Administrator
Administrator
നമ്മുടെ സംസ്‌ക്കാരവും വേഷവും
Administrator
Friday 16th December 2011 10:20am


എസ്സേയ്‌സ് / ബി.എം സുഹറ

കേരളം മുന്നേറ്റത്തിന്റെ പാതയിലാണ്. വിദ്യാഭ്യാസമേഖലയിലും ശാസ്ത്ര സാങ്കേതിക രംഗത്തും അത്ഭുതകരമായ മാറ്റങ്ങളാണ് നിത്യേനയെന്നോണം സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാക്ഷരതയുടെ കാര്യത്തിലും മറ്റ് സംസ്ഥാനത്തെ അപേക്ഷിച്ച് കേരളം ഏറെ മുന്നിലാണ്. തൊഴിലെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് സാമാന്യം ഭേദപ്പെട്ട കൂലിയും കേരളത്തിലുണ്ട്. എന്നിട്ടും ഇവിടുത്തെ ജനങ്ങള്‍ അസംപ്തൃതരാണ്.

പണത്തോടും ആഡംബരത്തോടുമൊക്കെയുള്ള അമിതമായ മോഹം മനുഷ്യരെ അഴിമതിയിലേക്കും മോഹഭംഗങ്ങളിലേക്കും കൂപ്പുകുത്തിച്ചുകൊണ്ടിരിക്കുകയാണ്. വേഷത്തിലും ഭാവത്തിലും അടിമുടി പരിഷ്‌ക്കാരിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ മനസ്സുകള്‍ വളരെ ഇടുങ്ങിയതാണല്ലോ എന്ന് അവരുമായി ഇടപഴകുമ്പോള്‍ നിരാശ തോന്നാറുണ്ട്.

ജാതിമത ചിന്തകള്‍ക്ക് അതീതരാണെന്ന് ഭാവിക്കുന്നവരുടെ ഉള്ളില്‍ പോലും ജാതിചിന്തയുടെ അതിപ്രസരമാണ് കാണാന്‍ കഴിയുന്നത്. പുരോഗമനവാദികളെന്ന് സ്വയം വാദിക്കുന്നവര്‍ ജാതിയുടെയും മതത്തിന്റേയും പേരില്‍ സത്യാന്വേഷണം നടത്തുന്നതു കണ്ട് അത്ഭുതപ്പെട്ടുപോയ സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. വേഷം കൊണ്ടും ഭാവം കൊണ്ടും തങ്ങളുടെ ജാതി പ്രകടിപ്പിക്കുന്നവര്‍ക്കേ സ്വന്തം സമുദായത്തില്‍ നിലനില്‍പ്പുള്ളൂ എന്ന ചിന്ത ജനങ്ങളെ അസ്വസ്ഥരും അസംപ്തൃപ്തരാക്കുന്നു. അതുകൊണ്ട് വിവിധ മതങ്ങളിലും ജാതികളിലും പെട്ടവര്‍ വസ്ത്രധാരണത്തിലൂടെ, ആചാരങ്ങളിലൂടെ, സമൂഹത്തേയും സമുദായത്തേയും ബോധ്യപ്പെടുത്താന്‍ നിര്‍ബന്ധിതരാവുകയാണ്. ഇതിനായി അവര്‍ ആധുനികതയെ കൂട്ടുപിടിക്കുന്നു.

കാലത്തിനനുസരിച്ച് കോലംകെട്ടണമെന്നാണ് പഴഞ്ചൊല്ലെങ്കിലും ആധുനികതയുടെ പേരില്‍ കോമാളി വേഷം കെട്ടുന്നവര്‍ ആണായാലും പെണ്ണായാലും കാണികള്‍ക്ക് പഴഞ്ചൊല്ലിലെ പതിരുകളാണ്. വസ്ത്രധാരണം അവരവരുടെ വ്യക്തിപരമായ കാര്യമാണ്, മൗലികാവകാശമാണ്. അഭിപ്രായസ്വാതന്ത്ര്യമുള്ളപോലെ ഏതൊരുവ്യക്തിക്കും അവനവന്റെ ഇഷ്ടത്തിനൊത്ത് വേഷം ധരിക്കുവാനുളള സ്വാതന്ത്ര്യവുമുണ്ട് എന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. എന്നാല്‍ മറ്റുള്ളവര്‍ക്ക് അരോചകമല്ലാത്ത വേഷം ധരിക്കുക എന്നത് നമ്മുടെ നാട്ടില്‍ പണ്ടുമുതലേ മാന്യതയുടെയും സംസ്‌ക്കാരത്തിന്റെയും അടയാളമായിട്ടാണ് കാണാറുള്ളത്. ഇന്നും അതെ.

പര്‍ദ്ദ പരിഷ്‌കൃത ഇസ്ലാമിക വേഷമാണെന്ന് പ്രചരിപ്പിക്കുകയും കച്ചവടവല്‍ക്കരിക്കുകയും സ്ത്രീസൗന്ദര്യം പ്രകടിപ്പിക്കുന്ന തരത്തിലുള്ള പര്‍ദ്ദകള്‍ മാര്‍ക്കറ്റില്‍ സുലഭമാവുകയും ചെയ്തതോടെ അതുകൊണ്ടുദ്ദേശിച്ച കാര്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു

ഒരാളെ ഒറ്റ നോട്ടത്തില്‍ വിലയിരുത്തുന്നത് വേഷവിധാനത്തിലൂടെയാണ്. മറ്റുള്ളവരെ തൃപ്തിപ്പെടുത്താനാണ് വേഷം ധരിക്കുന്നത് എന്നല്ല ഇതിനര്‍ത്ഥം. സ്ത്രീകള്‍ അണിഞ്ഞൊരുങ്ങുന്നത് പുരുഷന്‍മാരെ ആകര്‍ഷിക്കാനും വശീകരിക്കാനുമാണെന്ന ചിന്താഗതി പണ്ടുമുതലേ നമ്മുടെ നാട്ടില്‍ നിലവിലുള്ളതാണ്. അത് തിരുത്തിക്കുറിക്കാന്‍ ഇന്നും നമുക്ക് സാധിച്ചിട്ടില്ല. വസ്ത്രധാരണം വ്യക്തിത്വത്തിന്റെ പ്രകടനം കൂടിയാണ്. മാന്യമായ വേഷം ഏതൊരാളുടേയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നതില്‍ എതിരഭിപ്രായമുണ്ടെന്നു തോന്നുന്നില്ല. അവര്‍ക്കിണങ്ങുന്ന, നഗ്‌നത പ്രകടിപ്പിക്കാത്ത വേഷമാണ് മാന്യമായ വേഷം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

അതതുനാടുകളിലെ കാലാവസ്ഥയ്ക്കനുയോജ്യമായ വേഷവിധാനങ്ങളാണ് പണ്ടുമുതലേ ലോകമെമ്പാടും നിലവിലുള്ളത്. കാലാനുചിതമായ മാറ്റങ്ങളുണ്ടാവുക സ്വാഭാവികം. കേരളത്തിലെ കാലാവസ്ഥയ്ക്കനുയോജ്യമായ വേഷമാണ് മലയാളികള്‍ ധരിച്ചിരുന്നത്. വിഭിന്ന മതക്കാരെ വേഷത്തിലൂടെ തിരിച്ചറിയാന്‍ സാധിച്ചിരുന്നു. ഒറ്റമുണ്ടും റൗക്കയുമായിരുന്നു കേരളത്തിലെ ഉന്നതജാതിക്കാരായ ഹിന്ദുസ്ത്രീകളുടെ വേഷം. പുറത്തിറങ്ങുമ്പോള്‍ മേല്‍മുണ്ട് പതിവായിരുന്നു. എന്നാല്‍ കീഴാള സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള അവകാശം പോലുമുണ്ടായിരുന്നില്ല.

എന്റെ കുട്ടിക്കാലത്ത് വീട്ടില്‍ മുറ്റമടിക്കാനും നെല്ലുകുത്താനും വന്നിരുന്ന മാതയും ചോയിച്ചിയും റൗക്കയിട്ടിരുന്നില്ല. മുട്ടോളമെത്തുന്ന ഒറ്റമുണ്ട്മാത്രമുടുത്തിട്ടാണ് അവരുടെ സഞ്ചാരം. അന്ന് ഗ്രാമത്തിലുള്ളവരാരും അവരോട് അശ്ലീലം പറയുകയോ മോശമായി പ്രവര്‍ത്തിക്കുകയോ പതിവില്ലായിരുന്നു. കാച്ചിയും പെങ്കുപ്പായവും തട്ടവുമായിരുന്നു മുസ്ലീം സ്ത്രീകളുടെ വേഷം. വീട്ടിലാകുമ്പോള്‍ തട്ടം തലയില്‍ ചുറ്റിക്കെട്ടുകയാണ് പതിവെങ്കില്‍ പുറത്തിറങ്ങുമ്പോള്‍ തട്ടം കൊണ്ട് അവരും മാറുമറയ്ക്കും.

അടുത്ത പേജില്‍ തുടരുന്നു

Advertisement