സര്‍ക്കാരിനെതിരെ വലിയ പോരാട്ടം വേണ്ടി വരും, ട്രാക്ടറുകളുമായി തയ്യാറായി നില്‍ക്കുക: രാകേഷ് ടികായത്
national news
സര്‍ക്കാരിനെതിരെ വലിയ പോരാട്ടം വേണ്ടി വരും, ട്രാക്ടറുകളുമായി തയ്യാറായി നില്‍ക്കുക: രാകേഷ് ടികായത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th September 2023, 9:56 am

ന്യൂദല്‍ഹി: മറ്റൊരു വലിയ സമരത്തിന് കൂടി തയ്യാറെടുക്കാന്‍ കര്‍ഷകരോട് ആഹ്വാനം ചെയ്ത് ഭാരതീയ കിസാന്‍ യൂണിയന്‍ (ബി.കെ.യു) നേതാവ് രാകേഷ് ടികായത്. സമീന്‍ (ഭൂമി), ഫസല്‍ (വിള), നസ്ല്‍ (വിളയിനം) എന്നിവ സംരക്ഷിക്കാന്‍ കര്‍ഷകര്‍ വലിയ പ്രക്ഷോഭത്തിന് തയ്യാറായി ഇരിക്കണമെന്ന് പറഞ്ഞ ടികായത് സര്‍ക്കാര്‍ ഉറപ്പുനല്‍കിയ സൗജന്യ വൈദ്യുതി, മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയമം എന്നിവ ഉടന്‍ നടപ്പിലാക്കാനും ആവശ്യപ്പെട്ടു.

ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും കയ്യേറ്റ ഭീഷണി നേരിടുന്ന ക്ഷേത്രത്തില്‍ വെച്ച് നടത്തിയ കിസാന്‍ മഹാപഞ്ചായത്തില്‍ സംസാരിക്കവെയായിരുന്നു ടികായത് ഇക്കാര്യം ആവശ്യപ്പെട്ടത്.

‘സമരമല്ലാതെ മറ്റൊരു മാര്‍ഗവും കര്‍ഷകര്‍ക്ക് മുമ്പില്‍ ഇല്ലാതായിരിക്കുകയാണ്. ഞങ്ങളിപ്പോള്‍ സമരം ആരംഭിച്ചില്ലെങ്കില്‍ ഞങ്ങളുടെ മണ്ണും വിളയും വിളയിനവും നഷ്ടമാകും,’ ടികായത് പറഞ്ഞു.

കര്‍ഷകരുടെ പ്രാദേശിക ക്ഷേത്രങ്ങള്‍ ആര്‍.എസ്.എസും ബി.ജെ.പിയും കയ്യേറ്റം ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയ ടികായത്, ഇവിടങ്ങളില്‍ ബ്ലോക് തല യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ കര്‍ഷകരോട് ആവശ്യപ്പെട്ടു. ഇവിടുത്തെ ക്ഷേത്ര കമ്മിറ്റികളുടെ ഭാഗമാകാനും അദ്ദേഹം ആവശ്യപ്പെട്ടു.

‘ക്ഷേത്രങ്ങള്‍ മുസ്‌ലിങ്ങളില്‍ നിന്നും ഒരു തരത്തിലുമുള്ള ഭീഷണിയും നേരിടുന്നില്ല. ക്ഷേത്രങ്ങള്‍ ഭീഷണി നേരിടുന്നത് ആര്‍.എസ്.എസില്‍ നിന്നും ബി.ജെ.പിയില്‍ നിന്നുമാണ്. ആര്‍.എസ്.എസുകാര്‍ കയ്യില്‍ ലാത്തിയുമായാണ് നടക്കുന്നതെങ്കില്‍ നിങ്ങളും കയ്യില്‍ ലാത്തിയും വടിയും കൊണ്ടുനടക്കണം,’ ടികായത് പറഞ്ഞു.

2021 മുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരുടെ കാര്യത്തില്‍ ഒരു താത്പര്യവും പ്രകടിപ്പിക്കുന്നില്ലെന്ന് പറഞ്ഞ ടികായത് ഇപ്പോഴുള്ള കര്‍ഷകകൂട്ടായ്മ പൊളിക്കാന്‍ ഗൂഢാലോചനകള്‍ നടക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

‘പല ഗൂഢാലോചനകളും നടക്കുന്നുണ്ട്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ഈ സര്‍ക്കാര്‍ നമ്മളെ വിഭജിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ വലിയ പ്രക്ഷോഭം നടത്തി നമ്മുടെ പ്രത്യയശാസ്ത്രത്തെ സംരക്ഷിക്കാന്‍ പോരാടേണ്ടി വരും. നിങ്ങള്‍ ട്രാക്ടറുകളുമായി തയ്യാറായി നില്‍ക്കുക,’ ടികായത് പറഞ്ഞു.

സര്‍ക്കാര്‍ ഉഗ്യോഗസ്ഥര്‍ ആര്‍.എസ്.എസ് യോഗങ്ങളില്‍ പങ്കെടുക്കുകയാണെങ്കില്‍ കര്‍ഷകരെ പിന്തുണക്കുന്നവര്‍ കര്‍ഷകരുടെ യോഗങ്ങളിലും പങ്കെടുക്കുമെന്നും ടികായത് പറഞ്ഞു. ഇവരെ എന്തെങ്കിലും തരത്തില്‍ ലക്ഷ്യം വെക്കാനൊരുങ്ങുകയാണെങ്കില്‍ കര്‍ഷര്‍ ആര്‍.എസ്.എസ് ശാഖകളെയും ലക്ഷ്യമിടുമെന്നും ടികായത് പറഞ്ഞു.

 

ഇന്ത്യ സഖ്യത്തില്‍ പാര്‍ട്ടികള്‍ പരസ്പരം കലഹിക്കരുതെന്നും ഇത് ‘സ്വേച്ഛാധിപതിയെ കൂടുതല്‍ ശക്തനാക്കുമെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരിമ്പ് കര്‍ഷകരുടെ കുടിശിക തീര്‍ക്കാതെ യു.പി സര്‍ക്കാര്‍ കള്ളം പറയുകയാണെന്നും ടികായത് ആരോപിച്ചു.

‘മായാവതിക്ക് 40 രൂപ വര്‍ധിപ്പിക്കാന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് അയാള്‍ക്ക് (യോഗി ആദിത്യനാഥ്) അതായിക്കൂടാ? അയാള്‍ മായാവതിയെക്കാള്‍ ദുര്‍ബലനാണോ? അയാള്‍ക്ക് ഒരു അധികാരവുമില്ല, ദല്‍ഹി അവനെ തടയുന്നു,’ ടികായത് മഹാപഞ്ചായത്തില്‍ പറഞ്ഞു.

 

മിനിമം താങ്ങുവില ഉറപ്പാക്കുനുള്ള നിയമം ഉടന്‍ കൊണ്ടുവരണമെന്ന് ടികായത് ആവശ്യപ്പെട്ടു. കര്‍ഷകര്‍ അവരുടെ ഭൂമി വില്‍ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

Content highlight:  BKU leader Rakesh Tikait tells farmers to be ready for bigger agitation