നടിമാരൊന്നും സെക്‌സിനെ കുറിച്ച് പറഞ്ഞുകേട്ട് ആളുകള്‍ക്ക് പരിചയമില്ല; വിമര്‍ശനങ്ങളോട് പ്രതികരിച്ച് കരീന കപൂര്‍
Entertainment
നടിമാരൊന്നും സെക്‌സിനെ കുറിച്ച് പറഞ്ഞുകേട്ട് ആളുകള്‍ക്ക് പരിചയമില്ല; വിമര്‍ശനങ്ങളോട് പ്രതികരിച്ച് കരീന കപൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 15th August 2021, 5:05 pm

സെക്‌സിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന വികലമായ ധാരണകളെ കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി കരീന കപൂര്‍. നടിയുടെ ‘കരീന കപൂര്‍ ഖാന്‍സ് പ്രെഗനന്‍സി ബൈബിള്‍’ എന്ന പുതിയ പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കരീന.

ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ലൈംഗികബന്ധത്തോട് സ്ത്രീകള്‍ക്ക് തോന്നുന്ന വ്യത്യസ്ത വികാരങ്ങളെ കുറിച്ച് കരീന പുസ്തകത്തില്‍ പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് കരീന മറുപടി നല്‍കി.

‘സെക്‌സിനെ കുറിച്ച് സംസാരിക്കാന്‍ പ്രത്യേകിച്ച് ധൈര്യമൊന്നും വേണ്ട. ഇതും ഒരു ദൈനംദിന കാര്യമാണ്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നാണ് ലൈംഗികബന്ധം. ഒരു സ്ത്രീയെ ബാധിക്കുന്ന കാര്യം തന്നെയാണല്ലോ സെക്‌സ്,’ കരീന പറഞ്ഞു.

ഗര്‍ഭിണിയായിരിക്കുന്ന ഒരു സ്ത്രീക്ക് ഒരുപക്ഷെ സെക്‌സ് വേണമെന്നേ തോന്നില്ലായിരിക്കാം. അങ്ങനെ ഒരു താല്‍പര്യമില്ലായിരിക്കാം. അല്ലെങ്കില്‍ സ്വന്തം ശരീരത്തോട് പോലും ഇഷ്ടം തോന്നാത്ത സമയമായിരിക്കാം അതെന്നും കരീന പറയുന്നു.

‘ഒരു കുഞ്ഞിനെ പ്രസവിക്കുന്നതിന് മുന്‍പ് ഒരു സ്ത്രീ കടന്നുപോകുന്ന ഘട്ടങ്ങളാണിത്. മുഖ്യധാരയിലുള്ള അഭിനേതാക്കള്‍ ഇതേക്കുറിച്ച് സംസാരിക്കുന്നതൊന്നും ആളുകള്‍ക്ക് കേട്ടുപരിചയമില്ല. പിന്നെ, മുഖ്യധാരയിലെ നടിമാരെ ഗര്‍ഭിണികളായും ആളുകള്‍ മുന്‍പ് കണ്ടിട്ടില്ലല്ലോ,’ കരീന പറഞ്ഞു.

കരീനയുടെ പുസ്തകത്തില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ കടന്നുപോകുന്ന നിരവധി ശാരീരിക-മാനസിക പ്രശ്‌നങ്ങളെ കുറിച്ചും അവസ്ഥകളെ കുറിച്ചും സംസാരിച്ചിരുന്നു. സ്‌പോട്ടിങ്ങ്, മുലപ്പാലില്ലാത്ത അവസ്ഥ എന്നിവയെ കുറിച്ചെല്ലാം നടി തുറന്നു സംസാരിക്കുന്നുണ്ട്.

ഈ പുസ്തകം ആത്മകഥയല്ലെന്നും താന്‍ രണ്ട് തവണ ഗര്‍ഭിണിയായപ്പോള്‍ അനുഭവിച്ച വിവിധ കാര്യങ്ങളെ കുറിച്ചുള്ള വിശദമായ വിവരണമാണെന്നുമാണ് കരീന പറയുന്നത്.

ഫെഡറേഷന്‍ ഓഫ് ഒബ്‌സ്ട്രിക് ആന്റ് ഗൈനക്കോളജിക്കല്‍ സൊസൈറ്റീസ് ഓഫ് ഇന്ത്യ(എഫ്.ഒ.ജി.എസ്.ഐ) പുസ്തകത്തിന് അംഗീകാരം നല്‍കിയതില്‍ ഏറെ സന്തോഷമുണ്ടെന്നും അമ്മയാകാന്‍ പോകുന്നവര്‍ക്ക് ഈ പുസ്തകം ഉപകാരപ്രദമാകുമെന്നുമാണ് താന്‍ കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, രണ്ടാമത്തെ മകനായ ജഹാംഗീര്‍ അലി ഖാന്റെ ജനനവുമായി ബന്ധപ്പെട്ട ചെറിയ ഇടവേളയെടുത്ത കരീന ഉടന്‍ തന്നെ സിനിമയില്‍ തിരിച്ചെത്തും.

ആമിര്‍ ഖാന്‍ കേന്ദ്ര കഥാപാത്രമാകുന്ന ലാല്‍ സിംഗ് ചദ്ദയാണ് കരീനയുടെ ഇറങ്ങാനുള്ള ചിത്രം. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന തക്ത് എന്ന ചിത്രത്തില്‍ മുഗള്‍ രാജകുമാരിയായ ജഹംഗാര ബീഗത്തെയാണ് നടി അവതരിപ്പിക്കുക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Bollywood actress Kareena Kapoor about sex during pregnancy