വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളിയെ കാണാതായി
Accident
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളിയെ കാണാതായി
ന്യൂസ് ഡെസ്‌ക്
Wednesday, 14th August 2019, 9:05 am

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ തൊഴിലാളിയെ തോണി മറഞ്ഞ് കാണാതായി. ഇന്നലെ വൈകുന്നേരം 5 മണിയോടെ വിഴിഞ്ഞം ഭാഗത്ത് നിന്നും മീന്‍പിടുത്തത്തിന് പോയ 4 പേരില്‍ ഒരാളെയാണ് കാണാതായത്. വിഴിഞ്ഞം സ്വദേശി അബ്ദുള്‍ റഹ്മാനാണ് അപകടത്തില്‍പ്പെട്ടത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തന്നെ അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ട് അപകടത്തില്‍പെട്ട് ലാസര്‍ തോമസ്, റോക്കി ബഞ്ചിനോസ് എന്നീ രണ്ട് തൊഴിലാളികള്‍ മരിച്ചിരുന്നു. പ്രതികൂല കാലവസ്ഥയില്‍ അപകടത്തില്‍ പെടുകയായിരുന്നു.

ആഗസ്റ്റ് 15 വരെ സംസ്ഥാനത്ത് കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആഗസ്റ്റ് 15 വരെ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ മധ്യ, തെക്ക് അറബിക്കടലില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാന്‍ സാധ്യത ഉണ്ട്.

സംസ്ഥാനത്ത് ഇന്ന് ന്യൂനമര്‍ദം നേരിയതോതില്‍ ശക്തി പ്രാപിക്കുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. മലപ്പുറത്തും കോഴിക്കോട്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ഇവിടെ 24 മണിക്കൂറിനുള്ളില്‍ 204 മില്ലീമീറ്ററില്‍ കൂടുതല്‍ മഴപെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്.

ഓഗസ്റ്റ് 17-നു ശേഷം മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. എറണാകുളം ജില്ലയില്‍ ബുധനാഴ്ചയും മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.