Administrator
Administrator
എനിക്കറിയാവുന്ന ഏറ്റവും സുന്ദരിയായ സ്ത്രീ ഹേമ : ധര്‍മേന്ദ്ര
Administrator
Wednesday 19th October 2011 9:49am

സിനിമയിലെത്തി വിജയകരമായ 50 വര്‍ഷങ്ങള്‍ ധര്‍മേന്ദ്ര പൂര്‍ത്തിയാക്കി കഴിഞ്ഞു. 75വര്‍ഷത്തെ ജീവിതത്തിനുള്ളില്‍ 250ലധികം സിനിമകള്‍ ചെയ്തു. പക്ഷെ താനിപ്പോഴും ഒരു കുട്ടിയാണെന്നാണ് നടന്‍ പറയുന്നത്.

ഭാര്യ ഹേമമാലിനി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ധര്‍മേന്ദ്ര വീണ്ടും ബോളിവുഡില്‍ നിറയുകയാണ്. ടെല്‍ മീ ഒ ഗുധ എന്ന ചിത്രത്തില്‍ മകള്‍ ഇഷ ഡിയോളും അച്ഛനൊപ്പമുണ്ട്.

തന്റെ ഇത്രയും കാലത്തെ ജീവിതത്തെക്കുറിച്ചും സിനിമയുണ്ടാക്കിയ കുടുംബത്തെക്കുറിച്ചും, സ്വപ്‌നങ്ങളെക്കുറിച്ചും ധര്‍മേന്ദ്ര പറയുന്നു.

സണ്ണിക്കും ബോബിക്കും ഒപ്പം നിങ്ങള്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ടെല്‍ മീ ഓ ഗുധയിലൂടെ മകള്‍ ഇഷയ്‌ക്കൊപ്പം വെള്ളിത്തിരയിലെത്തുകയാണ്. നിങ്ങള്‍ സന്തുഷ്ടമാണോ?

തീര്‍ച്ചയായും. ഞാന്‍ വളരെയധികം സന്തോഷവാനാണ്. കുടുംബാംഗങ്ങളുടെ കൂടെ ജോലിചെയ്യുക എന്നത് നല്ലതാണ്. ചിത്രത്തിന്റെ തിരക്കഥ എനിക്ക് ഒരുപാടിഷ്ടപ്പെട്ടു. ടെല്‍ മീ ഒ ഗുധാ താന്യ എന്ന നോവലിസ്റ്റിന്റെ കഥയാണ് പറയുന്നത്. ഒരു കാമുകി കൂടിയായ താന്യ നല്ലൊരു കുടുംബജീവിതം നയിക്കുകയാണ്. എന്നാല്‍ താനൊരു ദത്തുപുത്രിയാണെന്നറിയുന്നതോടുകൂടി അവളുടെ ജീവിതം മാറി മറിയുന്നു. തന്റെ യഥാര്‍ത്ഥ അച്ഛനമ്മമാരെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ അവള്‍ വീട് വിടുന്നു. ബാല്യകാല സുഹൃത്തും കാമുകനും അവള്‍ക്കൊപ്പമുണ്ട്. ഏറെ വൈകാരികവും, സാഹസികവും, രസകരവുമായ ഒരു യാത്രയാണത്.

ചിത്രത്തിലെ നിങ്ങളുടെ കഥാപാത്രം?

ഗോവയിലെ ഡോണായ ആന്റണിയെന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. അധോലോകത്തെ കിരീടം വയ്ക്കാത്ത രാജാവാണ് ആന്റണി. യുവാവായിരുന്ന കാലത്ത് ഒരു പെണ്‍കുട്ടിയെ ആന്റണി പ്രണയിക്കുകയും പിന്നീട് അവളാല്‍ ചതിക്കപ്പെടുകയും ചെയ്തിരുന്നു. ചില പ്രത്യേക സാഹചര്യത്തില്‍ ആന്റണി താന്യയെയും, അവളുടെ സുഹൃത്തുക്കളെയും കണ്ടുമുട്ടുന്നു. താന്യയുടെ ധൈര്യത്തിലും കഴിവിലും ഉദ്ദേശശുദ്ധയിലും ആകൃഷ്ണനായ ഡോണ്‍ അവളുടെ രക്ഷിതാക്കളെ കണ്ടെത്താന്‍ സഹായിക്കുന്നു.

വളരെ വ്യത്യസ്തമായ ഒരു ലുക്കിലാണ് ചിത്രത്തില്‍ ഞാന്‍ പ്രത്യക്ഷപ്പെടുന്നത്. ഇഷയാണ് ഈലുക്ക് സജസ്റ്റ് ചെയ്ത് തന്നത്. കടുക്കനണിയാനും സൈഡ്‌സ് ലോക്ക് നിലനിര്‍ത്താനും അവളാണ് പറഞ്ഞത്.

പ്രതീക്ഷച്ചതുപോലെ ഇഷയുടെ കരിയര്‍ ഷെയ്പ് ചെയ്യാന്‍ സാധിച്ചില്ലല്ലോ…

നല്ല കഴിവുള്ള നടിയും സുന്ദരിയായ പെണ്‍കുട്ടിയുമാണവള്‍. ഈ മേഖലയിലെത്തുന്ന എല്ലാവരും ഇതുപോലൊരു ഘട്ടത്തിലൂടെ കടന്നുപോകുന്നവരാണ്. അതില്‍ ആശങ്കപ്പെടാനൊന്നുമില്ല. വളരെ ആസ്വദിച്ചാണ് ഞാനവളോടൊപ്പം ജോലി ചെയ്തത്. ആത്മവിശ്വാസമുള്ള കലാകാരിയെ എനിക്കവളില്‍ കാണാന്‍ കഴിഞ്ഞു.

ഞാന്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പല അപകടകരമായ സ്റ്റണ്ട് സീനുകളും ചെയ്തിട്ടുണ്ട്. എങ്കില്‍പോലും ഇഷ സ്റ്റണ്ട് ചെയ്യുമ്പോള്‍ എനിക്ക് ചെറിയ ആശങ്കയുണ്ടാവാറുണ്ട്. ഈ ചിത്രത്തിന്റെ കഠിന പരിശ്രമം തന്നെയാണ് അവള്‍ നടത്തിയിട്ടുള്ളത്.

ഇളയമകള്‍ അഹാനയെക്കുറിച്ച്?

അവളൊരു മാലാഖയാണ്. നിരവധി സ്വപ്‌നങ്ങളുണ്ടവള്‍ക്ക്. വളരെ സിമ്പിളും ദയാലുവുമാണ്. ചിലപ്പോള്‍ എന്റെ അമ്മയെ ഞാന്‍ അവളില്‍ കാണാറുണ്ട്. അവള്‍ക്ക് നിരവധി പ്ലാനുകളുണ്ട്. എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം.

ആദ്യഭാരയിലുള്ള മക്കളായ വിജേതയെയും അജേതയെയും കുറിച്ച് അധികമൊന്നും പറയാറില്ലല്ലോ?

ഇല്ല. അത് ഞങ്ങളുടെ സ്വകാര്യതയായതിനാല്‍ ഞാന്‍ അവരെക്കുറിച്ച് മാധ്യമങ്ങളോട് അധികമൊന്നും പറഞ്ഞിട്ടില്ല. എന്റെ സ്വകാര്യജീവിതം ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടാന്‍ എനിക്ക് താല്‍പര്യമില്ല. ആഘോഷങ്ങളുണ്ടായിരുന്നെങ്കിലും അവരുടെ വിവാഹം ഞങ്ങളുടെ മാത്രം കാര്യമായി. എന്റെ കുടുംബത്തിന്റെ കാര്യത്തില്‍ സ്വകാര്യത ഞാനെപ്പോഴും സൂക്ഷിക്കാറുണ്ട്. എന്റെ അമ്മ മരിച്ചശേഷം ഞാന്‍ പിറന്നനാള്‍ ആഘോഷിച്ചിട്ടില്ല.

അച്ഛനെന്ന നിലയില്‍ എങ്ങനെ വിലയിരുത്തുന്നു?

എന്റെ കുട്ടികള്‍ക്കിടയില്‍ യാതൊരു വേര്‍തിരിവും ഞാന്‍ കാണിച്ചിട്ടില്ല. എല്ലാവരെയും എനിക്കിഷ്ടമാണ്.

നിങ്ങള്‍ നല്ല അച്ചടക്കമുള്ള അച്ഛനായിരുന്നു. നിങ്ങളുടെ അച്ഛന്‍ എങ്ങനെയായിരുന്നു?

എന്നെക്കാള്‍ സ്ട്രിക്ട് ആയിരുന്നു എന്റെ അച്ഛന്‍. അതാണ് എന്നെ ഞാനാക്കി മാറ്റിയത്. കുട്ടിക്കാലത്തെ ഒരു അനുഭവം പറയാം. ഒരിക്കല്‍ അച്ഛന്റെ അടുത്ത് കിടക്കണമെന്ന് ഞാന്‍ അമ്മയോട് പറഞ്ഞു. അമ്മ എന്നെ അച്ഛന്റെ തൊട്ടടുത്ത് കിടത്തി. എന്നെ കെട്ടിപ്പിടിച്ച് കൊണ്ട് അച്ഛന്‍ എന്നോട് മാത്തമാറ്റിക്കല്‍ ടേബിള്‍ പറയാന്‍ പറഞ്ഞു. ഞാന്‍ പേടിച്ചുപോയി. എന്നെ ഇവിടെ നിന്ന് കൊണ്ടുപോകൂ എന്ന രീതിയില്‍ ഞാന്‍ അമ്മയെ നോക്കി (ചിരിക്കുന്നു)

ഒരു അച്ഛന് മകനോടുള്ള അടുപ്പം പറഞ്ഞറയിക്കാനാവാത്തതാണ്. ഒരു അച്ഛന്‍ മകന് നല്‍കുന്ന സ്‌നേഹം മറ്റാര്‍ക്കും നല്‍കാനാവില്ല. അമ്മയെപ്പോഴും മകനെ സംരക്ഷിക്കും. എന്നാല്‍ അച്ഛന്‍ മകനെ ഓര്‍ത്ത് ആശങ്കപ്പെടുകയാണ് ചെയ്യുക.

എന്റെ അച്ഛന്‍ ഒരു സ്‌ക്കൂള്‍ മാഷായിരുന്നു. എനിക്ക് ഒരു നടനാകണമെന്ന് ഞാന്‍ അമ്മയോട് പറഞ്ഞപ്പോള്‍ അമ്മയ്‌ക്കൊരു ഞെട്ടലായിരുന്നു. എനിക്ക് സിനിമയോടായിരുന്നു ക്രെയ്‌സ്. എനിക്ക് സിനിമയോട് എത്രത്തോളം താല്‍പര്യമുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അമ്മ എന്നെ പിന്തുണയ്ക്കാന്‍ തുടങ്ങി. മുംബൈയിലെ സംവിധായകര്‍ക്ക് അപേക്ഷ അയക്കാന്‍ അവരെന്നോട് പറഞ്ഞു. ഒരു നടനാകാന്‍ അപേക്ഷ അയച്ചാല്‍ മതിയെന്നായിരുന്നു അവരുടെ ധാരണ.

അവരുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. ഞാനൊരു നടനായി. ഫിലിം ഫെയര്‍മാഗസിന്‍ നടത്തിയ ടാലന്റ് ടെസ്റ്റില്‍ ഞാന്‍ വിജയിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഞാന്‍ സ്‌ക്രീന്‍ ടെസ്റ്റിനുവേണ്ടി ഷോട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. പിന്നെ തിരഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.


ഒരു പെണ്‍ ഡയറക്ടര്‍ക്കൊപ്പം ആദ്യമായല്ലേ വര്‍ക്ക് ചെയ്യുന്നത്?

അതെ. ഒരു പെണ്‍ ഡയറക്ടര്‍ക്കൊപ്പമുള്ള എന്റെ ആദ്യ ചിത്രമാണിത്. ഇന്ന് പുരുഷന്‍മാര്‍ക്ക് എത്താത്തത്ര ഉയരത്തില്‍ സ്ത്രീകള്‍ എത്തിയിരിക്കുകയാണ്. ഹേമമാലിനി വളരെ ബുദ്ധിമതിയാണ്. ഒരു നടിയെന്ന നിലയിലുള്ള അവരുടെ അനുഭവം നല്ലൊരു സംവിധായകയാക്കി അവരെ മാറ്റിയിട്ടുണ്ട്. എല്ലാറ്റിനെക്കുറിച്ചും അവര്‍ക്ക് നല്ല കാഴ്ചപ്പാടുണ്ട്. തന്റെ സിനിമ എങ്ങനെയായിരിക്കണം എന്നത് ഹേമയ്ക്ക് നന്നായി അറിയാം. നമ്മള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത ആശയങ്ങളുമായാണ് അവള്‍ മുന്നോട്ടുവരാറുള്ളത്.

അവരോടൊപ്പമുള്ള ജീവിതയാത്ര എങ്ങനെയുണ്ടായിരുന്നു?

ഞങ്ങളൊരുമിച്ചുളള മനോഹരമായ യാത്രയാണത്. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ പലതും ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടിയവയാണ്. താരദമ്പതിമാരില്‍ ബെസ്റ്റ് ലവ്ഡ് എന്ന സ്ഥാനം ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ക്കിടയില്‍ നല്ലൊരു കെമിസ്ട്രിയുണ്ട്.

അവളോടൊപ്പം വര്‍ക്ക് ചെയ്തത് എല്ലായ്‌പ്പോഴും ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. എനിക്കറിയാവുന്നതില്‍ ഏറ്റവും സുന്ദരിയായ സ്ത്രീയാണവള്‍. അവളെ ഞാനേറെ ബഹുമാനിക്കുന്നു.

75 വയസായി. എന്നിട്ടും ഒരു കുട്ടിയാണെന്നാണ് തോന്നിപ്പിക്കുന്നത്?

യുവാവായിരിക്കുന്ന സമയത്ത് തന്നെ ഞാന്‍ വളരെ ആക്ടീവാണ്. എല്ലാവരെയും പോലും മരത്തില്‍ കയറാനും, കബഡി കളിക്കാനും എനിക്കും ഉത്സാഹമായിരുന്നു. എന്നെക്കാള്‍ മുതിര്‍ന്നവരോടാണ് ഞാന്‍ കളിക്കാറുള്ളത്. എപ്പോഴും നല്ല ധൈര്യം സൂക്ഷിച്ചിരുന്നു. ഉള്ളില്‍ ഞാനെപ്പോഴും യുവാവാണ്. അത് എന്റെ മുഖത്തും പ്രതിഫലിക്കുന്നു. അത്രമാത്രം.

നിങ്ങളിലെ കുട്ടിത്തമാണോ ഇപ്പോഴും മുന്നോട്ടുകൊണ്ടുപോകുന്നത്?

അതെ. ഞാനിന്ന് എത്തിച്ചേര്‍ന്നിരിക്കുന്നിടത്തേക്ക് എത്ര സഞ്ചരിച്ചു എന്ന് എന്നെ ഓര്‍മ്മിക്കുന്നത് എന്നിലെ കുട്ടിയാണ്. ഒരു അച്ഛന്‍ തന്നെ നവജാതശിശുവിനെ ലാളിക്കും പോലെ ഞാനെന്റെ മക്കളെ ഇപ്പോഴും കയ്യിലെടുത്ത് ലാളിക്കാറുണ്ട്. ഇന്ന് വരെ ഞാനൊരു നടനാണെന്ന തോന്നല്‍ എനിക്കുണ്ടായിട്ടില്ല. ഞാനെല്ലാവരെയും ഇഷ്ടപ്പെടുന്നു. എനിക്ക് കഴിയുന്നിടത്തോളം കാലം ആ ഇഷ്ടം മുന്നോട്ടുകൊണ്ടുപോകാന്‍ ആഗ്രഹമുണ്ട്.

ഹീമാനായാണ് നിങ്ങള്‍ ആളുകള്‍ക്കിടയില്‍ അറിയപ്പെടുന്നത്. നിങ്ങള്‍ എത്രത്തോളം റൊമാന്റിക്കാണ്?

ഞാന്‍ വളരെയധികം റൊമാന്റിക്കാണ്. ഒരു ഹീമാന്‍ എപ്പോഴും ശക്തനായിരിക്കും അയാള്‍ക്ക് റൊമാന്റിക്കാവാന്‍ കഴിയില്ലെന്നാണ് പലരുടേയും ധാരണ. ഒരു ഹീമാന്‍ റൊമാന്റിക്കായാല്‍ അയാളെക്കാള്‍ നന്നായി മറ്റാര്‍ക്കും ചെയ്യാനാവില്ല.

സിനിമയെ എങ്ങനെ ഡിഫൈന്‍ ചെയ്യുന്നു?

സിനിമ എപ്പോഴും എന്റെ പാഷനാണ്. അതിനെ ഞാന്‍ പ്രണയിച്ചുകൊണ്ടേയിരിക്കും. എന്റെ പ്രേക്ഷകരുമായി എന്നെ അടുപ്പിക്കുന്ന മാധ്യമമാണ് സിനിമ. 99% ആളുകളും ഇന്നൊരു നടനാകണമെന്ന സ്വപ്‌നം കാണുന്നവരാണ്. പക്ഷെ തനിക്ക് തെറ്റുപറ്റിയില്ലെന്ന് ആര്‍ക്കൊക്കെ പറയാന്‍ കഴിയുമോ? എന്റെ കഠിനാദ്ധ്വാനങ്ങള്‍ക്ക് ദൈവം ഫലം തന്നതില്‍ എനിക്ക് നന്ദിയുണ്ട്. ഇന്ന് ഞാന്‍ വിജയിക്കുകയും ചെയ്തു.

ജീവിതത്തിന്റെ എന്തെങ്കിലും തിരുത്തിയെഴുതാന്‍ ആഗ്രഹമുണ്ടോ?

ഒരു നടനെന്ന നിലയില്‍ ഞാന്‍ സംതൃപ്തനല്ല. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ഇനിയും ഒരുപാട് ചെയ്യണമെന്നാണ് ആഗ്രഹം. എന്റെ ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ എനിക്ക് തോന്നാറുണ്ട് പല വേഷങ്ങളും എനിക്ക് കുറേക്കൂടി നന്നായി ചെയ്യാമായിരുന്നെന്ന്.

ഓരോ സമയവും ക്യാമറയ്ക്കു മുന്നിലെത്തുമ്പോള്‍ എന്ത് തരം ത്രില്ലാണ് തോന്നാറുള്ളത്?

എനിക്കറിയില്ല. ഒരു നടനെന്ന നിലയില്‍ ഞാന്‍ 100%വും സമര്‍പ്പിക്കുകയാണ്. സാത്യകത്തിലെ സത്യപ്രിയയാവാനും, ഷോലെയിലെ വിരുയാവാനും എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഈ ഒരു ജീവിതത്തിനിടയില്‍ ഞാനൊരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഒരു പാട് ജീവിതങ്ങള്‍ ജീവിച്ചു.

നിരവധി നടന്‍മാര്‍ക്ക് പ്രചോദനമാകാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ആരാണ് നിങ്ങള്‍ക്ക് പ്രചോദനമായത്?

ഗുരുദത്തും, ബിമല്‍ റോയിയുമാണ് എന്നെ ടാലന്റ് ടെസ്റ്റില്‍ ഷോട്ട് ലിസ്റ്റ് ചെയ്തത്. ഞാന്‍ കടപ്പെട്ടിരിക്കുന്നത് അവരോടാണ്. ഞാനിന്ന് എന്തൊക്കെയായിട്ടുണ്ടോ അതിനെല്ലാം കാരണക്കാര്‍ അവരാണ്.

കുട്ടിക്കാലത്ത് ദിലീപ്കുമാറായിരുന്നു എന്റെ മാതൃക. അദ്ദേഹം ചെയ്തതുപോലുള്ള ചിത്രങ്ങള്‍ ചെയ്യാനായിരുന്നു എനിക്ക് ആഗ്രഹം. ജെയിംസ് ഡീന്റെ ശൈലിയും എനിക്കിഷ്ടമായിരുന്നു.

സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ?

പല കാര്യങ്ങളും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ ഒരു സംവിധായകനാകണമെന്ന് തോന്നിയിട്ടില്ല. വളരെ ബുദ്ധിമുട്ടേറിയ പണിയാണത്. ഒരു നടനെന്ന രീതിയില്‍ സീരിയസാവാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്.

കടപ്പാട്: റെഡിഫ്. കോം

Advertisement