ബി.ജെ.പിയുമായുള്ള ലയനം; ബാബുലാല്‍ മറാണ്ടിയ്ക്ക് തിരിച്ചടി; ജെ.വി.എമ്മിന്റെ രണ്ട് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും
India
ബി.ജെ.പിയുമായുള്ള ലയനം; ബാബുലാല്‍ മറാണ്ടിയ്ക്ക് തിരിച്ചടി; ജെ.വി.എമ്മിന്റെ രണ്ട് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും
ന്യൂസ് ഡെസ്‌ക്
Friday, 24th January 2020, 11:17 am

ന്യൂദല്‍ഹി: ബാബുലാല്‍ മറാണ്ടിയുടെ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (പ്രജാതാന്ത്രിക്) യുടെ മൂന്ന് എം.എല്‍.എമാരില്‍ രണ്ട് പേര്‍ വ്യാഴാഴ്ച കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പാര്‍ട്ടിയില്‍ ഭിന്നത.

ജെ.വി.എം നിയമസഭാംഗങ്ങളായ പ്രദീപ് യാദവ്, ബന്ദു ടിര്‍കി എന്നിവരായിരുന്നു കോണ്‍ഗ്രസിന്റെ ജാര്‍ഖണ്ഡ് ചുമതലയുള്ള ആര്‍.പി.എന്‍ സിങ്ങിനൊപ്പം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സന്ദര്‍ശിക്കുകയും കോണ്‍ഗ്രസില്‍ ചേരാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തത്.

മുന്‍ മുഖ്യമന്ത്രി കൂടിയായിരുന്നു ബാബുലാല്‍ മറാണ്ടി തന്റെ പാര്‍ട്ടിയെ ബി.ജെ.പിയില്‍ ലയിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മറാണ്ടിയെ നിയമസഭാ കക്ഷി നേതാവായും പ്രതിപക്ഷ നേതാവായും നിയമിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനിടയിലായിരുന്നു രണ്ട് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള നാടകീയ നീക്കം നടത്തിയത്.

ജെ.വി.എമ്മിന്റെ രണ്ട് എം.എല്‍.എമാര്‍ക്ക് ബി.ജെ.പിയില്‍ ചേരാന്‍ താല്‍പ്പര്യമില്ലെന്നും അവര്‍ ജെ.എം.എം, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളിലെ നേതാക്കളുമായി ബന്ധപ്പെട്ടിരുന്നെന്നും ഒരു കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു.

ഡിസംബര്‍ 23 ന് ജാര്‍ഖണ്ഡ് ഫലം പുറത്തുവന്നയുടന്‍ തന്നെ മറാണ്ടി ജെ.എം.എം-കോണ്‍ഗ്രസ് സഖ്യത്തിന് നിരുപാധികമായ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലാണ് ബി.ജെ.പിയുമായി ചേരാനുള്ള നീക്കങ്ങള്‍ മറാണ്ടി നടത്തിയത്.

എന്നാല്‍ രണ്ട് എം.എല്‍.എമാര്‍ കൂടി കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്ന പക്ഷം 81 അംഗ സഭയില്‍ കോണ്‍ഗ്രസിന്റെ സീറ്റ് 16 ല്‍ നിന്ന് 18 ആയി ഉയരും. ജെ.എം.എം 30 സീറ്റുകളും ബി.ജെ.പി 25 സീറ്റുകളും നേടിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വെള്ളിയാഴ്ച മന്ത്രിസഭ വിപുലീകരണത്തിന് ഒരുങ്ങിയ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഇത്തരം നീക്കങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ അത് മാറ്റിവെച്ചിരുന്നു. ജെ.വി.എമ്മിലെ രണ്ട് എം.എല്‍.എമാരില്‍ ഒരാള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2006ലാണ് ബാബുലാല്‍ മറാണ്ടി ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന മേധാവി ലക്ഷ്മണ്‍ ഗിലുവ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ബി.ജെ.പിയും ജാര്‍ഖണ്ഡില്‍ തിരിച്ചുവരവിന് ശ്രമിക്കുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ