'ശവപ്പെട്ടിക്ക് പകരം എട്ട് പത്ത് ആളുകളെ കയറ്റാം'; നവീന്റെ മൃതദേഹം കൊണ്ടുവരുന്നതിനെ കുറിച്ചുള്ള ചോദ്യത്തോട് ബി.ജെ.പി എം.എല്‍.എ
India
'ശവപ്പെട്ടിക്ക് പകരം എട്ട് പത്ത് ആളുകളെ കയറ്റാം'; നവീന്റെ മൃതദേഹം കൊണ്ടുവരുന്നതിനെ കുറിച്ചുള്ള ചോദ്യത്തോട് ബി.ജെ.പി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th March 2022, 2:01 pm

ബെംഗളൂരു: ഉക്രൈനില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡയുടെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുവരുന്നതും കാത്ത് കുടുംബം കഴിയുന്നതിനിടെ നീചമായ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ.

‘വിമാനത്തില്‍ ഒരു മൃതദേഹം കൊണ്ടുവരണമെങ്കില്‍ കൂടുതല്‍ സ്ഥലം വേണ്ടി വരുമെന്നായിരുന്നു എം.എല്‍.എയുടെ പരാമര്‍ശം. ഒരു ശവപ്പെട്ടിക്ക് പകരം എട്ട് മുതല്‍ 10 വരെ ആളുകള്‍ക്ക് വിമാനത്തില്‍ കയറാമെന്നായിരുന്നു എം.എല്‍.എ പറഞ്ഞത്.

കര്‍ണാടകയിലെ ഹുബ്ലി-ധാര്‍വാഡ് നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബി.ജെ.പി എം.എല്‍.എ അരവിന്ദ് ബെല്ലാഡിന്റേതായിരുന്നു പരാമര്‍ശം.

നവീന്റെ മൃതദേഹം ജന്മനാടായ ഹാവേരിയിലേക്ക് എപ്പോള്‍ കൊണ്ടുവരുമെന്ന അനിശ്ചിതത്വം തുടരുന്നതിനിടെയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ബി.ജെ.പി എം.എല്‍.എയുടെ ഈ മറുപടി.

‘നവീന്റെ മൃതദേഹം തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഉക്രൈന്‍ ഒരു യുദ്ധമേഖലയാണ്, എല്ലാവര്‍ക്കും അതിനെക്കുറിച്ച് അറിയാം. ശ്രമങ്ങള്‍ നടക്കുന്നുണ്ട്, കഴിയുമെങ്കില്‍ മൃതദേഹം തിരികെ കൊണ്ടുവരും,’ എന്നായിരുന്നു ബെല്ലാഡ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

‘ജീവിച്ചിരിക്കുന്നവരെ തിരികെ കൊണ്ടുവരുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മരിച്ചവരെ തിരികെ കൊണ്ടുവരുന്നത് അതിലും ബുദ്ധിമുട്ടാണ്, കാരണം ഒരു മൃതദേഹം വിമാനത്തില്‍ കൊണ്ടുവരാന്‍ കൂടുതല്‍ സ്ഥലം വേണം. മൃതദേഹത്തിന് പകരം എട്ട് മുതല്‍ പത്ത് വരെ ആളുകളെ കൊണ്ടുവരാം. അതൊക്കെയാണ് വെല്ലുവിളി’ ബി.ജെ.പി നേതാവ് പറഞ്ഞു.

അതേസമയം നവീനെ അവസാനമായി ഒരുനോക്കു കാണാന്‍ കാത്തിരിക്കുന്ന കുടുംബത്തിന്റെ മാനസികാവസ്ഥ പോലും പരിഗണിക്കാതെയുള്ള എം.എല്‍.എയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനമുയരുന്നുണ്ട്.

രണ്ട് ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി നവീന്റെ പിതാവ് ശേഖരപ്പ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മകന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഖാര്‍കീവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ മെഡിസിന്‍ പഠിക്കുകയായിരുന്ന നവീന്‍ (21) സര്‍ക്കാര്‍ കെട്ടിടത്തിന് നേരെയുണ്ടായ റഷ്യന്‍ ഷെല്ലാക്രമണത്തിലാണ് കൊല്ലപ്പെടുന്നത്. സാധനങ്ങള്‍ വാങ്ങിക്കാനായി പലചരക്ക് കടയ്ക്ക് മുന്‍പില്‍ ക്യൂ നില്‍ക്കുകയായിരുന്നു നവീന്‍.

മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഒരു ബങ്കറില്‍ താമസിച്ചിരുന്ന നവീന്‍ ചൊവ്വാഴ്ച അതിര്‍ത്തിയിലേക്ക് ട്രെയിന്‍ കയറുന്നതിന് മുമ്പ് ഭക്ഷണം വാങ്ങിക്കാനായി ഇറങ്ങിയതായിരുന്നു.

Content Highlight: Body Takes Up More Space In Flight, bjp mla on killed student