Administrator
Administrator
പാക് മണ്ണിലെ കേരളാ സോഷ്യലിസ്റ്റ്
Administrator
Tuesday 16th August 2011 8:03am

റഫീഖ് മൊയ്തീന്‍

ഞാനൊരിക്കലും രാഷ്ട്രീയത്തില്‍ ഹിതകരമല്ലാത്തത് ചെയ്തിട്ടില്ല, കാരണം ഞാനൊരു മലയാളിയാണ്. പറയുന്നത് കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ നേതാവല്ല. ‘കേരള സോഷ്യലിസ്റ്റ്’ എന്ന് സക്ഷാല്‍ സുള്‍ഫിക്കര്‍ അലി ഭൂട്ടോ വിളിച്ച ബിയ്യാത്തില്‍ മുഹ്‌യുദ്ധീന്‍ കുട്ടി എന്ന ബി. എം. കുട്ടി. പാകിസ്ഥാനിലെ പ്രമുഖ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനും ഇന്ത്യാ-പാക് അനുരഞ്ജനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത ആക്ടിവിസ്റ്റുമാണ് ഇദ്ദേഹം.

പരമ്പരാഗത കോട്ടണ്‍ മുണ്ടും ഖാദി കുര്‍ത്തയുമണിഞ്ഞ് എണ്‍പത് വയസ്സിലും ചുറുചുറുക്കോടെ ഇരിക്കുന്ന ബി. എം. കുട്ടിയെ കണ്ടാല്‍ ആര്‍ക്കും ഒറ്റ നോട്ടത്തില്‍ മനസ്സിലാകും ഇദ്ദേഹം ഒരു മലയാളിയാണെന്ന്. തന്റെ ആത്മകഥാംശമുള്ള പുസ്തകത്തിന്റെ പ്രകാശനമുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയിരുന്നു അദ്ദേഹം. മലപ്പുറത്തെ തിരൂരില്‍ ജനിച്ച ഇദ്ദേഹം അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1950ല്‍ പാകിസ്ഥാനിലേക്ക് ഒരു സുഹൃത്തിനൊപ്പം സ്വന്തം ഇഷ്ടപ്രകാരം ജോലി ആവിശ്യാര്‍ത്ഥം കുടിയേറിയതാണ്. കോഫി ഹൗസില്‍ ജോലി തേടിയ ബി. എം. കുട്ടി അക്കാലത്ത് നിരവധി കമ്പനികളില്‍ ജോലി ചെയ്തു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജയിലടക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ ജീവിതം മാറിമറിയുന്നത്. 1966ല്‍ ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി പത്രത്തില്‍ മാനേജിംഗ് എഡിറ്ററായി. ഫൈനാന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി (പാകിസ്ഥാന്‍ എക്കണോമിസ്റ്റ്) പത്രത്തില്‍ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു. പിന്നീട് ബലൂചിസ്ഥാന്‍ ഗവര്‍ണ്ണറുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സേവനമനുഷ്ടിച്ചു. പാക് ഗവണ്‍മെന്റിന്റെ നയരൂപീകരണ പദവിയിലേക്കുയര്‍ന്ന അദ്ദേഹം ദീര്‍ഘവീക്ഷണമുള്ള പ്രവര്‍ത്തികളിലൂടെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെയും പ്രശസ്തനായി.

ഇന്ത്യാ-പാക് സമാധാന സമിതിയുടെ നേതൃ നിരയിലും പ്രവര്‍ത്തിച്ചിരുന്നു ബി. എം. കുട്ടി. ഇരു രാജ്യങ്ങള്‍ക്കിടയിലുമുണ്ടായിരുന്ന സമാധാനന്തരീക്ഷം അട്ടിമറിക്കാന്‍ തീവ്രവാദികള്‍ ലക്ഷ്യമിട്ട 26/11 ലെ മൂംബൈ ഭീകരാക്രമണത്തിന് ശേഷമാണ് പാകിസ്ഥാന്‍ സമാധാന സമിതിയുടെ നേതൃത്വത്തില്‍ ബി. എം. കുട്ടി എത്തുന്നത്. ഇന്ത്യയും പാകിസ്ഥാനും നിലവിലെ അവസ്ഥയില്‍ നിന്ന് കാതലായ മാറ്റം പ്രതീക്ഷിക്കുന്ന ഇദ്ദേഹം, രാഷ്ട്രീയമായ പരിധികള്‍ക്കപ്പുറം ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഇടയില്‍ സമാധാനാന്തരീക്ഷം പുലരാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഒരാളാണ്.

ജനങ്ങളെ ഉള്‍പ്പെടുത്താതെ നിങ്ങള്‍ക്ക് ഒരു പ്രശ്‌ന പരിഹാരത്തിനും സാധ്യമല്ല

ബ്യൂറോക്രാറ്റുകളുടെ രാഷ്ട്രീയ കൂടിക്കാഴ്ചകളില്‍ ഇരു രാജ്യങ്ങളിലെയും സാധാരണക്കാരുടെ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുകയില്ലെന്ന് ബി. എം. കുട്ടി വിശ്വസിക്കുന്നു. പാകിസ്ഥാനില്‍ താമസിക്കാതെ നിങ്ങള്‍ക്ക് പാകിസ്ഥാനികളെ മനസ്സിലാകില്ല. ഇരു രാജ്യങ്ങളിലെയും പൊതുജനങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ചകളിലൂടെയും ആശയവിനിയമത്തിലൂടെയും വ്യാപാര ബന്ധങ്ങളിലൂടെയുമൊക്കെയേ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പല തെറ്റിദ്ധാരണകളും ഇല്ലാതാക്കാനാകുകയുള്ളൂ-അദ്ദേഹം പറയുന്നു. ഇരു രാജ്യങ്ങളുടെയും സൗഹൃദപരമായ പ്രശ്‌ന പരിഹാരങ്ങള്‍ക്കായി കാംപെയിനുകളും റാലികളും നടത്തുകയാണ് ബി. എം. കുട്ടി ഇപ്പോള്‍. യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികളെയാണ് ഞ്ഞങ്ങള്‍ അഭിസംബോധന ചെയ്യുന്നത്. അവരിലൂടെയാണ് പാകിസ്ഥാന്‍ ഇന്ത്യയുമായി യുദ്ധത്തിലല്ല എന്ന് അറിയിക്കേണ്ടത്. ഇരു രാജ്യങ്ങളുടെയും പ്രശ്‌ന പരിഹാരത്തില്‍ യുവത്വത്തില്‍ പ്രതീക്ഷകളര്‍പ്പിക്കുകയാണ് അദ്ദേഹം.

കറാച്ചി യൂണിവേഴ്‌സിറ്റിയും പാകിസ്ഥാന്‍ ലേബര്‍ ട്രസ്റ്റും ചേര്‍ന്ന് പ്രസിദ്ധീകരിച്ച ബി. എം. കുട്ടിയുടെ രാഷ്ട്രീയ ജീവിതം വിവരിക്കുന്ന പുസ്തകമായ Sixty Years in Self-Exile: No Regret-A political autobiography ന്റെ പ്രകാശനം നടത്തിയത് ദല്‍ഹിയിലായിരുന്നു. കഴിഞ്ഞ ആറ് ദശകങ്ങളിലായി പാകിസ്ഥാന്‍ മണ്ണില്‍ താന്‍ സാക്ഷിയായ രാഷ്ട്രീയ സംഭവ വികാസങ്ങളാണ് ഈ പുസ്തകത്തില്‍ അദ്ദേഹം വിവരിക്കുന്നത്. ബി. എം. കുട്ടിയുടെ പാകിസ്ഥാന് വേണ്ടിയുള്ള സംഭാവനകള്‍ പാകിസ്ഥാന്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരെയെത്തുന്നുണ്ട്. മുന്‍ പാക് പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയാണ് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ ബി. എം. കുട്ടിയെ ജയിലിലടച്ചത്. സുള്‍ഫിക്കര്‍ അലി ഭൂട്ടോയോടൊപ്പവും അദ്ദേഹത്തിന്റെ മകള്‍ ബേനസീര്‍ ഭൂട്ടോയോടൊത്തുമുള്ള കൂടിക്കാഴ്ചകളും അനുഭവങ്ങളും വിശദമായി തന്നെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഞാന്‍ ഒരിക്കലും ഒരു രാഷ്ട്രീയ നേതാവായിരുന്നില്ല, എന്നും രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. അത്‌കൊണ്ട് തന്നെ വലിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ രേഖപ്പെടുത്താന്‍ എനിക്ക് തടസ്സമോ പ്രയാസമോ ഉണ്ടായില്ല-തന്റെ പുസ്തകത്തെ കുറിച്ച് ബി. എം. കുട്ടി പറയുന്നു.

ബലൂചിസ്ഥാന്‍ ഗവര്‍ണ്ണറുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ബി. എം. കുട്ടിക്ക് അവിടുത്തെ ഗോത്ര സമൂഹങ്ങളുമായെല്ലാം ഊഷ്മളമായ ബന്ധമാണുള്ളത്. ക്വറ്റയിലെ ഏത് വീട്ടിലേക്കും ഏത് സമയത്തും എനിക്ക് കയറിച്ചെല്ലാം അദ്ദേഹം പറയുന്നു. കാശ്മീരിലെ ജനങ്ങളുമായുള്ള ബന്ധത്തിനാല്‍ പ്രശ്‌ന പരിഹാരത്തിനായി ഇരു കാശ്മീരികളും അദ്ദേഹത്തെ സമീപിക്കാറുണ്ട്. എനിക്ക് കാണാനാവുന്ന ഒരേ ഒരു പരിഹാരം രണ്ട് കാശ്മീരിലെയും ജനങ്ങള്‍ തമ്മിലുള്ള ഇടപഴകലും ആശയവിനിമയവും വര്‍ദ്ധിപ്പിക്കുക എന്നതാണ്. ജനങ്ങളെ ഉള്‍പ്പെടുത്താതെ നിങ്ങള്‍ക്ക് ഒരു പ്രശ്‌ന പരിഹാരത്തിനും സാധ്യമല്ല-അദ്ദേഹം അറിയുന്നു. സരസമായി ഇപ്പോളും മലയാളം സംസാരിക്കും ബി. എം. കുട്ടി. പാകിസ്ഥാന്‍ ദേശീതയെ സ്‌നേഹിക്കുമ്പോഴും ഇന്ത്യയെ പ്രത്യേക സ്‌നേഹത്തോടെ കാണുകയും കേരളത്തിനോട് മാനസികമായ അടുപ്പം സൂക്ഷിക്കുകയും ചെയ്യുന്നു അദ്ദേഹം.

Advertisement