വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ നിര്‍ദ്ദേശിച്ചത് ആര്‍.എസ്.എസ്; വെട്ടിയത് ആര്‍.എസ്.എസുകാരനായ സംഘടനാ സെക്രട്ടറി; മുരളീധരന്‍റെ സമ്മര്‍ദം മറ്റൊരാള്‍ക്കു വേണ്ടി
KERALA BYPOLL
വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ നിര്‍ദ്ദേശിച്ചത് ആര്‍.എസ്.എസ്; വെട്ടിയത് ആര്‍.എസ്.എസുകാരനായ സംഘടനാ സെക്രട്ടറി; മുരളീധരന്‍റെ സമ്മര്‍ദം മറ്റൊരാള്‍ക്കു വേണ്ടി
ന്യൂസ് ഡെസ്‌ക്
Monday, 30th September 2019, 8:08 am

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി മുന്‍ സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന് സീറ്റ് നിഷേധിച്ചതിനു കാരണം സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷിന്റെ ഇടപെടല്‍. സന്തോഷ് ദേശീയ നേതൃത്വത്തില്‍ ചെലുത്തിയ സമ്മര്‍ദ്ദമാണ് ജില്ലാ പ്രസിഡന്റ് എസ്. സുരേഷിന് നറുക്കു വീഴാന്‍ കാരണം.

മൂന്നു സ്ഥാനാര്‍ഥികളുടെ പട്ടികയാണ് വട്ടിയൂര്‍ക്കാവിലേക്ക് ബി.ജെ.പി സംസ്ഥാന സമിതി ദേശീയ നേതൃത്വത്തിനു നല്‍കിയത്. കുമ്മനത്തെ ആര്‍.എസ്.എസാണു നാമനിര്‍ദ്ദേശം ചെയ്തത്. സുരേഷും വി.വി രാജേഷുമായിരുന്നു മറ്റു പേരുകാര്‍.

എന്നാല്‍ ദല്‍ഹിയില്‍ പേരുകളെത്തിയപ്പോള്‍ സന്തോഷ് ഇടപെടുകയും സുരേഷിനു വേണ്ടി വാദിക്കുകയുമായിരുന്നു. സന്തോഷ് തിരുവനന്തപുരത്തെത്തുമ്പോഴെല്ലാം അടുത്ത അനുയായിയായി കൂടെക്കൂട്ടിയിരുന്നതു സുരേഷിനെയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം മണ്ഡലവുമായി ബന്ധമുള്ള വി.വി രാജേഷിനു വേണ്ടി കേന്ദ്ര സഹമന്ത്രിയും മുന്‍ സംസ്ഥാനാധ്യക്ഷനുമായ വി. മുരളീധരന്‍ സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍ രാജേഷിനെ വെട്ടിയതും സന്തോഷിന്റെ ഇടപെടലാണ്.

മുരളീധരനുമായി അടുത്ത ബന്ധമാണ് സന്തോഷിനെങ്കിലും രാജേഷുമായി അതത്ര സുഖത്തിലല്ലെന്നാണ് വിലയിരുത്തല്‍. രാജേഷ് അല്ലെങ്കില്‍ കുമ്മനം മതിയെന്ന നിലപാടിലായിരുന്നു മുരളീധരന്‍. സുരേഷിന് അനുകൂലമായി മുരളീധരന്‍ ഒരു ഘട്ടത്തിലും നിന്നില്ല.

കുമ്മനം തുടര്‍ച്ചയായി മത്സരിച്ചെന്നായിരുന്നു സന്തോഷ് ദേശീയനേതൃത്വത്തെ അറിയിച്ചത്. ആര്‍.എസ്.എസുകാരനായ സന്തോഷിന്റെ ഇടപെടല്‍ കുമ്മനത്തിന്റെ പേര് നിര്‍ദ്ദേശിച്ച ആര്‍.എസ്.എസിനെപ്പോലും വെട്ടിലാക്കി. അതോടെയാണ് അവരും കുമ്മനത്തെ കൈയ്യൊഴിഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2016 ല്‍ കെ. മുരളീധരനോട് ശക്തമായ മത്സരം കാഴ്ചവെച്ച കുമ്മനത്തിന് ഇത്തവണ ജയിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ ഒ. രാജഗോപാലും സമാനമായ അഭിപ്രായം പങ്കുവെച്ചിരുന്നു.

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരുലക്ഷത്തിനടുത്ത് വോട്ടുകള്‍ക്കാണ് കുമ്മനം ശശി തരൂരിനോട് പരാജയപ്പെട്ടത്. ഒരു സ്ഥാനാര്‍ത്ഥിയെത്തന്നെ വീണ്ടും മത്സരിപ്പിക്കുന്നതില്‍ ഘടകകക്ഷിയായ ബി.ഡി.ജെ.എസിനും എതിര്‍പ്പുണ്ടായിരുന്നു.

മിസോറം ഗവര്‍ണറായിരുന്ന കുമ്മനം 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സ്ഥാനമൊഴിയുകയായിരുന്നു. തിരുവനന്തപുരത്ത് മത്സരിക്കുന്നതിനായി കുമ്മനത്തെ നേതൃത്വം തന്നെയാണു രാജിവെപ്പിച്ചത്.