എഡിറ്റര്‍
എഡിറ്റര്‍
ആളെകൊല്ലി ബ്ലൂവെയിന്‍ ഗെയിം നിരോധിക്കണം; നരേന്ദ്ര മോദിക്ക് പിണറായി വിജയന്റെ കത്ത്
എഡിറ്റര്‍
Saturday 12th August 2017 8:24pm

തിരുവനന്തപുരം:അത്മഹത്യക്ക്പ്രേരിപ്പിക്കുന്ന ബ്ലൂവെയ്ല്‍ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ട്  പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. കുട്ടികളെ ലക്ഷ്യം വെച്ചുള്ള ഈ ഗെയിം ഇന്ത്യയില്‍ പലയിടത്തും ജീവനുകള്‍ അപഹരിച്ചു കഴിഞ്ഞു എന്നാണ് മാധ്യമങ്ങളില്‍ നിന്നു മനസ്സിലാക്കാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗെയിം നിരോധിച്ച് ഇന്റര്‍നെറ്റില്‍ ലഭ്യമല്ലാതാക്കാന്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം,കേരള സര്‍ക്കാരും സൈബര്‍ പൊലീസും ഗെയിമിനെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാര്‍ പ്രയത്നിക്കുകയാണ്. പക്ഷെ സംസ്ഥാന സര്‍ക്കാരിന് പരിമിതികളുണ്ട് അദ്ദേഹം കത്തില്‍ പറയുന്നു.

പ്രധാനമന്ത്രിക്കയച്ച കത്തിന്റെ ഉള്ളടക്കം അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
കളിയുടെ അവസാനഘട്ടത്തില്‍ കുട്ടിയെ ആത്മഹത്യ ചെയ്യാന്‍ വെല്ലുവിളിക്കുന്നതാണ് ബ്ലൂ വെയില്‍ എന്ന ഗെയിം. ഗെയിം തുടങ്ങിയെന്ന് കരുതുന്ന റഷ്യയില്‍ ഇത്തരത്തില്‍ ഏകദേശം 100 കൗമാരക്കാരുടെ മരണത്തിന് ഈ ഗെയിം കാരണമായിട്ടുണ്ടെന്നാണ് വിവരം.


Also read ‘ബി.ജെ.പി ഹിന്ദുയിസത്തിന് തന്നെ അപമാനമാണ്’; സംഘപരിവാര്‍ അജണ്ടയ്ക്ക് വളമിടുന്ന മാധ്യമങ്ങള്‍ സ്വന്തം കുഴി തോണ്ടുകയാണെന്ന് ശശികുമാര്‍


യു.എ.ഇയിലെ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് എന്ന നിലയിലുള്ള ഒരു വാട്ട്സ്ആപ് സന്ദേശവും പുറത്തിറക്കിയിട്ടുണ്ട്. ‘ബ്ലൂ വെയ്ല്‍ എന്ന ഗെയിം നിങ്ങളുടെ കുട്ടികള്‍ കളിക്കുന്നത് കണ്ടാല്‍ തടയണമെന്നും അതിന്റെ അമ്പതാം ഘട്ടത്തില്‍ കുട്ടിയെ ആത്മഹത്യയിലേക്കാണ് ക്ഷണിക്കുന്നതെന്നും’ സന്ദേശത്തില്‍ പറയുന്നു.

കുട്ടികളുടെ മരണത്തിന് പിന്നാലെ ബ്രിട്ടനിലെ ചില സ്‌കൂളുകളില്‍ കുട്ടികള്‍ക്കും ഗെയിമിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാതിരാത്രിയില്‍ ഹൊറര്‍ സിനിമകള്‍ കാണാനാണ് ഗെയിം ആദ്യഘട്ടങ്ങളില്‍ ആവശ്യപ്പെടുക.

പിന്നീട് കൈയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെ തൊലിയിലും കുത്തി മുറിവേല്‍പ്പിക്കാനും ആവശ്യപ്പെടുന്നു. തെളിവായി ഫോട്ടോകള്‍ അയച്ചുകൊടുക്കാനും ഗെയിമില്‍ നിര്‍ദേശിക്കുന്നുണ്ട്. ഗെയിമിന്റെ അവസാന ഘട്ടത്തിലാണ് ആത്മഹത്യ ചെയ്യാന്‍ വെല്ലുവിളിക്കുന്നത്.


Also read ‘അര്‍ണാബ് നിങ്ങള്‍ ഏറ്റവും വലിയ അവസരവാദിയാണ്’;അര്‍ണബിനെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് പതിനെട്ടുകാരന്‍,വീഡിയോ കാണാം


ഇനി ഇത്തരത്തില്‍ ചെയ്തില്ലെങ്കില്‍ ഉപയോക്താവിന് ഭീഷണി സന്ദേശമാവും ലഭിക്കുക. ആകെ അമ്പത് സ്റ്റേജുകളുള്ള ഗെയിമാണ് ഇത്.നിങ്ങള്‍ ഈ ഗെയിം ഒരുവട്ടം ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നീട് ഡിലീറ്റ് ചെയ്യാന്‍ കഴിയില്ലെന്നതാണ് ഒരു കാര്യം. നിങ്ങളുടെ വിവരങ്ങള്‍ മുഴുവനും ഹാക്ക് ചെയ്യപ്പെടുകയും ചെയ്യും.

ലോകത്ത് ആദ്യമായല്ല അപകടകരമായ ഒരു ഗെയിം വാര്‍ത്തകളില്‍ നിറയുന്നത്. 2015ല്‍ ‘ചാര്‍ലി ചാര്‍ലി’ എന്ന ഗെയിമും കുട്ടികളുടെ ജീവന് ഭീഷണിയായി തന്നെയായിരുന്നു എത്തിയിരുന്നത്. പ്രേതങ്ങളുമായി സംസാരിക്കാന്‍ അവസരമൊരുക്കുന്നെന്ന അവകാശവാദത്തോടെയാണ് ഈ ഗെയിം പ്രചരിച്ചത്.

രണ്ടു പെന്‍സിലുകള്‍ വെള്ളക്കടലാസിനു പുറത്തു തിരശ്ചീനമായി തുലനം ചെയ്തു നിര്‍ത്തും. കടലാസില്‍ ശരി, തെറ്റ് എന്നിങ്ങനെയുള്ള ഉത്തരങ്ങള്‍ നേരത്തേതന്നെ എഴുതും. തുടര്‍ന്ന് ”ചാര്‍ലി”യെന്ന പ്രേതത്തോടു ചോദ്യങ്ങള്‍ ചോദിക്കും.
ചാര്‍ലിയുടെ ഉത്തരമെന്താണോ ആ ദിശയില്‍ പെന്‍സില്‍ ചലിക്കുമെന്നാണ് വിശ്വാസം. ഇന്റര്‍നെറ്റില്‍ ഈ ഗെയിം വ്യാപകമായതോടെ പല കുട്ടികളും ഇതിന് അടിമപ്പെടുകയും മാനസികമായ പ്രശ്നങ്ങള്‍ അനുഭവപ്പെടുകയും ചെയ്യുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന തുടര്‍ന്ന് ഗെയിം പിന്‍വലിക്കുകയായിരുന്നു.

Advertisement