യമില്ലെങ്കില്‍ അക്കാര്യം വിവാഹത്തിന് മുമ്പ് തന്നെ പറയേണ്ടതായിരുന്നു. അങ്ങനെയെങ്കില്‍ വരന് വിവാഹത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ സാധിക്കും.

ഇനി അത് വിവാഹശേഷമാണെങ്കില്‍ പോലും അത്തരമൊരു പ്രശ്‌നം നേരത്തെ പരിഹരിക്കപ്പെടേണ്ടതായിരുന്നു.

കോടതിക്ക് മുന്നില്‍ വന്ന ഈ എഫ്.ഐ.ആറില്‍, ഈ സ്ത്രീയുടെ ഭര്‍തൃഗൃഹത്തില്‍ പാത്രങ്ങള്‍ കഴുകല്‍, വസ്ത്രം അലക്കല്‍, തൂത്തുവാരല്‍ തുടങ്ങിയ ജോലികള്‍ ചെയ്യാന്‍ വേലക്കാരി ഉണ്ടായിരുന്നോ എന്ന കാര്യവും പരാമര്‍ശിക്കുന്നില്ല,” കോടതി നിരീക്ഷിച്ചു.

2019ല്‍ ഡിസംബറില്‍ വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞത് മുതല്‍ തന്നെ ഒരു വീട്ടുജോലിക്കാരിയോടെന്ന പോലെയാണ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്നോട് പെരുമാറുന്നതെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. പുതിയ കാറ് വാങ്ങുന്നതിന് വേണ്ടി ഭര്‍തൃ വീട്ടുകാര്‍ തന്നോട് നാല് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ഇത് നല്‍കാന്‍ തന്റെ പിതാവ് തയ്യാറാകാതിരുന്നതോടെ ഭര്‍ത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും യുവതി ആരോപിക്കുന്നുണ്ട്.

എന്നാല്‍ യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് തന്റെ അമ്മക്കും സഹോദരിക്കുമൊപ്പം കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഭര്‍ത്താവിന് അനുകൂലമായി ബോംബെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

ഭര്‍ത്താവിനും വീട്ടുകാര്‍മെതിരായ യുവതിയുടെ ആരോപണങ്ങള്‍ കോടതി തള്ളിക്കളഞ്ഞു. എഫ്.ഐ.ആര്‍ തള്ളിക്കളഞ്ഞതിനൊപ്പം മജിസ്‌ട്രേറ്റ് കോടതിയില്‍ പെന്‍ഡിങ്ങുള്ള ക്രിമിനല്‍ നടപടികളും കോടതി മാറ്റിവെച്ചു.

Content Highlight: Bombay HC while quashing a domestic violence case says, married woman asked to do housework is not cruelty