'കാത്തിരിക്കുന്നു'; സീതാ രാമത്തിന് ആശംസകളുമായി കങ്കണ റണാവത്ത്
Film News
'കാത്തിരിക്കുന്നു'; സീതാ രാമത്തിന് ആശംസകളുമായി കങ്കണ റണാവത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 1st September 2022, 5:48 pm

തെന്നിന്ത്യയിലെ വമ്പന്‍ വിജയത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്റെ സീതാ രാമം ഹിന്ദിയിലും റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബര്‍ രണ്ടിനാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പ്രദര്‍ശനത്തിന് എത്തുക. പെന്‍ സ്റ്റുഡിയോസ് ആണ് ഹിന്ദി തിയേറ്റര്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ദുല്‍ഖര്‍ തന്നെയാണ് ഹിന്ദിയുള്‍പ്പെടെ എല്ലാ വേര്‍ഷനുകളിലും ഡബ്ബ് ചെയ്തിരുന്നത്.

ചിത്രത്തിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് താരം ആശംസകള്‍ നേര്‍ന്നത്.

മികച്ച പെര്‍ഫോമന്‍സിന് മൃണാള്‍ താക്കൂറിനും വമ്പന്‍ വിജയത്തിന് സീതാ രാമം ടീമിനും ആശംസകള്‍. ഹിന്ദിയില്‍ കാണാനായി കാത്തിരിക്കുന്നു,’ എന്നാണ് കങ്കണ കുറിച്ചത്.

ഹനു രാഘവപുടി സംവിധാനം ചെയ്ത സീതാ രാമത്തില്‍ മൃണാള്‍ താക്കൂറും രശ്മിക മന്ദാനയുമാണ് നായികമാരായത്. ആഗോളതലത്തില്‍ 75 കോടിയിലധികം കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. ദുല്‍ഖര്‍ തന്നെയാണ് വിവരം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. ‘സീതാ രാമത്തിനായി ചൊരിയുന്ന എല്ലാ സ്നേഹത്തിനും നന്ദി, എന്നാണ് കളക്ഷന്‍ വിവരം പങ്കുവച്ച് ദുല്‍ഖര്‍ കുറിച്ചത്. പതിനഞ്ച് ദിവസം കൊണ്ട് 65 കോടി ദുല്‍ഖര്‍ ചിത്രം നേടിയിരുന്നു.

സെപ്റ്റംബറില്‍ തന്നെ റിലീസ് ചെയ്യുന്ന ചുപ്; ദി റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റാണ് ദുല്‍ഖറിന്റെ പുതിയ ചിത്രം. ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Content Highlight: Bollywood star Kangana Ranaut has come out with wishes for the film sita ramam