ആടുജീവിതം കണ്ടിട്ടില്ല, തിയേറ്ററിൽ ഇരിക്കുമ്പോൾ ചെറിയ അസ്വസ്ഥത പോലും എനിക്ക് താങ്ങാൻ കഴിയില്ല: ബ്ലെസി
Entertainment
ആടുജീവിതം കണ്ടിട്ടില്ല, തിയേറ്ററിൽ ഇരിക്കുമ്പോൾ ചെറിയ അസ്വസ്ഥത പോലും എനിക്ക് താങ്ങാൻ കഴിയില്ല: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd April 2024, 8:05 pm

മലയാളികൾ ഏവരും ഒരുപോലെ കാത്തിരുന്ന ചിത്രമായിരുന്നു ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ചലച്ചിത്രാവിഷ്കാരമാണ് ആടുജീവിതം.

തിയേറ്ററിൽ എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നജീബായി വേഷമിട്ട പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ആടുജീവിതത്തിലുള്ളത്.

എന്നും മികച്ച സിനിമകൾ മാത്രം സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ബ്ലെസി. കാഴ്ച എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധായകനായി തുടക്കം കുറിച്ച ബ്ലെസി തന്മാത്ര, പളുങ്ക്, ഭ്രമരം തുടങ്ങി മികച്ച സിനിമകൾ മലയാളത്തിന് നൽകിയിട്ടുണ്ട്.

തന്റെ സിനിമകൾ ആളുകളോടൊപ്പം കാണാറില്ല എന്നാണ് ബ്ലെസി പറയുന്നത്. തന്റെ ഓർമയിൽ അങ്ങനെ ഒരു സിനിമ കണ്ടിട്ടില്ലെന്നും ആടുജീവിതവും ഇത് വരെ തിയേറ്ററിൽ ചെന്ന് കണ്ടില്ലെന്നും ബ്ലെസി പറയുന്നു.

ആടുജീവിതത്തെ കുറിച്ച് ആളുകൾ പറയുന്നത് മാത്രമേ താൻ കേട്ടിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു ബ്ലെസി.

‘ഒരുപാടാളുകൾ പറഞ്ഞ് മാത്രമേ ഞാനിത് കേട്ടുള്ളൂ. ഇത് വരെ തിയേറ്ററിൽ ചെന്ന് ഞാൻ ആടുജീവിതം കണ്ടിട്ടില്ല. ഉടനെ പോയി പടം കണ്ടാൽ എനിക്കങ്ങനെ കൃത്യമായി വിലയിരുത്താൻ പറ്റില്ല. എനിക്കവിടെ ഇരിക്കാൻ പറ്റില്ല. കാരണം അതിലുണ്ടാവുന്ന ചെറിയ അസ്വസ്ഥത പോലും എനിക്ക് ചിലപ്പോൾ താങ്ങാൻ പറ്റുന്നതിനും അപ്പുറമായിരിക്കും.

അതുകൊണ്ട് തന്നെ ഞാൻ പലപ്പോഴും പബ്ലിക്കിന്റെ കൂടെയിരുന്നു എന്റെ സിനിമ കാണാറില്ല. ഞാൻ അങ്ങനെ കണ്ടിട്ടുള്ളത് എന്റെ ഓർമയിലില്ല. കഴിഞ്ഞ പതിനൊന്ന് വർഷമായി ഞാനൊരു സിനിമ സംവിധാനം ചെയ്തിട്ട്. കളിമണ്ണാണ് ഞാൻ അവസാനമായി ചെയ്ത ചിത്രം,’ബ്ലെസി പറയുന്നു.

Content Highlight: Blessy Says That he haven’t seen Aadujeevitham yet