ഓറഞ്ച് ക്യാപ്പിനും പര്‍പ്പിള്‍ ക്യാപ്പിനും പുതിയ അവകാശിയെത്തുന്നു; രാജസ്ഥാന്‍ റോയല്‍സിലേക്ക് ഇതാ മറ്റൊരു സൂപ്പര്‍ താരം
IPL
ഓറഞ്ച് ക്യാപ്പിനും പര്‍പ്പിള്‍ ക്യാപ്പിനും പുതിയ അവകാശിയെത്തുന്നു; രാജസ്ഥാന്‍ റോയല്‍സിലേക്ക് ഇതാ മറ്റൊരു സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 23rd May 2022, 10:53 pm

ഐ.പി.എല്ലിന്റെ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് യോഗ്യത നേടിയതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിനെ തേടി അടുത്ത സന്തോഷ വാര്‍ത്തയെത്തിയിരിക്കുകയാണ്. അടുത്ത സീസണില്‍ മറ്റൊരു സൂപ്പര്‍ താരം കൂടി ടീമിനൊപ്പമുണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാനാണ് രാജസ്ഥാന്‍ റോയല്‍സിലേക്കെത്തുന്നത്. അടുത്ത സീസണ് മുന്നോടിയായാണ് താരം ടീമിനൊപ്പം ചേരുക.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐ.പി.എല്ലിനോടനുബന്ധിച്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സും അമീര്‍ ഖാനും ചേര്‍ന്ന് അടുത്ത സീസണില്‍ താന്‍ ആര്‍ക്കൊപ്പം കളിക്കണമെന്ന് ആരാധകരോട് ചോദിച്ചിരുന്നു.

ഇതിന്റെ ഭാഗമായി രാജസ്ഥാന്‍ തങ്ങളുടെ ടീമില്‍ കളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് റോയല്‍സ് ട്വിറ്ററില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ആമിറിന്റെ ഐക്കോണിക് ചിത്രമായ ലഗാനില്‍ നിന്നുള്ള ചിത്രത്തിനൊപ്പം ‘ആമിര്‍ ഖേലേഗേ’ എന്ന കുറിപ്പോടെയായിരുന്നു അദ്ദേഹത്തിന്റെ ചിത്രം പങ്കുവെച്ചത്.

 

ഇതിന് പിന്നാലെയാണ് ആമിര്‍ തന്റെ പ്രതികരണവുമായെത്തിയത്. അടുത്ത വര്‍ഷം താന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഡഗ് ഔട്ടില്‍ ഉണ്ടാകുമെന്നും അടുത്ത സീസണില്‍ താന്‍ രാജസ്ഥാന് വേണ്ടി കളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘എന്നെ വിശ്വസിച്ചതിനും നിങ്ങളുടെ പ്ലെയിംഗ് ഇലവനില്‍ സ്ഥാനം നല്‍കിയതിനും നന്ദി രാജസ്ഥാന്‍ റോയല്‍സ്. നിങ്ങളുടെ ടീം ഈ വര്‍ഷം തന്നെ ശക്തരാണ്. ഇനി ഞാന്‍ കൂടി നിങ്ങള്‍ക്കൊപ്പം ചേരുമ്പോള്‍ നമ്മള്‍ അജയ്യരാവും.

ഓറഞ്ച് ക്യാപ്പിനായി മത്സരിക്കുന്ന ജോസ് ബട്‌ലറും പര്‍പ്പിള്‍ ക്യാപ്പിനായി പന്തെറിയുന്ന ചഹലും നിങ്ങള്‍ക്കൊപ്പമുണ്ട്. എന്നാല്‍ ഞാന്‍ ഓള്‍ റൗണ്ടറാണ്, ഞാന്‍ ടീമിനൊപ്പമുണ്ടായാല്‍ രണ്ട് ക്യാപ്പും ഞാനിങ്ങെടുക്കും. രണ്ട് പേര്‍ക്കും അവരുടെ റെക്കോഡ് നഷ്ടമാവുകയും ചെയ്യും.

അതുകൊണ്ടുതന്നെ അടുത്ത വര്‍ഷം ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടാവുകയും നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യുകയും ചെയ്യും. നമ്മള്‍ ഉറക്കെ ഹല്ലാ ബോല്‍ മുഴക്കും. പ്ലേ ഓഫില്‍ കടന്നതിന്റെ എല്ലാ ആശംസകളും,’ ആമിര്‍ പറയുന്നു.

കഴിഞ്ഞ ആഴ്ച സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ നിന്നും ആമിര്‍ ക്രിക്കറ്റ് കളിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചിരുന്നു. വീഡിയോയില്‍ തനിക്കും ഐ.പി.എല്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്നും തന്നെ കളിപ്പിക്കാന്‍ അനുവദിക്കുമോ എന്ന് ആമിര്‍ രവി ശാസ്ത്രിയോട് ചോദിച്ചിരുന്നു.

എന്നാല്‍ താരം തന്റെ ഫൂട്‌വര്‍ക്കില്‍ ഇനിയും മെച്ചപ്പെടാനുണ്ടെന്നായിരുന്നു ശാസ്ത്രിയുടെ പരിഹാസം.

എന്നാല്‍ ഇതിന് പിന്നാലെ #AamirInMyTeam എന്ന ഹാഷ്ടാഗ് ട്രെന്റിംഗാവുകയും ടീമുകളുടെ ആരാധകര്‍ തങ്ങളുടെ ടീമില്‍ ചേരുമോ എന്ന് ചോദിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് രാജസ്ഥാന്‍ റോയല്‍സ് ആമീറിന് പിന്നാലെയെത്തിയത്.

Content highlight: Bollywood actor Aamir Khan Joins Rajasthan Royals