'സ്‌നേഹം പോലെ പരിശുദ്ധം'; ഭീമയുടെ പരസ്യത്തിന് ബോളിവുഡില്‍ നിന്നും പിന്തുണ
Movie Day
'സ്‌നേഹം പോലെ പരിശുദ്ധം'; ഭീമയുടെ പരസ്യത്തിന് ബോളിവുഡില്‍ നിന്നും പിന്തുണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th April 2021, 6:29 pm

ട്രാന്‍സ് ജെന്‍ഡര്‍ ജീവിതം പശ്ചാത്തലമാക്കിയ ഭീമ ജ്വല്ലറിയുടെ പുതിയ പരസ്യത്തിന് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ പരസ്യത്തെ ഏറ്റെടുത്തിരിക്കുകയാണ് ബോളിവുഡ് താരങ്ങളും.

ഇന്ത്യന്‍ തിരക്കഥാകൃത്തും സംവിധായകയുമായ അലംകൃത ശ്രീവാസ്തവ, ടെലിവിഷന്‍ താരം കൃതിക കാമ്ര, ബോളിവുഡ് താരം ശ്രുതി സേത്, ടിസ്‌ക ചോപ്ര തുടങ്ങി നിരവധി പേരാണ് പരസ്യത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.

‘ ‘ഇഷ്ടപ്പെട്ടു!’ എന്നാണ് കൃതിക സോഷ്യല്‍ മീഡിയയില്‍ എഴുതിയത്. ‘ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും ശ്രദ്ധേയമായ പരസ്യമാണ് ഇത്. ഇത് മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു. ഇവര്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് നമ്മള്‍ ഇവരുടെ പക്കല്‍ നിന്നും എന്തെങ്കിലും വാങ്ങിക്കേണ്ടതുണ്ട്. അങ്ങനെ വന്നാല്‍ അവര്‍ക്ക് ഇതുപോലെയുള്ളു കൂടുതല്‍ പരസ്യങ്ങള്‍ ഇറക്കാന്‍ അത് പ്രചോദനമാകും,’ എന്നാണ് ശ്രുതി സേത് ട്വിറ്ററില്‍ പങ്കുവെച്ചത്.

അതേസമയം ‘സ്‌നേഹം പോലെ പരിശുദ്ധം’ എന്നാണ് അലംകൃത ട്വീറ്റ് ചെയ്തത്.

യഥാര്‍ത്ഥ ട്രാന്‍സ് വുമണ്‍ ആയ മീര സങ്കിയയാണ് ഭീമയുടെ പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്. പരസ്യത്തിന് പിന്തുണ അര്‍പ്പിച്ച് നടി പാര്‍വ്വതി തിരുവോത്തും രംഗത്തെത്തിയിരുന്നു.

സ്നേഹം പോലെ പരിശുദ്ധമെന്ന ടാഗ്ലൈനോടെയാണ് പരസ്യം പുറത്തിറങ്ങിയത്. പെണ്ണായാല്‍ പൊന്നുവേണം എന്ന പരസ്യത്തില്‍ നിന്നും ഭീമ ഏറെ മുന്നോട്ട് വന്നിരിക്കുന്നുവെന്നാണ് നിരവധി പേര്‍ പരസ്യത്തിന് പിന്തുണയര്‍പ്പിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. ട്രാന്‍സ്ജെന്റര്‍ വ്യക്തികളും പരസ്യത്തിന് പിന്തുണയറിയിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു.

ഭാരത് സിക്കയാണ് പരസ്യം സംവിധാനം ചെയ്തിരിക്കുന്നത്. ദല്‍ഹിയിലെ ആനിമല്‍ എന്ന ഏജന്‍സിയാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

Content Highlight: Bollywood hails Bhima jewellery ad featuring trans protagonist