ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
ബോളിവുഡ് നടിയെ വിമാനത്തില്‍ വച്ച് അപമാനിച്ച സംഭവം: പ്രതിയ്ക്കെതിരെ പോക്സോ ചുമത്തി
ന്യൂസ് ഡെസ്‌ക്
Monday 11th December 2017 9:34am

 

മുംബൈ: ബോളിവുഡിലെ യുവനടി സൈറ വസീമിനെ വിമാനയാത്രയ്ക്കിടെ അപമാനിച്ച് സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടി. മുംബൈ സ്വദേശിയായ സച്ച് ദേവ് വികാസിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരില്‍ 354-ാം വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. നടിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ന്യൂദല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനയാത്രയില്‍ വച്ചാണ് സൈറയെ അപമാനിക്കാന്‍ ഇയാള്‍ ശ്രമിച്ചത്. സാമൂഹിക മാധ്യമങ്ങള്‍ വഴി ഈ വിവരം സൈറ പങ്കുവച്ചിരുന്നു.

വിമാനയാത്രക്കിടയില്‍ പിന്‍ സീറ്റിലിരുന്നയാള്‍ കാലുകള്‍കൊണ്ട് ശരീരത്തിലുരസുകയായിരുന്നു. വെളിച്ചമില്ലാത്തതിനാല്‍ എകദേശം 15 മിനിട്ടോളം ഇയാള്‍ ഇത് തുടര്‍ന്നുവെന്നും അവര്‍ പറഞ്ഞു. വിമാന ജോലിക്കാര്‍ ആരും തന്നെ സഹായത്തിനായി എത്തിയില്ല എന്നും സൈറ പറഞ്ഞു. തുടര്‍ന്ന വിമാനമിറങ്ങിയതോടെ സാമൂഹിക മാധ്യമങ്ങളില്‍ അവര്‍ സംഭവത്തെ പറ്റിയുള്ള വീഡിയോ പോസ്റ്റ് ചെയ്തു. തുടര്‍ന്ന് ഉടന്‍ തന്നെ മഹാരാഷ്ട്ര വനിതാകമ്മീഷനും, ദേശീയ വനിതാ കമ്മീഷനും സംഭവത്തില്‍ ഇടപെട്ടു.

എന്നാല്‍ വിമാനം ഇറങ്ങാന്‍ തുടങ്ങിയപ്പോഴാണ് നടി പരാതിയുമായി എത്തിയത്. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതുകൊണ്ടാണ് ജീവനക്കാര്‍ക്ക് സഹായിക്കാന്‍ കഴിയാതിരുന്നതെന്ന് വിമാനക്കമ്പനി അധികൃതര്‍ പറഞ്ഞു.

Advertisement